Showing posts with label ജിതേന്ദ്രകുമാര്‍. Show all posts
Showing posts with label ജിതേന്ദ്രകുമാര്‍. Show all posts

Thursday, 1 May 2008

പഴയ കഥാ‍നായകന്മാര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍


*** ബ്ലോഗര്‍ ജിതേന്ദ്രകുമാര്‍ എഴുതിയ കഥ ***


(ഈ ബ്ലോഗിലെ
ആദ്യ പോസ്റ്റില്‍ മെറ്റാഫിക്ഷന്‍ എന്ന സാഹിത്യ സങ്കേതത്തെക്കുറിച്ച് ചെറിയ ചര്‍ച്ച നടന്നിരുന്നു. അക്കൂട്ടത്തില്‍ ശ്രീ ജിതേന്ദ്രകുമാര്‍ അദ്ദേഹത്തിന്റെ ശിഖരവേരുകള്‍ എന്ന കഥാസമാഹാരത്തിലെ ഒരു കഥയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ആ കഥ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു.)

Photobucket


ലക്ഷ്മണ്‍ലാല്‍ പ്യാരിലാല്‍ പണ്ഡിറ്റ്ജിയുടെ തല മുണ്ഡനം ചെയ്യണം. കണ്ണുകള്‍ കുത്തിപ്പൊട്ടിക്കണം. കഴുതപ്പുറത്തുകയറ്റി ചെരുപ്പുമാലയിട്ട് ചെണ്ടകൊട്ടി നഗരം മുഴുവന്‍ തെണ്ടിക്കണം. ഒരിറ്റുവെള്ളം കൊടുക്കാതെ കൊല്ലണം. കൊന്നുകൊണ്ടേയിരിക്കണം.

പ്രതികാരം എന്റെ സിരകളില്‍ പട്ടച്ചാരായം പോലെ കത്തിക്കയറുന്നു. ആദ്യമായാണ് ഇത്തരം വികാരങ്ങള്‍ എന്നില്‍ പൂക്കുന്നത്. ശ്രീ എം. മുകുന്ദന്റെ പേന എന്നെ പെറ്റിട്ടത്തുതന്നെ പീഡനത്തിന്റെ പടുകുഴിയിലേക്കായിരുന്നല്ലോ. അക്കഥകളൊക്കെ നിങ്ങള്‍ക്കും നന്നായറിയാം. ഒരു വയസ്സനു ദാഹജലം കൊടുത്തതിനു ഞാന്‍ എന്തെന്തു ശിക്ഷകള്‍ ഏറ്റുവാങ്ങിയില്ല! അതിനുശേഷം ഇത്രയും വര്‍ഷങ്ങള്‍ ഞാന്‍ സംസാരിക്കാതിരുന്നത് ഭീരുത്വമായി ആരും കരുതരുത്. രാക്ഷസീയമായ പീഡനം ആരെയും നിശബ്ദമാക്കും, ചിലപ്പോള്‍ വര്‍ഷങ്ങളോളം. ഒരു പ്രഷര്‍ക്കുക്കറിലെന്നപോലെ പ്രക്ഷുബ്ധമായ ചിന്തകള്‍ എന്നില്‍ നിറയുകയായിരുന്നു ഇക്കാലമത്രയും. എന്തെങ്കിലും ഉടന്‍ ചെയ്തില്ലെങ്കില്‍ അതു പൊട്ടിത്തെറിച്ചേക്കാം. മാത്രമല്ല, തല മുണ്ഡനം ചെയ്യപ്പെട്ട ജീവിതങ്ങളും ചിലകാലങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്ന് ലോകത്തിനു കാണിച്ചുകൊടുക്കുകയും വേണ്ടേ?

പക്ഷേ തനിക്കതിനു കെല്‍പ്പുണ്ടോ? കൃശഗാത്രന്‍. പേന പിടിച്ചു ശീലമുള്ള കൈകള്‍. പണ്ഡിറ്റ്ജിയാവട്ടെ, ആരോഗ്യദൃഢഗാത്രന്‍. കീഴ്പ്പെടുത്തുന്നതെങ്ങിനെ?

പീറ്ററിന്റെ പ്രതികാരം പോലെ ഇതും പാളിപ്പോകുമോ? മലയാറ്റൂരിലെ പീറ്ററിന്റെ കാര്യം തന്നെയാണു പറയുന്നത്. എന്‍.പി. മേനോനെ പുലഭ്യം പറയാന്‍ എന്തെല്ലാമോ തെറികള്‍ ഓര്‍ത്തെടുത്തതായിരുന്നു. ഒടുവില്‍ അയാള്‍ മേനോനുമൊത്ത് കള്ളുകുടിച്ച്... ഛെ...നാറി. നട്ടെല്ലില്ലാത്തവന്‍. ഒരാള്‍ക്ക് ഇത്രയ്ക്കു വിധേയത്വം ഉണ്ടായിക്കൂടാ.

പീറ്ററിനു പറ്റിയ പറ്റ് തനിക്കു പറ്റരുത്. ആരെയെങ്കിലും കൂട്ടുപിടിക്കണം. ഭഗവത്ഗീതയും ഖുറാനും ബൈബിളുമൊക്കെയായിനടക്കുന്ന പണ്ഡിറ്റ്ജിക്ക് കുറെയേറെ കൂട്ടുകാരുണ്ട്. അതുകൊണ്ടുതന്നെ ശക്തനായ ഒരു കൂട്ടാളി തനിക്കും ഉണ്ടാവണം. കീഴ്പ്പെടുത്തല്‍ പൂര്‍ണ്ണമാകുന്നിടത്താണല്ലോ പീഡനത്തിന്റെ ആരംഭം.

ഓര്‍മ്മയില്‍ ഓടിയെത്തുന്നത് ശ്രീ ആനന്ദ് പരിചയപ്പെടുത്തിയ അലിദോസ്ത് ആണ്. കൈകാലുകളില്‍ ആറു വിരലുകള്‍ വീതമുള്ള അലിദോസ്ത്...കാമറാന്റെ കണ്ണുകളിലേക്ക് അന്‍പതു തവണ സൂചിയിറക്കിയ വിരലുകള്‍. കണ്ണുകളിലെ മുറിവിലേക്ക് നാരങ്ങാ നീരും ഉപ്പും കലര്‍ത്തിയൊഴിച്ച കല്ലിന്റെ മനസ്സ്. അതെ, അലിദോസ്തു മതി. മദപ്പാടുകയറിയ എന്റെ കാലടികളില്‍ കടലാസു കിടുങ്ങി. പേജുകളോരോന്നും പിന്നിട്ട് ഞാന്‍ ധ്രുതഗതിയില്‍ നടന്നു.

അലിദോസ്തിന്റെ വാസസ്ഥലം ദൂരെനിന്നേ കാണാം. മുറ്റത്തൊരു പട്ടി ചുരുണ്ടുകിടക്കുന്നു. ശബ്ദം കേട്ട് അത് തലയുയര്‍ത്തി നോക്കി. പ്ലാസ്റ്റിക്ക് കണ്ണുള്ള ഒരു അള്‍സേഷന്‍ പട്ടി. ഇത് ടെറിയല്ലേ? ജോണ്‍ അബ്രഹാമിന്റെ... ആക്രമത്തിലും പീഡനത്തിലും വിശ്വസിക്കുന്ന അലിദോസ്തിനെന്തിനാണീ അറുബോറന്‍ പട്ടി? എന്തോ ആവട്ടെ. പട്ടിശാസ്ത്രം ചികയേണ്ട നേരമല്ലിത്. എത്രയും പെട്ടെന്നു പ്രതികാരത്തിനു വഴി ഒരുക്കണം.

ധൃതിയില്‍ അകത്തേക്കു കയറി. ഇരുണ്ട ഇടനാഴി. എന്നോ ഒച്ച മരിച്ച ഇടനാഴി! അങ്ങിങ്ങു ചില വാതിലുകള്‍ കാണാം. ആദ്യത്തെ വാതില്‍ തള്ളിത്തുറന്നു. ചത്തുകിടക്കുന്ന ഒച്ച ഞെട്ടിയെഴുന്നേറ്റു. പക്ഷേ മുറിയില്‍ ആരുമില്ല.

അടുത്ത വാതില്‍ തുറന്നപ്പോള്‍ ഒരു പക്ഷിയുടെ മണം. ഞാന്‍ അറിയാതെ വാതിലിലേക്കു നോക്കി. “ഡൈയിങ്ങ്” എന്നെഴുതിയ ബോര്‍ഡില്ല. എങ്കിലും പട്ടിയും പക്ഷിയും ഏകാന്തതയും... ഭീതിയുടെ കറുത്ത പക്ഷികള്‍ അങ്ങിങ്ങു തലകീഴായി തൂങ്ങിക്കിടക്കുന്നതു കണ്ടു.

ഞാന്‍ അവസാനത്തെ വാതിലും തള്ളിത്തുറന്നു. അകത്ത് ആരോ പുറം തിരിഞ്ഞിരിക്കുന്നു. ചുവന്ന പട്ടു പുതച്ച്.

ഞാന്‍ ശരിക്കും ഞെട്ടി. ഇപ്പോള്‍ അലിദോസ്ത് ഈ വഴി വന്നാല്‍... അള്ളാരഖയുടെ വിരലുകള്‍ തബലയിലെന്നപോലെ എന്റെ കാല്‍മുട്ടുകള്‍ തമ്മില്‍ ഇടിച്ചു. അടിവസ്ത്രത്തിനുള്ളില്‍ ചൂടുള്ള നനവ് പടര്‍ന്നു. ചുവന്ന ഷാള്‍ പുതച്ചയാള്‍ തിരിഞ്ഞുനോക്കി. അപ്പോഴാണ് എന്റെ നെഞ്ചിടിപ്പ് സാധാരണഗതിയിലായത്. അലിദോസ്തിനു പീഡനത്തിനുള്ള മൌനാനുവാദം കൊടുത്തിരിക്കുന്ന ഹുമയൂണല്ല. അലിദോസ്ത് തന്നെയാണത്. പതുക്കെ ഞാന്‍ അലിയുടെ പുറകിലെത്തി. വരവിന്റെ ഉദ്ദേശ്യം വ്യക്തമാക്കി. ഇതുവരെ ചെയ്തതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായി കൂടുതല്‍ ക്രൂരതയോടെ പണ്ഡിറ്റ്ജിയെ പീഡിപ്പിച്ച് കൊല്ലാനുള്ള ദൌത്യം അലിദോസ്തിനു നല്‍കി.

അലി ഉറക്കെയുറക്കെ ചിരിച്ചു. പിന്നെ അതിശയിച്ചുനില്‍ക്കുന്ന എന്നോടു പറഞ്ഞു.
“ഞാനാപ്പണിയൊക്കെ നിര്‍ത്തി“
“കാരണം?”
“അന്നു ഞാന്‍ ക്രൂരതയുടെ കാണപ്പെട്ട രൂപമായിരുന്നു. ഇന്നോ? ഇന്നു നിങ്ങള്‍ക്കൊക്കെ ഞാന്‍ വെറുമൊരു മനോരോഗി. ഇന്നു നിങ്ങളുടെ ഇടയില്‍ നിത്യേനയെന്നോണം നടമാടുന്ന ക്രൂരതകള്‍ കണ്ട് ഞാന്‍ പോലും നടുങ്ങിപ്പോകുന്നു. മാസങ്ങള്‍ പ്രായമുള്ള കുഞ്ഞുങ്ങളെപ്പോലും കാമപൂരണത്തിനായി... ഛെ... ഇന്നു ഞാന്‍ നിങ്ങളെ ഭയക്കുന്നു. വെറുക്കുന്നു. നിങ്ങളുടെ ക്രൂരതകളില്‍ ലജ്ജിക്കുന്നു.”

അവിടെ നിന്നിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ ഞാന്‍ പുറത്തിറങ്ങി പത്രത്തിലൂടെ നടന്നു. തല മുണ്ഡനം ചെയ്യപ്പെട്ട ജീവിതങ്ങള്‍ ഒരിക്കലും പ്രതികരിക്കില്ലേ?

പെട്ടെന്നെന്തോ കാലില്‍ത്തടഞ്ഞു ഞാന്‍ വീണു. ഒരു കുഞ്ഞുവാര്‍ത്തയാണ്.

“കൊച്ചു കുഞ്ഞിനെ പീഡിപ്പിച്ച ഒരാളെ നിഥാരിയിലെ ഗ്രാമീണര്‍ തല്ലിക്കൊന്നു. തക്ക സമയത്ത് പോലീസ് എത്തിയതിനാല്‍ ജീവനോടെ കത്തിക്കുന്നത് തടയാന്‍ കഴിഞ്ഞു”.

പകല്‍ വെളിച്ചത്തിനു കൂടുതല്‍ തിളക്കമുള്ളതുപോലെ തോന്നി. ഞാന്‍ ഉത്സാഹത്തോടെ നടന്നു.



Photobucket

(സ്വന്തം പുസ്തകത്തിന്റെ തലക്കെട്ടോടെയാണ് ജിതേന്ദ്രകുമാര്‍ ബ്ലോഗ് തുടങ്ങിയത്. അവിടെ പ്രസിദ്ധീകരിച്ച ആദ്യ കഥയും ആ സമാഹാരത്തിലേതാണ്. പരമ്പരാഗതമായ രചനാശൈലിയോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന രചനാശൈലിയാണെങ്കിലും തെരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ പുതുമയും ട്രീറ്റ്മെന്റ്റില്‍ വൈവിധ്യവും നിലനിര്‍ത്താന്‍ ജിതേന്ദ്രകുമാറിന് കഴിയുന്നു. ശിഖരവേരുകളില്‍ ഇതുവരെ നാ‍ലുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കഥ ഇവിടെ പ്രസിദ്ധീകരിക്കാന്‍ അനുവാദം തന്നതിന് ജിതേന്ദ്രകുമാറിന് നന്ദി അറിയിക്കുന്നു.

വിവിധ കഥകളിലെ കഥാപാത്രങ്ങള്‍ ഒരു പുതിയ കഥയില്‍ പരസ്പരം കണ്ടുമുട്ടുക എന്ന മെറ്റാഫിക്ഷന്‍ സങ്കേതം ആണ് പഴയ കഥാ‍നായകന്മാര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ എന്ന കഥയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ സങ്കീര്‍ണമായ മറ്റൊരുപ്രയോഗം ആനന്ദിന്റെ ‘ഗോവര്‍ധനില്‍’ നമുക്ക് പരിചയമുള്ളതാണ്. എം. മുകുന്ദന്റെ “മുണ്ഡനം ചെയ്യപ്പെട്ട ജീവിതം” ആനന്ദിന്റെ “ആറാമത്തെ വിരല്‍” മലയാറ്റൂരിന്റെ “പീറ്ററുടെ പ്രതികാരം” ജോണ്‍ എബഹാമിന്റെ “പ്ലാസ്റ്റിക് കണ്ണുള്ള അള്‍സേഷന്‍ പട്ടി” മാധവിക്കുട്ടിയുടെ “പക്ഷിയുടെ മണം” എന്നീ കഥകളിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും ഈ കഥയില്‍ പരാമര്‍ശിക്കപ്പെടുന്നു. നരേറ്ററായ ‘ഞാനും’ ആനന്ദിന്റെ കഥാപാത്രവും മാത്രമേ അവരുടെ വൈകാരികലോകത്തെ കഥയിലേക്ക് കൊണ്ടുവരുന്നുള്ളൂ. മറ്റു കഥാപാത്രകള്‍ കഥക്കുള്ള പശ്ചാത്തലത്തില്‍ വ്യതിരിക്തതയുള്ള ചില സൂചനകള്‍ നല്‍കാ‍നായി ഉപയോഗിക്കപ്പെടുന്നു.

കഥയെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കുക. ജിതേന്ദ്രന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമല്ലോ.)