Tuesday 22 April 2008

ഹരിതയുടെ നീര്‍മാതളം

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കളെക്കുറിച്ച് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ കുറിച്ചതിന്റെ കൌതുകത്തോടെയാണ് ലളിതം എന്ന ബ്ലോഗിന്റെ പിന്‍ പേജുകള്‍ മറിച്ചു നോക്കിയത്. ഒരു വര്‍ഷം മുന്‍പ് (കഴിഞ്ഞ ഏപ്രില്‍ 16 ന്) പ്രസിദ്ധീകരിച്ച നീര്‍മാതളം എന്ന രചന കണ്ണില്‍ പെട്ടത് അങ്ങനെയാണ്.

മാധവിക്കുട്ടിയുടെ ജീവിതത്തെ പരാമര്‍ശിച്ച് കേരളത്തിലെ മുന്‍‌തലമുറയിലെ പെണ്ണെഴുത്തുകാര്‍ക്കിടയില്‍ ഉണ്ടായ ഐഡന്റിറ്റി ക്രൈസിസ് കൈകാര്യം ചെയ്യുകയാണ് ഹരിത ഈ കഥയില്‍. കഥാപാത്രവും എഴുത്താളും തമ്മിലുള്ള കലഹത്തിലൂടെ ഈ ‘ക്രൈസിസ്’ വളരെ മിഴിവോടെ അവതരിപ്പിച്ചിരിക്കുന്നു ഹരിത.

പ്രത്യക്ഷമായ കലഹങ്ങളിലൂടെയും കോലാഹലങ്ങളിലൂടെയും അന്യവല്‍ക്കരിക്കപ്പെട്ട എഴുത്തുകാരിയുടെ ‘സെല്‍ഫ്’ ആയി ഹരിതയുടെ ‘നളിനി’ മാറുമ്പോള്‍ കഥ മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കുറിച്ചുള്ള ഗൌരവമുള്ള ഒരു നിരീക്ഷണം കൂടിയാകുന്നു.

മാധവിക്കുട്ടി വളരെ വ്യക്തമായ ഒരു സാന്നിധ്യം ആകുന്നത് കഥയുടെ ശക്തി പോലെ ബലഹീനതയും ആകുന്നോ എന്ന് സംശയിക്കണം. തികച്ചും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിത്തന്നെ ഈ വിഷയം കൈകാര്യം ചെയ്യാനുള്ള കഴിവ് ഹരിതയ്ക്കുണ്ടെന്ന് മറ്റു കുറിപ്പുകള്‍ വായിച്ചാല്‍ തോന്നും. കമന്റുകള്‍ നോക്കിയപ്പോള്‍ അര്‍ഹിക്കുന്ന ശ്രദ്ധ ഈ കഥക്ക് കിട്ടിയില്ല എന്ന തോന്നലില്‍ നിന്നാണ് ഈ കഥ ഇവിടെ പരിചയപ്പെടുത്താം എന്നു വിചാരിച്ചത്. ഹരിതയുടെ പേജില്‍ പ്രതികരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.


എഡിറ്റ്: ഹരിത പ്രശസ്ത കവി പി പി രാമചന്ദ്രന്റെ മകള്‍ ആണെന്ന് ‘ലളിതം’ പേജിലെ ചില കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നു. ഹരിത എന്ന പേര്; ലളിതം എന്ന ബ്ലോഗ് തലക്കെട്ട്; പൊന്നാനി എന്ന സ്ഥലം; ആര്‍ എന്ന ഇനിഷ്യല്‍.... ഊഹിക്കാമായിരുന്നു :-))

തിരമൊഴി ബ്ലോഗിലും ഹരിതകം എന്ന കവിതാ പോര്‍ട്ടലിന്റെ നടത്തിപ്പിലുമായി പി പി ആര്‍ മലയാളം വെബ്‌ലോകത്തും നിറഞ്ഞ സാന്നിധ്യമാണെന്ന്
ഓര്‍ക്കുമല്ലോ.


വായനക്കാരോട്: എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള കലഹത്തിലൂടെ/സംവാദത്തിലൂടെ കഥ വികസിക്കുന്ന രീതി പരീക്ഷിച്ചിട്ടുള്ള നല്ല മലയാള ചെറുകഥകള്‍ വെറുതെ ഒന്നു ലിസ്റ്റ് ചെയ്തു പോകാമോ?

20 comments:

ബാജി ഓടംവേലി said...

അക്ഷരത്തെറ്റിന്....
ആശംസകള്‍.....
നല്ല തുടക്കം.....
നീര്‍‌മാതളം വീണ്ടും വായനയ്‌ക്കായ് ഒരുക്കിയത് നന്നായി........
ഇതേ മാതിരി ഒളിഞ്ഞു കിടക്കുന്ന മുത്തുകള്‍ എടുത്തു കാട്ടുക.....

Inji Pennu said...

മനുവിന്റെ വായനാലിസ്റ്റില്‍ നിന്ന് ഞാന്‍ ആളെ വായിച്ചു. പരിചയപ്പെടുത്തിയതിനു നന്ദി.

G.MANU said...

aaSamsakaL

ജ്യോനവന്‍ said...

തുടക്കം ഗംഭീരം.
ഭാവുകങ്ങള്‍.

CHANTHU said...

ഇതു നല്ലൊരു ചര്‍ച്ചാ വേദിയായി മാറണം. അഭിനന്ദനങ്ങള്‍.

ഗുപ്തന്‍ said...

എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള കലഹത്തിലൂടെ കഥ വികസിക്കുന്ന രീതിയില്‍ എഴുതിയിട്ടുള്ള മറ്റു കഥകള്‍ ആര്‍ക്കെങ്കിലും പറയാമോ? സുഭാഷ് ചന്ദ്രന്റെ ഒരു കഥയില്‍ എഴുത്തുകാരനും ‘വായനക്കാരനും’ തമ്മില്‍ കലഹിക്കുന്നുണ്ട്: സതി സാമ്രാജ്യം എന്ന കഥയില്‍. ബ്ലോഗില്‍ സിമി കഥാപാത്രങ്ങളുമായി വഴക്കിടുമായിരുന്നു ഒരുസമയത്ത്.. പിന്നെ ?

വെള്ളെഴുത്ത് said...

ഇതു കൊള്ളാം. കവിതപോലെയല്ല കഥകള്‍ അതിന്റെ വലിപ്പം, ബാഹുല്യം..അതുകൊണ്ട് ആരെങ്കിലും കൊള്ളാമെന്നു പറയണം.. നീണ്ടകഥകള്‍ സ്ക്രീനില്‍ വായിക്കുന്നതിനു ബുദ്ധിമുട്ടുണ്ട് ചിലപ്പോള്‍ സൂക്ഷ്മാംശങ്ങള്‍ വിട്ടുപോയേക്കാം. കഥകളെ പരിചയപ്പെടുത്താനും സംവാദത്തിനുമായി ഒരു വേദി ഗുണം ചെയ്യും. ‘ലളിതം’ നേരത്തെ കണ്ടിട്ടുള്ളതാണ്. അഗ്രിഗേറ്ററുകള്‍ ലിസ്റ്റ് ചെയ്യാത്തതാണ് നല്ല ബ്ലോഗുകളില്‍ എത്തിപ്പെടാനുള്ള തടസ്സം. വായനാലിസ്റ്റുകളുടെ ഗുണം അതാണല്ലോ, ആരൊക്കെ കുറ്റം പറഞ്ഞാലും. എഴുത്തുകാരനും അയാള്‍ സൃഷ്ടിച്ച കഥാപാത്രവും തന്നെ കലഹിക്കണോ മറ്റേതെങ്കിലും (കൃതികളിലെ) കഥാപാത്രങ്ങളുമായുള്ള സംഭാഷണങ്ങള്‍ കണക്കിലെടുക്കുന്നില്ലേ? അങ്ങനെയാണെങ്കില്‍ ഒരു പിടി കഥകളുണ്ട്. നോക്കട്ടേ...

sree said...

എഴുതുകാരനും കഥാപാത്രവും തമ്മിലുള്ള കലഹം പ്രകടമായ ഒരു നരേറ്റീവ് റ്റെക്നിക് എന്ന നിലയില്‍ ക്ലീഷേട് ആയിക്കഴിഞ്ഞു ലോകസാഹിത്യത്തില്‍. വായനക്കാരനെ ചാക്കിട്ട് പിടിച്ചുകൊണ്ടു വരലും, കഥാപാത്രത്തെ ഓടിച്ചിട്ട് പിടിക്കലും അങ്ങനെ എത്ര സര്‍ക്കസ്സുകള്‍! (jean baudrillard ന്റെ simulacra എന്ന ആശയമാണ് ഇതിനു തുടക്കമായ കാരണങ്ങളില്‍ ഒന്ന് എന്നു തോന്നുന്നു. ലോക സാഹിത്യത്തില്‍ italo calvino ഇതിന്റെ ഉസ്താദ് ആണ്.) മലയാളത്തില്‍ ഈയിടെ വായിച്ച സുസ്മേഷ് ചന്ദ്രോത്ത് എന്ന എഴുത്തുകാരന്റെ ഒരു കഥയില്‍(പേര് ഓര്‍മ്മയില്ല) സാഹിത്യത്തില്‍ നിന്ന് ചില കഥാപാത്രങ്ങള്‍ ഇറങ്ങിവരുന്നുണ്ട്.

എഴുതുകാരന്‍തന്നെ കഥാപാത്രമാവുന്നതും താന്‍ പടച്ചുവിട്ടവരുടെ ക്രയവിക്രയങ്ങള്‍ കണ്ട് അന്തിച്ചുപോവുന്നതും ആദികാവ്യത്തില്‍ വരെ വിഷയമാവുന്നുണ്ടല്ലൊ.

ഹരിതയുടെ കഥയില്‍ ക്രാഫ്റ്റിനേക്കാള്‍ ആ വിഷയത്തിന്റെ സങ്കീര്‍ണ്ണതയാണ് ശ്രദ്ധിക്കപ്പെടേണ്ടത് എന്നു തൊന്നുന്നു. അസഹിഷ്ണുതയുടെ കാലത്ത് എഴുത്തുകാരന്റെ സുതാര്യത, അവന്റെ ദുരവസ്ഥ, ഐഡിയോളജി, മതം രാഷ്ടീയം ഒക്കെ ചേര്‍ന്ന് അവന്റെ വായ മൂടികെട്ടുന്നത്, ഒക്കെ ഇതിലും ഒതുക്കത്തോടെ പറയാന്‍ വിഷമമാണ്.

Siji vyloppilly said...

സത്യത്തില്‍ എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള കലഹം എനിക്ക്‌ ഏറ്റവും 'ബോറ്‌' തരുന്ന വായനാനുഭവമാണ്‌. ശ്രീ പറഞ്ഞതുപോലെ ഇത്‌ ഒരു ക്ലീഷേട്‌ ആയിക്കഴിഞ്ഞു, 90 ന്റെ ആരംഭത്തില്‍ ഒരു പാട്‌ കഥകള്‍ ഇത്തരം രചനാരീതിയുമായി(പ്രത്യേകിച്ചും എഴുതിത്തുടങ്ങുന്ന കോളേജുകുട്ടികളുടെ) പുറത്തു വന്നിരുന്നു .
ഹരിതയുടെ ഈ കഥ ഒരു നല്ല കഥ എന്ന ലിസ്റ്റില്‍പ്പെടുത്താന്‍ എനിക്ക്‌ കഴിയുന്നില്ല, പാളിച്ചകള്‍ ഉണ്ട്‌ പക്ഷെ ഇത്ര ചെറിയ പ്രായത്തില്‍ വ്യത്യസ്തയോടെ ഒരു വിഷയം കൈകാര്യം ചെയ്തത്‌ അഭിനന്ദിക്കാതിരിക്കാനാവില്ല.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കഥ. നല്ലൊരു കാര്യമാണ്‌ ചെയ്തത്‌. പ്രായത്തെ ചേര്‍ത്ത്‌ കാണുമ്പോള്‍ അസാധാരണമായ പ്രതിഭയാണ്‌ ഈ എഴുത്തുകാരി. [ കമണ്റ്റില്‍ ഒരു ചോദ്യം കണ്ടു. അത്തരം കഥ ഞാന്‍ വായിച്ചിട്ടില്ല. എണ്റ്റെ ഒരു കഥാ സമാഹാരം മാസങ്ങള്‍ക്കു മുമ്പ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതിലെ ആദ്യ കഥ `പഴയകഥാനായകന്‍മാര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍' എന്നാണ്‌. ഇവിടെ സ്ക്കാനര്‍ ഇല്ല. അതുഞാന്‍ പി.ഡി.എഫില്‍ അയക്കാം, നാളെ. ]നന്ദി.

ഗുപ്തന്‍ said...

വെള്ളെഴുത്തുമാഷേ

മെറ്റാഫിക്ഷനിലെ ഒട്ടുമിക്ക സങ്കേതങ്ങളും മലയാളത്തില്‍ കഥയിലും നോവലിലും വന്നിട്ടുണ്ട്. മിത്തില്‍ നിന്നോ കഥയില്‍ നിന്നോ ഉള്ള ‘ആളുകള്‍’ സമകാലീന ജീവിതത്തിലേക്ക് വരുക; പല കഥകളില്‍ നിന്നും കാലങ്ങളിലും നിന്നുള്ളവര്‍ ഒരുമിച്ചു കഥകളില്‍ പ്രത്യക്ഷപ്പെടുക; കഥാപാത്രങ്ങള്‍ എഴുത്തുകാരന്റെ വരുതിക്കപ്പുറത്തേക്ക് പോവുക ഒക്കെ. അന്‍‌വര്‍ അബ്ദുള്ളയുടേ ഡ്രാക്കുളയും ആനന്ദിന്റെ ഗോവര്‍ധനും മുകുന്ദന്റെ കേശവനും നാട്ടില്‍ നിന്ന് എന്റെ കൂടെ ഇവിടെയും എത്തിയിട്ടുണ്ട്. ഓവി വിജയനും ചില കഥകളില്‍ വളരെ സമര്‍ത്ഥമായി ചില എലമെന്റ്സ് ഉപയോഗിച്ചിട്ടുണ്ട്.

അതില്‍ നിന്നൊക്കെ മാറി അല്പം കൂടി കോമ്പ്ലക്സ് ആണ് നീര്‍മാതളത്തിലെ കരുക്കളുടെ നീക്കം. കഥയെഴുതുന്ന ആള്‍ വായനക്കാരനാണ്.വായനക്കാരന് ‘നളിനി‘യെക്കുറിച്ചുള്ള ധാരണകളോട് നിസ്സഹായയായ നളിനി കലഹിക്കുന്നു.യഥാര്‍ത്ഥത്തില്‍ കഥാകാരനോടല്ല കഥാപാത്രത്തിന്റെ കലഹം. കഥക്കുള്ളിലെ കഥാകാരനോടാണ്. അത് മലയാളത്തിലെ സാമാന്യവായനക്കാരന്‍ ആണെന്ന് നമുക്കറിയുകയും ചെയ്യാം. ഇതില്‍ നിന്നൊക്കെ മാറിയാണ് ഹരിതയുടെ -എഴുത്തുകാരിയുടെ‌- നില. ‘ഞാന്‍’ ആയി ഹരിത കഥയിലേക്ക് കയറുന്നില്ല.

സുഭാഷിന്റെ സതിസാമ്രാജ്യം ആണ് ഇത്തരത്തില്‍ എന്റെ ഓര്‍മയിലുള്ള ഒരേ ഒരു കഥ. (മലയാളം ഫിക്ഷനിലെ എന്റെ വായന നാണക്കേടുണ്ടാക്കുന്ന വിധം പരിമിതമാണ്)അതിലും ഞാനല്ലാത്ത ‘ഞാനും’ എല്ലാമറിയുന്നവനാ‍യ ‘വായനക്കാരനും’ തമ്മിലാണ് കലഹം. കഥയിലെ ഞാന്‍ സുഭാഷല്ല. വായനക്കാരന്‍ വായനക്കാരനുമല്ല; അതു സുഭാഷാണെന്ന് വന്നേക്കാം.

എഴുത്തുകാരന്‍ അല്ലാത്ത എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള കണ്‍ഫ്രണ്ടേഷനിലൂടെ കഥ വികസിക്കുന്ന മറ്റു രചനകള്‍ ഉണ്ടോ എന്നായിരുന്നു ചോദ്യം.

മാഷിന്റെ സന്ദര്‍ശനം ഒരുപാട് സന്തോഷം തരുന്നു. നിര്‍ദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.

ഗുപ്തന്‍ said...

ശ്രീക്കും സിജിക്കും

1. ഹരിതയുടെ കഥ ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും മികച്ച കഥകളില്‍ പെടില്ല. പക്ഷെ ഒരു പതിനാറുവയസ്സുകാ‍രിയുടേതായി ഞാന്‍ വായിച്ച ഏറ്റവും മികച്ച മലയാള കഥയാണത്. പലതുകൊണ്ടും. :)

2. വെള്ളെഴുത്തുമാഷിനിട്ട മറുപടി രണ്ടുപേരും ശ്രദ്ധിച്ചുവായിക്കുക. :)))

3. മെറ്റാഫിക്ഷന്‍ സങ്കേതത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. 1001 രാവുകളിലും ഡാന്റേയിലും ഒക്കെ അതിന്റെ സൂചനകള്‍ ഉണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ എഴുത്തുകാരന്‍ ലൂയിജി പിരാണ്‍ദെല്ലോയുടെ Sei Personaggi in Cerca d'Autore (Six Characters in Search of an Author) ഈ സങ്കേതം ഉപയോഗിച്ച് എഴുതിയ ആദ്യ മുഴുനീളകൃതികളില്‍ ഒന്നാണ്. ആ നാടകത്തിലെ കഥാപാത്രങ്ങള്‍ ‘കഥാപാത്രങ്ങള്‍’ ആയിത്തന്നെയാണ് കഥയില്‍ മുഴുവനും പ്രത്യക്ഷപ്പെടുന്നത്. ആനന്ദിന്റെ ഗോവര്‍ദ്ധനെപ്പോലെ.

(സിമുലേഷനുമായി ബന്ധപ്പെട്ട തിയറിക്കൊക്കെ 80 കള്‍ക്ക് അപ്പുറം പഴക്കമില്ല ശ്രീ. 1970-ല്‍ വിജയന്‍ എഴുതിയ ഈ കഥയില്‍ കഥാപാത്രം കഥാപാത്രമായി കയറിവരികയും കാഴ്ച്ചക്കാരന്റെ തെറി കേള്‍ക്കുകയും ചെയ്യുന്നുണ്ട്. :) കൊള്ളാവുന്ന സര്‍വ ആശയവും മിഷേല്‍ ഫുക്കോയുടെയും മച്ചുനന്മാരുടെയും തലയിലേക്ക് കെട്ടിവയ്ക്കണമെന്നില്ല)

4. മെറ്റാഫിക്ഷന്‍ കൃത്രിമരചനയാണ്. വായനാസുഖം കുറയും. എനിക്കും ഇഷ്ടമല്ല എഴുതാനും വായിക്കാനും. (കഥാപാത്രങ്ങള്‍ എഴുത്തുകാരന്റെ വരുതിയിലല്ല അവര്‍ക്ക് അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ട് എന്ന മെറ്റാഫിക്ഷന്‍ സൂചന എനിക്കിഷ്ടമാണ്. ‘ഫയര്‍ഡാന്‍സ്’ കഥയില്‍ ഞാന്‍ ആ സൂചന സൂക്ഷ്മമായി ഉപയോഗിച്ചിട്ടുണ്ട്. സിജിക്ക് കഥ ഫീല്‍ ചെയ്യാതെ പോയതിന്റെ കാരണങ്ങളിലൊന്നും അതാവണം :-)) കാര്യം അങ്ങനെയൊക്കെയാണെങ്കിലും ചില കഥകള്‍ പറയാന്‍ മെറ്റാഫിക്ഷന്‍ തന്നെയാണ് നല്ലത്. നീര്‍മാതളം അതിന് നല്ല ഉദാഹരണമാണ്.

5. അപ്പോ പറഞ്ഞുവന്നത് ... താമരശ്ശേരിച്ചുരം.... രണ്ടു ലലനാമണികളും കൂടി അടുത്ത പോസ്റ്റിനുള്ള മാറ്റര്‍ കണ്ടുപിടിക്കാന്‍ നോക്ക്... ഇതൊന്നു മൂവ് ആവട്ടെ :))

ഗുപ്തന്‍ said...

ജിതേന്ദ്ര വായനക്കും ഓഫറിനും നന്ദി. :) വെയിറ്റിംഗ് :p

ആദ്യം വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നുള്ള ചര്‍ച്ചകളിലും പങ്കെടുക്കുക. സ്നേഹം :)

sree said...

മനു
ഒരു കൊച്ചു പെണ്‍കുട്ടിയുടെ( എഴുത്ത് സീരിയസായിക്കാണുന്ന ഭാവി എഴുത്ത്തുകാരിയുടെ) അന്തര്‍സംഘര്‍ഷങ്ങള്‍ ആ കഥക്കുള്ളിലുണ്ട് എന്നു തന്നെയാണ് എന്റെ പക്ഷം. എഴുത്താളന്റെ വായ്മൂടപ്പെട്ട, ഉറക്കഗുളിക കൊടുത്തു മയക്കപ്പെട്ട സെല്‍ഫുമായിട്ട് കലഹിക്കുന്നത് ഒരു വായനക്കാരി മാത്രമല്ല. മാധവിക്കുട്ടി എന്ന വലിയ ഒരു പാസ്റ്റിനെ എവിടെ പ്ലേസ് ചെയ്യുമ്പോളാണ് തന്റെ വായനക്കാരന്‍ തൃപ്തനാവുക എന്ന ആശയക്കുഴപ്പം കഥയുടെ നരെഷനെന്ന പോലെതന്നെ ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണ്. സതിസാമ്രാജ്യത്തെക്കുറിച്ചു പറഞ്ഞു തന്നെയാണെന്നു തോന്നുന്നു മുന്‍ തലമുറയിലെ എഴുത്തുകാരാല്‍ ഇത്രയും ഹോണ്ടട് ആയ ഒരു യുവതലമുറ ആദ്യമായാണ് എന്നു സുഭാഷ് ചന്ദ്രന്‍ തന്നെ സുചിപ്പിക്കുന്നുണ്ട്.(മധ്യേയിങ്ങനെ..എന്നാണെന്നു തോന്നുന്നു ലേഖനത്തിന്റെ പേര്)

പിരാണ്‍ദെല്ലൊ യുടെ കാര്യം ഓര്‍മ്മിപ്പിച്ചതു നന്നായി. ഇനിയിപ്പോ മുകളില്‍ പറഞ്ഞതിന് ഹരോള്‍ഡ് ബ്ലൂം, ആന്‍സൈറ്റി ഓഫ് ഇന്‍ഫ്ലുവെന്‍സ് എന്നൊക്കെയും പറയാമായിരുന്നു എനിക്ക് ;) ഈ മച്ചുനന്മാരൊക്കെ എഴുതിവച്ചിട്ടു പോയത് നമ്മുടെ കുറ്റമാണോ..ഹൊ!

പോസ്റ്റൊക്കെ വന്നോളും..ലലനാമണികളെ വായുംനോക്കി നിക്കാതെ പോയെ...

sree said...

ഹ ഹ..മാഷേ..ക്ലാസിന്ന് പുറത്താക്കിയാല്‍ ആ പാവങ്ങള്‍ കുഴങ്ങുമല്ലോ. ഇവിടെ തങ്ങളെപറ്റി ആരൊക്കെയോ എന്തോ പറയുന്നു എന്നു കേട്ട് ഓടിവന്നതല്ലെ? അച്ഛനെ വിളിക്കണമെങ്കില്‍ കുഴങ്ങിപ്പോവും..മിനിമം എത്ര അച്ഛന്മാരെ വിളിക്കാം എന്നു പറയണം..പ്ലീസ്.

എന്നിട്ടും വായിച്ചു മറന്നതോര്‍ക്കാനോ പുതിയതൊന്നു വായിക്കാനോ ഒറ്റ തന്തക്കുപിറന്ന കഥ പോലും ഇവിടെ ആരും ലിസ്റ്റുന്നില്ലല്ലോ :(

Siji vyloppilly said...

ഉം..രാവിലെത്തന്നെ നമ്മക്കിട്ടു പണിയാന്‍ നടക്കായിരുന്നു അല്ലേ മാഷ്‌. :)

സജീവ് കടവനാട് said...

അക്ഷരതെറ്റൊന്നും കണ്ടില്ലല്ലോ?

ഗുപ്തന്‍ said...

ചര്‍ച്ചക്ക് ഗൌരവമായിട്ടെന്തെങ്കിലും പോയിന്റ് വന്നാല്‍ അതിന് മെറ്റഫറില്‍ മറുപടിപറയരുതേ എന്നൊരപേക്ഷ :)

ഒരു രചനാ ശൈലിയെ ക്ലിഷേ എന്നുവിളിക്കുന്നതാണ് ഏറ്റവും വൃത്തികെട്ട ക്ലിഷേ. ഓരോ തരത്തിലും ഉള്ള കഥപറയാന്‍ അതിനുയോജിച്ച രൂപങ്ങള്‍ -പരമ്പരാഗതമോ നവീനമോ- കണ്ടുപിടിക്കേണ്ടിവരും. പകരം ഈ സ്ട്രക്ചര്‍ കിഷേഡ് ആണ് എന്നുപറഞ്ഞ് അതിനോട് വിരക്തി പ്രഖ്യാപിക്കുന്നത് വായനക്കാരന്റെ പരിമിതിയായിട്ടേ തോന്നുന്നുള്ളൂ. എഴുത്തുകാരന്റേതല്ല. സ്ട്രക്ചറിനെ ഉപയോഗിക്കുന്ന രീതിയില്‍ നവീനത വരുത്തുന്നതിലാണ് പ്രതിഭ. സ്ട്രക്ചര്‍ ഒരു ടൂള്‍ മാത്രമാണ്. അതല്ല സൃഷ്ടി. സൃഷ്ടിയുടെ പ്രത്യേകതകൊണ്ട് റ്റൂളിനെ ചിലപ്പോള്‍ റീഡീഫൈന്‍ ചെയ്യേണ്ടിവരുമെന്നേയുള്ളൂ.

സതിസാമ്രാജ്യത്തില്‍ തന്നെ ഹരിത നീര്‍മാതളത്തില്‍ ഉപയോഗിച്ചതിനു സദൃശ്യമായ ഒരു സ്ട്രക്ചര്‍ സുഭാഷ് ചന്ദ്രന്‍ ഉപയോഗിക്കുന്നുണ്ട്. (സദൃശ്യമാണെങ്കിലും തുല്യമല്ല. കാരണം ‘എഴുത്തുകാരന്റേതും’ ‘വായനക്കാരന്റേതും’ അല്ലാത്ത മൂന്നാമതൊരാളിന്റെ കഥയെക്കുറിച്ചാണ് കണ്‍ഫ്രണ്ടേഷന്‍. ) ആ കഥ അല്പം പോലും കിഷേ ആണെന്ന് തോന്നിയില്ല..


@ ജിതേന്ദ്രന്‍. ആ കഥ കിട്ടി. വരുന്ന ആഴ്ചയില്‍ ഈ പോസ്റ്റിന്റെ കൂടി തുടര്‍ച്ചയായിട്ട് ഇവിടെ പരിചയപ്പെടുത്താം എന്ന് വിചാരിക്കുന്നു. നന്ദി.

@ കിനാവേ സന്ദര്‍ശനത്തിനു നന്ദി. കിനാവിനെപ്പോലൊരാള്‍ കൂടുതല്‍ പറയും എന്ന് പ്രതിക്ഷിക്കുന്ന ഒരിടമാണിത് :)

sree said...

വിഷയം കഥയായതുകോണ്ടും ആഴമുള്ള മനുഷ്യവികാരങ്ങള്‍ ഉള്‍പ്പെടുന്നതായതു കൊണ്ടും കമ്മെന്റുകള്‍ സൂക്ഷിച്ചുതന്നെയാണ് ഇട്ടത്. ബ്ലോഗിങ്ങിലെ സുഖകരമായ ലൈറ്റ്-ഹാര്‍ട്ടെട്നെസ് ആസ്വദിക്കുന്ന ആളായതുകൊണ്ട് തമാശയും രസിക്കുന്നു. തമാശകള്‍ ചിലപ്പോള്‍ അകമെ വളരെ ഗഹനമായ ചിന്തകളില്‍ നിന്ന് വരുന്നതുമാവാം..അക്കാടമിക് ജാര്‍ഗണ്‍ കേട്ട് മനം മടുത്ത് ബ്ലോഗിലെ തുറന്ന ചര്‍ച്ചകളില്‍ സ്വന്തം വിവരദോഷങ്ങള്‍ പങ്കു വെക്കുമ്പോള്‍ ഒരു സുഖം. തെറ്റുകള്‍ തിരുത്തി തരുന്നവരോട് നന്ദി. കഥയും കഥവായനയും എഴുത്തും സീരിയസ്സ് ആയി തന്നെ കാണുന്നു. പക്ഷെ വായനക്കു കഥയേക്കാള്‍ സീരിയസ്നെസ് കൊടുക്കാന്‍ എന്തോ കഴിയുന്നില്ല. അകാടെമിക് ആയ വിമര്‍ശനം,നിരൂപണം എന്ന പദങ്ങളോന്നും ഈ കൂട്ടായ്മയിലെ ചിന്തകള്‍ക്ക് ചേരുമെന്ന് തോന്നുന്നില്ല.എന്നു കരുതി ഒരു റ്റെര്‍മിനോളജിയും ഉപയോഗിക്കാതെ വായിക്കാന്‍ എന്റെ ലിറ്റെററി കണ്ടീഷണിങ്ങ് അനുവദിക്കൂന്നുമില്ല. പിന്നെ അറിവിന്റെ പരിമിതികൊണ്ട് ശരിക്കും സോഴ്സ്, ഒറിജിന്‍ ഒക്കെ ചോദിച്ചാല്‍ ചിലപ്പോ കുഴങ്ങിപ്പോവും. അറിയില്ല എന്നതു തന്നെ ഉത്തരം.അതിനൊരു മെറ്റഫര്‍ ഇട്ടു. അറിവില്ലായ്മ കൊണ്ട് “അറിഞ്ഞിട്ടെന്തു കാര്യം” എന്ന് നടിക്കുകയും ചെയ്തു.അതായിരുന്നു എന്റെ കമെന്ന്റ്റിന്റെ ഉള്ളിലിരിപ്പ്.

ഇങ്ങനെയൊക്കെ പറഞ്ഞേങ്കിലും എന്റെ പരിമിതമായ വായനയില്‍ ഹരിതയുടെ കഥയുടെ രീതി പഴകിയതാണെന്നു തന്നെയാണ് തോന്നുന്നത്. ആ കഥയുടെ ആന്‍സൈറ്റി എനിക്കു വായിക്കുമ്പോള്‍ നന്നായി അനുഭവപ്പെട്ടു എങ്കിലും. റ്റെര്‍മിനോളജികളില്‍ കഥയെ കുരുക്കാന്‍ ബോധപൂര്‍വ്വം ഒരു ശ്രമവും ഉണ്ടായിട്ടില്ല. അതിനുമാത്രമുള്ള റ്റെര്‍മിനോളജി ഇല്ല കൈയ്യില്‍.

Siji vyloppilly said...

കഥയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ആളെന്ന നിലയ്ക്കും,പരിമിതമായ വായനയേ ഉള്ളത്‌ എന്നതുകൊണ്ടും,വിമര്‍ശനം എന്നത്‌ വളരെ ഗൗരവ ബുദ്ധിയോടെ സമീപിക്കേണ്ട ഒന്നാണ്‌ എന്നതിനെക്കുറിച്ച്‌ വ്യക്തമായ അവബോധമുള്ളതുകൊണ്ടും 'വിമര്‍ശനം' എന്ന സാഹിത്യ ശാഖയില്‍ ഇതുവരെ കൈവെച്ചിട്ടില്ല.
'അക്ഷരത്തെറ്റില്‍' വരുന്ന കഥകളെപ്പറ്റിയുള്ള വിശകലനം കഥാകൃത്തിന്‌ സമീപ ഭാവിയില്‍ അവരവരുടെ എഴുത്തിനെ കുറെക്കൂടി മെച്ചപ്പെടുത്തുവാനുള്ള പ്രേരണയായെങ്കില്‍ എന്ന ഉദ്ദേശശുദ്ധിയോടെയാണ്‌ കമന്റില്‍ക്കൂടി മനസ്സില്‍ തോന്നിയത്‌ പ്രതികരിക്കുവാന്‍ ശ്രമിക്കുന്നത്‌.

അതിജീവനത്തിനായി പുതിയ ന്യായങ്ങള്‍ കണ്ടുപിടിക്കേണ്ട ഒരു അവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്‌ ഇന്നത്തെ സാഹിത്യം.സ്വന്തം സൃഷ്ടിയില്‍ പുതുമ നിലനിര്‍ത്തുവാന്‍ പരീക്ഷണങ്ങളിലേര്‍പ്പെടുവാനും,വിഭ്രമിക്കുന്ന ആകസ്മികതകളും,വിചിത്ര സന്ധികളും,കഥാപാത്രങ്ങളും,എഴുത്തുകാരനും,വായനക്കാരനും ഒന്നു ചേര്‍ന്ന് രംഗത്തുവരുന്ന കഥാമുഹൂര്‍ത്തങ്ങള്‍ കൊണ്ടുവരുവാനും ഉത്തരാധുനികതയുടെ ചെറുപ്പക്കാര്‍ കുറെക്കാലമായി ശ്രമിച്ചു തുടങ്ങിയിട്ട്‌. ബി. മുരളി, സുഭാഷ്‌ ചന്ദ്രന്‍ എന്നിവരെ വായിക്കാനിഷ്ടപ്പെടുന്ന ആളെന്ന നിലക്ക്‌,എന്റെ വാനയില്‍ ചില പരീക്ഷണ കഥകള്‍ക്ക്‌ എവിടെയോ വായിച്ചു മറന്നതിന്റെ തോന്നലുകള്‍ ഉണ്ടാക്കുന്നു.അതുകൊണ്ടാണ്‌ വായനയില്‍ പുതുമതോന്നിയില്ല എന്ന് അവകാശപ്പെട്ടത്‌.
ബ്ലോഗിന്റെ സ്വാതന്ത്ര്യം നന്നായി ആസ്വദിക്കുന്ന ആളെന്ന നിലയില്‍ കമന്റിലൂടെ ചില നിര്‍ദ്ദോഷമായ തമാശകള്‍ എഴുതുവാന്‍ തോന്നിക്കുക എന്നത്‌ എന്റെ കീ ബോര്‍ഡിന്റെ ബലഹീനതയാണ്‌,അവസാനത്തെ കമന്റിലൂടെ ആരെയും അപമാനിക്കണം എന്നു കരുതിയിരുന്നില്ല.