സംവരണാനുകൂല്യത്തിന്റെ ചളിപ്പ് ഇല്ലാതെ സ്ത്രീക്ക് തലയെടുപ്പോടെ, ഭയപ്പാടില്ലാതെ, താന്‍പോരിമയോടെ എവിടെയെങ്കിലും നില്‍ക്കാന്‍ കഴിയുമെങ്കില്‍ അത് എഴുത്തിലാണെന്ന് തോന്നിപ്പോകുന്ന വിധം, ആശ്ചര്യപ്പെടുത്തുന്നത്ര മിടുക്കുള്ള യുവകഥാകാരികളുടെ ഒരു നിര മലയാളത്തിലുണ്ട്. പെണ്ണ് പറയുന്നു എന്ന് പുരുഷദൃഷ്ടി മൂലക്കിരുത്തുന്ന കാലം സാഹിത്യത്തിലെങ്കിലും മണ്മറഞ്ഞു എന്നു തീര്‍ച്ചയാവും "മോഹജ്വാല" എന്ന കഥാസമാഹാരം വായിക്കാനിടയായാല്‍. നാല്‍പ്പതില്‍ താഴെ പ്രായമുള്ള ഒരു കൂട്ടം എഴുത്തുകാരികളുടെ തിരഞ്ഞെടുത്ത ഈരണ്ട് കഥകള്‍ വീതമാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ബ്ലോഗിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയുടെ രണ്ടുകഥകള്‍ക്കൊപ്പം ഈ പുതിയ വിരുന്നൊന്ന് രസിച്ചുനോക്കുകയാണ് ഇവിടെ. സ്ത്രീക്ക് സങ്കോചം കൂടാതെ നിലപാടുകള്‍ വ്യക്തമാക്കാന്‍ എളുപ്പമല്ലാത്ത വിഷയങ്ങള്‍ എന്ന നിലക്ക്, പ്രണയം, ലൈംഗികത, കുടുംബം എന്ന മൂന്നു മേഖലകള്‍ക്കു മേലെ മൂല്യങ്ങളുടെ ഒരു ആടകെട്ടിയിരുന്നത് നിസ്സംശയം എടുത്തുകളയുന്നുണ്ട് കെ.ആര്‍. മീര, പ്രിയ. എ.എസ്, സിതാര, രേഖ തുടങ്ങിയവര്‍. ബ്ലോഗിലെ സ്ത്രീ സാന്നിധ്യം എഴുത്തിന്റെ ഈ നീറ്റലും പൊള്ളലും തിരിച്ചറിഞ്ഞു വരുന്നുണ്ട്.
പുരുഷകേന്ദ്രീകൃതമായ ഒരു ലാവണ്യബോധത്തിന്റെ പൊളിച്ചെഴുത്ത് ആരംഭിക്കേണ്ടത് സ്വന്തം ശരീരത്തില്‍ അടിച്ചേല്‍പ്പിക്കപെട്ട സൌന്ദര്യബോധങ്ങള്‍ തിരിച്ചറിയുകയും ആ പരിമിതികള്‍ വലിച്ചെറിയുകയും ചെയ്യുമ്പോളാവണം എന്ന് എനിക്കു കിട്ടിയ മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ കവര്‍പേജിലെ വെപ്പുമുടി ഓര്‍മ്മിപ്പികുന്നു. പ്രണയത്തിലും, കുടുംബത്തിലും, സ്വന്തം ശരീരത്തിലും കര്‍തൃത്വബോധം സ്ത്രീക്ക് ഉണ്ടാകുന്നതിന്റെ തെളിവാണ് പച്ചക്കുതിരയും പാത്തുമ്മകളും (പ്രിയ.എ.എസ്),മോഹമഞ്ഞ (കെ. ആര്‍. മീര), അഗ്നി (സിതാര എ.എസ്), ആരുടെയോ ഒരു സഖാവ്, അന്തികാട്ടുകാരി (രേഖ. കെ) എന്ന കഥകള്‍. വിലകുറഞ്ഞ ഭാഷാകസര്‍ത്തുകളും, ശൈലീനാടകങ്ങളും ഇല്ലാതെ നേരെചൊവ്വെ കഥ പറയുന്ന രീതി, ഈ എഴുത്തുകാരുടെ ലക്ഷ്യബോധം വ്യക്തമാക്കുന്നു. എഴുത്ത് ഇവിടെ നിലനില്‍പ്പിന്റെ ദുരഭിമാന പ്രശ്നമല്ല, മറിച്ച് പറയാനുള്ളത് പറയാനുള്ള സുന്ദരമായ വേദിയാകുന്നു. സാഹിത്യം എത്താകൊമ്പുകളില്‍ നിന്നറങ്ങി ജനകീയമാവുക എന്നത് പല ആഗോളപ്രതിഭാസങ്ങളെയും പോലെ മലയാളക്കരയിലും വൈകിയാണെങ്കിലും എത്തിയതാവാം! ഈയടുത്ത് ബാറ്റണ്‍ ബോസിന്റെ കഥകളുടെ പഠനം അക്കാദമിക് വേദികളില്‍ ചര്‍ച്ചാവിഷയമായത് ശ്രദ്ധിക്കുക. പുതിയ കഥാകൃത്തുകള്‍ മിക്കവാറും എഴുത്തിന്റെ നിര്‍വചിക്കപ്പെട്ട അതിര്‍വരമ്പുകള്‍ക്കുമീതേ പറവകളെപ്പോലെ പറന്നുനടക്കുന്നത് സന്തോഷം തരുന്ന കാഴ്ച്ചയാണ്.
വ്യക്തികള്‍ക്ക് കാലങ്ങളായി സമൂഹം കല്‍പ്പിച്ചുനല്‍കിയിട്ടുള്ള ബന്ധങ്ങളുടെ ചട്ടക്കൂടുകളാണ് മിക്ക കഥകളിലും വിഷയം എന്നത് ആകസ്മികതയല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.ഇതില്‍ തന്നെ ലൈംഗീകത വഹിക്കുന്ന പങ്ക് ഊഹിക്കാവുന്നതിലും അധികമാണ് എന്നതും ഈ കഥാകാരികളുടെ തുറന്നെഴുത്തിനുനേരെ മുഖംചുളിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. സര്‍ഗ്ഗപ്രക്രിയയുടെ, എന്തിന് സമൂഹനിലനില്‍പ്പിന്റെ തന്നെ പ്രമാദമായ തായ്‌വേര് ലൈംഗീകതയാണ് എന്ന് ഫ്രോയിട് തുടങ്ങി ഡെസ്മണ്ട് മോറിസ് വരെയുള്ളവര്‍ പറഞ്ഞുകഴിഞ്ഞതു കൊണ്ടായില്ല. ഒളിച്ചും പതുങ്ങിയും വെളിപ്പെട്ടിരുന്ന നിലപാടുകള്‍ കഥകളിലും എഴുത്തുകാരന്റെ ചേതനയിലും തെളിമയോടെ വന്നു നിറയുകയും വേണം. ഇത് (പെണ്‍) എഴുത്തിന്റെ മാത്രം വിഷയമല്ല. അങ്ങിനെ പെണ്ണില്‍ ഒതുങ്ങുന്ന വിഷയമല്ല ഇത് എന്നതാണ് വസ്തുത.
പച്ചക്കുതിരയും പാത്തുമ്മകളും എന്ന കഥയില്‍ പ്രണയം പെണ്‍പക്ഷത്തു നിന്ന് പുനര്‍വായിക്കപ്പെടുമ്പോള്‍ പ്രണയിനി എന്ന പരമ്പരാഗതമായ ദിവ്യസങ്കല്‍പ്പമാണ് തകര്‍ക്കപ്പെടുന്നത്. മകനാവാന്‍ പ്രായമുള്ള വ്യക്തിയോട് നായികക്ക് തോന്നുന്ന വികാരങ്ങള്‍ അവളുടെ പക്ഷത്തുനിന്നും വ്യക്തമാക്കുമ്പോള്‍ ആണിന് കേള്‍വിക്കാരന്റെ പങ്ക് മാത്രം. ലജ്ജയും ഭയവും വഴിമാറിപ്പോകുന്ന ഉള്‍കണ്ണിന്റെ കാഴ്ച്ചകള്‍ക്കുമുന്നില്‍ സദാചാരബോധത്തിന്റെ കോട്ടവാതിലുകള്‍ സുതാര്യമായിപ്പോകുന്നു. ദാമ്പത്യത്തിലെ പതിവുശ്വാസംമുട്ടലുകളില്‍ നിന്നും രക്ഷപ്പെടാന്‍ രോഗാതുരയായ കാമുകിയോടൊപ്പം
ഹോട്ടല്‍ മുറിയിലെത്തി അവളുടെ രോഗവും ഏറ്റുവാങ്ങി മരണത്തിനു കീഴടങ്ങുന്ന "മോഹമഞ്ഞ"യിലെ പുരുഷന്‍ അവള്‍ക്കൊപ്പം ഇരയായി മാറുന്നത് മറ്റൊരു കാഴ്ച. കൂട്ടബലാത്സംഗത്തിന് ഇരയാവുന്ന പെണ്‍കുട്ടി "നിങ്ങള്‍ ഒട്ടും പോരായിരുന്നു" എന്ന് അതിലൊരുത്തനോട് പറയുന്നുണ്ട് "അഗ്നി" എന്ന കഥയില്‍. തനിക്കു നേരെ അവന്‍ നീട്ടിയ കത്തി ഇരുതലമൂര്‍ച്ചയുള്ളതാണെന്ന് അവള്‍, ആ കുറുമ്പി അവനു കണിച്ചുകൊടുക്കുന്നു. കുടുംബം എന്ന വ്യവ്സ്ഥപോലെ തന്നെ സമൂഹത്തില്‍ ഓരൊ നിലയിലും വ്യവസ്ഥാപിത ചട്ടക്കൂടുകള്‍ സ്ത്രീയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത് "ആരുടെയോ ഒരു സഖാവ്(അന്തിക്കാട്ടുകാരി) എന്ന കഥയില്‍ വ്യക്തമാവുന്നു. ഇവിടെ രാഷ്ട്രീയം അഥവാ പാര്‍ട്ടി സ്വന്തമായ അച്ചടക്കവ്യവസ്ഥകളുള്ള ഒരു പുരുഷകേന്ദ്രീകൃതകുടുംബമാണ്. പെണ്ണിന്റെ സ്വന്തമായ ഇച്ഛാശക്തിക്കോ, നിലപാടുകള്‍ക്കോ അവിടെ സ്ഥാനമില്ല. ഇത്തരത്തില്‍ ബന്ധിക്കപ്പെട്ട കല്‍ത്തുറുങ്കില്‍ നിന്നും വളരെ ലാഘവത്തോടെ പാമ്പുംകോണിയും കളിച്ച് പ്രതീകാത്മകമായി സാധാരണ ജീവിതത്തിന്റെ പ്രലോഭനങ്ങളിലേക്ക് ഇറങ്ങിപ്പോവുന്നു അന്തിക്കാട്ടുകാരി.
ഈ നാലുകഥകളുടെയും പ്രമേയവും അതു കൈകാര്യം ചെയ്യപ്പെട്ട രീതിയും ഇത്രയും പറഞ്ഞത്, ബ്ലോഗിലെ ചില എഴുത്തുകാരികളുടെ ശ്രദ്ധേയമായ ചുവടുമാറ്റങ്ങള്‍ ഈ വഴിക്കു തന്നെയാണ് എന്ന് സൂചിപ്പിക്കാനും കൂടെയായിരുന്നു. സിജിയുടെ പൂതപ്പാട്ട് ഈയിടയ്ക്ക് ബ്ലോഗില്‍ വായിച്ച മികച്ച കഥകളില്‍ ഒന്നാവുന്നത് പ്രമേയത്തിലെ ഈ നവമായ സ്വാതന്ത്ര്യബോധം കഥയില്‍ വ്യക്തമായി വെളിപ്പെടുന്നതു കൊണ്ടു കൂടിയാണ്. പ്രവാസജീവിതത്തിന്റെ അന്തമില്ലാത്ത ഭീഷണീകള്‍ അമ്മയെന്നും ഭാര്യയെന്നും ഉള്ള നിലക്ക് സ്ത്രീ നേരിടുന്നതു മാത്രമല്ല പൂതപ്പാട്ടിന്റെ വിഷയം. കാലാഹരണപ്പെട്ട മാതൃസങ്കല്‍പ്പങ്ങളും, കാല്‍പ്പനീകത്യാഗവിശുദ്ധികളും സ്ത്രീക്ക് പേടിസ്വപ്നങ്ങളായിത്തീരുന്നതിന്റെ യാഥാര്‍ത്ഥ്യം സുന്ദരമായി പറഞ്ഞുവെക്കുന്നു ഈ കഥ. ഒരു വശത്ത് പൂതപ്പാട്ടിലെ കണ്ണുചൂഴ്ന്നുകൊടുത്ത അമ്മയും മറുവശത്ത് വീട്ടിലും പുറത്തും ഒരുപോലെ പറന്നുവെട്ടുന്ന സൂപ്പര്‍ അമ്മയും പാവം നായികയെ ഇരുവശത്തുനിന്നും ഗ്രസിക്കുന്നു. സ്ത്രീ ഇരയാവുന്നിടം പുരുഷനും സമൂഹവും ഇരയാകുന്നിടവും ഒന്നുതന്നെയെന്ന പുതു ലിബറല്‍ ഫെമിനിസ്റ്റ് നിലപാടാണ് പുതിയ തലമുറയിലെ എഴുത്തുകാരുമായി സിജി പങ്കിടുന്നത്.
സിജിയുടെ തന്നെ ഇര എന്ന കഥയിലും ഈ പുത്തന്‍ അവബോധം വ്യക്തമാകുന്നു.പെണ്ണ്‍ പ്രതികരിക്കുന്നത് ഇവിടെ പുരുഷനോടല്ല, സാഹചര്യത്തോടാണ്. സാഹചര്യം പുരുഷാധിപത്യത്തിന്റെ ശേഷിപ്പുകളാണ് എന്ന് അറിയാഞ്ഞല്ല. പക്ഷെ സമൂഹത്തില്‍ കൂട്ട ഉത്തരവാദിത്വമാണ് വേണ്ടത് എന്ന ബോധം അവളില്‍ ഉണ്ട്. മേലധികാരിയോട് നിസ്സഹായയായി പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോകുന്ന നായികയുടെ ബാഹ്യലോകമറിയാനിടയില്ലാത്ത പ്രതികരണം ഒരു പ്രളയത്തിന്റെ ആരംഭമാണെന്ന് പറഞ്ഞു വെക്കുന്നു കഥാകാരി. ചെളിവെള്ളത്തെ ദിശമാറ്റിയൊഴുക്കുന്ന തിരിച്ചറിവുകളുടെ പ്രളയം.
പുതിയ കാലത്തിന്റെ എഴുത്തില്‍ പെണ്ണെഴുത്ത്, ആണെഴുത്ത്,ബ്ലോഗെഴുത്ത്, പ്രിന്റ് എഴുത്ത്, ദലിത് എഴുത്ത്, ദലിതല്ലാത്തവന്റെ എഴുത്ത് ആ എഴുത്ത് ഈ എഴുത്ത് എന്നിങ്ങനെയുള്ള കുട്ടിപ്പെട്ടികളൊക്കെ എഴുതാനുള്ളവന്റെ ചിന്തയുടെ മൂര്‍ച്ചയ്ക്കു മുന്നില്‍ താഴില്ലാതെ തുറന്നുകിടക്കുന്നു എന്നതും വായനക്കാര്‍ക്ക് ആശ്വാസം തരുന്നു
Saturday, 26 April 2008
Tuesday, 22 April 2008
ഹരിതയുടെ നീര്‍മാതളം
പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കളെക്കുറിച്ച് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ കുറിച്ചതിന്റെ കൌതുകത്തോടെയാണ് ലളിതം എന്ന ബ്ലോഗിന്റെ പിന്‍ പേജുകള്‍ മറിച്ചു നോക്കിയത്. ഒരു വര്‍ഷം മുന്‍പ് (കഴിഞ്ഞ ഏപ്രില്‍ 16 ന്) പ്രസിദ്ധീകരിച്ച നീര്‍മാതളം എന്ന രചന കണ്ണില്‍ പെട്ടത് അങ്ങനെയാണ്.
മാധവിക്കുട്ടിയുടെ ജീവിതത്തെ പരാമര്‍ശിച്ച് കേരളത്തിലെ മുന്‍തലമുറയിലെ പെണ്ണെഴുത്തുകാര്‍ക്കിടയില്‍ ഉണ്ടായ ഐഡന്റിറ്റി ക്രൈസിസ് കൈകാര്യം ചെയ്യുകയാണ് ഹരിത ഈ കഥയില്‍. കഥാപാത്രവും എഴുത്താളും തമ്മിലുള്ള കലഹത്തിലൂടെ ഈ ‘ക്രൈസിസ്’ വളരെ മിഴിവോടെ അവതരിപ്പിച്ചിരിക്കുന്നു ഹരിത.
പ്രത്യക്ഷമായ കലഹങ്ങളിലൂടെയും കോലാഹലങ്ങളിലൂടെയും അന്യവല്‍ക്കരിക്കപ്പെട്ട എഴുത്തുകാരിയുടെ ‘സെല്‍ഫ്’ ആയി ഹരിതയുടെ ‘നളിനി’ മാറുമ്പോള്‍ കഥ മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കുറിച്ചുള്ള ഗൌരവമുള്ള ഒരു നിരീക്ഷണം കൂടിയാകുന്നു.
മാധവിക്കുട്ടി വളരെ വ്യക്തമായ ഒരു സാന്നിധ്യം ആകുന്നത് കഥയുടെ ശക്തി പോലെ ബലഹീനതയും ആകുന്നോ എന്ന് സംശയിക്കണം. തികച്ചും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിത്തന്നെ ഈ വിഷയം കൈകാര്യം ചെയ്യാനുള്ള കഴിവ് ഹരിതയ്ക്കുണ്ടെന്ന് മറ്റു കുറിപ്പുകള്‍ വായിച്ചാല്‍ തോന്നും. കമന്റുകള്‍ നോക്കിയപ്പോള്‍ അര്‍ഹിക്കുന്ന ശ്രദ്ധ ഈ കഥക്ക് കിട്ടിയില്ല എന്ന തോന്നലില്‍ നിന്നാണ് ഈ കഥ ഇവിടെ പരിചയപ്പെടുത്താം എന്നു വിചാരിച്ചത്. ഹരിതയുടെ പേജില്‍ പ്രതികരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.
എഡിറ്റ്: ഹരിത പ്രശസ്ത കവി പി പി രാമചന്ദ്രന്റെ മകള്‍ ആണെന്ന് ‘ലളിതം’ പേജിലെ ചില കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നു. ഹരിത എന്ന പേര്; ലളിതം എന്ന ബ്ലോഗ് തലക്കെട്ട്; പൊന്നാനി എന്ന സ്ഥലം; ആര്‍ എന്ന ഇനിഷ്യല്‍.... ഊഹിക്കാമായിരുന്നു :-))
തിരമൊഴി ബ്ലോഗിലും ഹരിതകം എന്ന കവിതാ പോര്‍ട്ടലിന്റെ നടത്തിപ്പിലുമായി പി പി ആര്‍ മലയാളം വെബ്‌ലോകത്തും നിറഞ്ഞ സാന്നിധ്യമാണെന്ന്
ഓര്‍ക്കുമല്ലോ.
വായനക്കാരോട്: എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള കലഹത്തിലൂടെ/സംവാദത്തിലൂടെ കഥ വികസിക്കുന്ന രീതി പരീക്ഷിച്ചിട്ടുള്ള നല്ല മലയാള ചെറുകഥകള്‍ വെറുതെ ഒന്നു ലിസ്റ്റ് ചെയ്തു പോകാമോ?

Subscribe to:
Posts (Atom)