Saturday, 27 September 2008

പാമ്പ് - ജോണ്‍ സ്റ്റെയിന്‍ബെക്ക്

ജോണ്‍ സ്റ്റെയിന്‍ബെക്കിന്റെ ദ് സ്നേക്ക് എന്ന ചെറുകഥയുടെ പരിഭാഷ. പുസ്തകം: The Long Valley.
----

ഡോ.ഫിലിപ്സ് തന്റെ ചാക്ക് തോളില്‍ തൂക്കി വേലിയേറ്റം കൊണ്ടുണ്ടാ‍യ കുളം വിട്ടപ്പോള്‍ നേരം ഏകദേശം ഇരുട്ടിയിരുന്നു. പാറകളുടെ മീതേ വലിഞ്ഞുകയറി പാതയോരത്തുകൂടെ റബ്ബര്‍ ബൂട്ട്സ് ചവിട്ടി ശബ്ദമുണ്ടാക്കിക്കൊണ്ട് അയാള്‍ നടന്നു. മോണ്ടെറേയിലെ കാനറി തെരുവിലെ തന്റെ ചെറിയ കമേഴ്‌ഷ്യല്‍ പരീക്ഷണ ശാലയില്‍ അയാള്‍ എത്തിയപ്പൊഴേയ്ക്കും തെരുവു വിളക്കുകള്‍ തെളിഞ്ഞുകഴിഞ്ഞിരുന്നു. ഉള്‍ക്കടലിലെ വെള്ളത്തിനു മുകളില്‍ തൂണുകളിലും ചിലഭാഗങ്ങള്‍ കരയിലുമായി നിന്ന ഇടുങ്ങിയ ഒരു കൊച്ചുകെട്ടിടമായിരുന്നു അത്. അതിന്റെ ഇരുവശത്തും വലിയ ബലപ്പെടുത്തിയ ഇരുമ്പുപാളികള്‍ കൊണ്ടുണ്ടാക്കിയ ചാളസംസ്കരണശാലകള്‍ ഇടുങ്ങിനിന്നു.

തടിപ്പടികള്‍ കയറി ഡോ. ഫിലിപ്സ് കതക് തുറന്നു. കൂടുകളിലെ വെള്ള എലികള്‍ കമ്പിയില്‍ക്കൂടി മുകളിലേയ്ക്കും താഴേയ്ക്കും ഓടി, പൂച്ചകള്‍ അവയുടെ കൂട്ടില്‍ നിന്ന് പാലിനായി കരഞ്ഞു. ശസ്ത്രക്രിയാ മേശയിലെ ശക്തമായ ലൈറ്റ് ഡോ.ഫിലിപ്സ് പ്രകാശിപ്പിച്ചു, നനഞ്ഞൊട്ടിയ ചാക്ക് നിലത്തേയ്ക്കിട്ടു. ജനാലയോട് ചേര്‍ന്ന് വാലുകുലുക്കിപ്പാമ്പുകളെ* സൂക്ഷിച്ചിരിക്കുന്ന കണ്ണാടിക്കൂടുകളുടെ അടുത്തേയ്ക്ക് അയാള്‍ നടന്നുചെന്ന് കുനിഞ്ഞ് അവയിലേയ്ക്കു നോക്കി.

പാമ്പുകള്‍ കെട്ടുപിണഞ്ഞ് കൂടിന്റെ മൂലയില്‍ വിശ്രമിക്കുകയായിരുന്നു, എന്നാല്‍ എല്ലാ തലകളും വെവ്വേറെ നിന്നു; പൊടിപിടിച്ച കണ്ണുകള്‍ ഒന്നിലേയ്ക്കും നോക്കുന്നതുപോലെ തോന്നിയില്ല, പക്ഷേ യുവാവ് അവയുടെ കൂടിനു മീതേ ചാരിനിന്നപ്പോള്‍ അറ്റങ്ങളില്‍ കറുപ്പും പിന്‍പില്‍ പിങ്ക് നിറവുമുള്ള, രണ്ടായി പിരിഞ്ഞ നാവുകള്‍ പുറത്തേക്ക് നീണ്ട് പതുക്കെ മുകളിലേയ്ക്കും താഴേയ്ക്കും ആടി. പിന്നീട് മനുഷ്യനെ തിരിച്ചറിഞ്ഞ് അവ നാവുകള്‍ ഉള്ളിലേയ്ക്കു വലിച്ചു.

ഡോ. ഫിലിപ്സ് തന്റെ തുകല്‍ കോട്ട് ഊരിയെറിഞ്ഞ് തകര സ്റ്റൌവില്‍ തീപൂട്ടി; അയാള്‍ ഒരു കെറ്റില്‍ വെള്ളം സ്റ്റൌവില്‍ വെച്ച് അതിലേയ്ക്ക് ഒരു ബീന്‍സ് പാട്ട ഇട്ടു. പിന്നീട് അയാള്‍ നിലത്തുകിടന്ന ചാക്കിലേയ്ക്ക് നോക്കിക്കൊണ്ടു നിന്നു. സൂക്ഷ്മദര്‍ശിനിയില്‍ക്കൂടി ധാരാളം നോക്കുന്ന ഒരാളുടെ മൃദുവും വ്യാപൃതവുമായ കണ്ണുകളുള്ള ഒരു മെലിഞ്ഞ ചെറുപ്പക്കാരനായിരുന്നു അയാള്‍. സ്വര്‍ണ്ണനിറത്തിലുള്ള ചെറിയ കുറ്റിത്താടി വളര്‍ത്തിയിരുന്നു.

വായു ആവിയോടെ ചിമ്മിനിയില്‍ക്കൂടി ഉയര്‍ന്നു, അടുപ്പില്‍ നിന്ന് ചൂട് തിളങ്ങി. കെട്ടിടത്തിനു കീഴിലുള്ള തൂണുകളെ ചെറിയ തിരകള്‍ നിശബ്ദമായി കഴുകി. മുറിയിലെ ഷെല്ഫുകളില്‍ പരീക്ഷണശാലയിലെ ജലജീവികളെ സ്റ്റഫ് ചെയ്ത മ്യൂസിയം കുപ്പികള്‍ അട്ടിയായി വയ്ച്ചിരുന്നു.

ഡോ. ഫിലിപ്സ് വശത്തുള്ള വാതില്‍ തുറന്ന് തന്റെ കിടപ്പുമുറിയിലേയ്ക്കു പോയി, പുസ്തകങ്ങള്‍ അടുക്കിവെയ്ച്ച്, ഒരു സൈനീക മെത്തയും, ഒരു വായനാ ലാമ്പും, ഇരിക്കാന്‍ അസുഖകരമായ തടിക്കസാരയും ഉള്ള മുറിയായിരുന്നു അത്. അയാള്‍ തന്റെ റബ്ബര്‍ ഷൂസ് വലിച്ചൂരി ഒരു ജോഡി ആട്ടിന്‍‌തുകല്‍ ചെരുപ്പ് ധരിച്ചു. മറ്റേ മുറിയിലേയ്ക്ക് അയാള്‍ തിരിച്ചുപോയപ്പൊഴേയ്ക്കും കെറ്റിലിലെ ജലം മൂളാന്‍ തുടങ്ങിയിരുന്നു.

അയാള്‍ ചാക്ക് ഉയര്‍ത്തി വെളുത്ത പ്രകാശത്തിനു കീഴെയുള്ള മേശയിലേയ്ക്ക് അതിലെ രണ്ട് ഡസന്‍ നക്ഷത്രമത്സ്യങ്ങളെ പുറത്തേയ്ക്കിട്ടു. അവയെ മേശപ്പുറത്ത് വശത്തോടുവശം നിരത്തിവെയ്ച്ചു. അയാളുടെ തിരക്കുപിടിച്ച കണ്ണുകള്‍ കമ്പിക്കൂടുകളിലുള്ള തിരക്കുപിടിച്ച എലികളിലേയ്ക്ക് തിരിഞ്ഞു. ഒരു കടലാസ് പാക്കറ്റില്‍ നിന്ന് ധാന്യമെടുത്ത് അയാള്‍ ആഹാരം കൊടുക്കുന്ന ഇടകളിലേയ്ക്ക് ഇട്ടു. എലികള്‍ പെട്ടെന്നുതന്നെ കമ്പിയിഴകളില്‍ നിന്ന് തിക്കിയിറങ്ങി ആഹാരത്തിനു മീതേ വീണു. ഒരു കണ്ണാ‍ടി ഷെല്ഫില്‍ അഴുകാതെ സൂക്ഷിച്ച ഒരു ചെറിയ കിനാവള്ളിക്കും ജെല്ലി മത്സ്യത്തിനും ഇടയില്‍ ഒരു കുപ്പി പാല് ഇരുന്നിരുന്നു. ഡോ. ഫിലിപ്സ് പാല്‍ക്കുപ്പി എടുത്ത് പൂ‍ച്ചകളുടെ കൂട്ടിലേയ്ക്ക് നടന്നു, പക്ഷേ പാത്രങ്ങളില്‍ പാല്‍ നിറയ്ക്കുന്നതിനു മുന്‍പ് അയാള്‍ കൂട്ടിലേയ്ക്ക് കയ്യിട്ട് ഒരു വലിയ തെരുവുപൂച്ചയെ ശ്രദ്ധയോടെ പൊക്കിയെടുത്തു. അവളുടെ കഴുത്തില്‍ ഒരു നിമിഷം ചൊറിഞ്ഞ് അവളെ കറുത്ത ചായം പൂശിയ ഒരു ചെറിയ പെട്ടിയിലേയ്ക്ക് ഇട്ടു, അടപ്പ് അടച്ച് കുറ്റിയിട്ട് മരണപ്പാട്ടയിലേയ്ക്ക് ഗാസ് കടത്തിവിടുന്ന റ്റാപ്പ് തുറന്നു. കറുത്ത പെട്ടിയില്‍ ചെറുതും മൃദുവുമായ സംഘട്ടനം നടക്കുമ്പോള്‍ത്തന്നെ അയാള്‍ പിഞ്ഞാണങ്ങളില്‍ പാല്‍ നിറച്ചു. പൂച്ചകളിലൊന്ന് അയാളുടെ കൈയിലേയ്ക്ക് വളഞ്ഞ് ചാഞ്ഞു, ചിരിച്ചുകൊണ്ട് അയാള്‍ അവളുടെ കഴുത്തില്‍ കളിപ്പിച്ചു.

പെട്ടി ഇപ്പോള്‍ ശാന്തമായിരിക്കുന്നു. അയാള്‍ റ്റാപ്പ് അടച്ചു, കാരണം വായു കടക്കാത്ത ആ പെട്ടി വാതകം കൊണ്ട് നിറഞ്ഞുകാണണം.

സ്റ്റൌവില്‍ വെള്ളം നിറച്ച പാത്രത്തില്‍ ബീന്‍സ് പാട്ടയോട് ചേര്‍ന്ന് കുമിളകള്‍ ദേഷ്യത്തോടെ തിളച്ചു പൊട്ടുന്നുണ്ടായിരുന്നു. ഒരു വലിയ ചവണകൊണ്ടു പിടിച്ച് ഡോ. ഫിലിപ്സ് ബീന്‍സ് പാട്ട പൊക്കിയെടുത്തു, അത് തുറന്ന് ഒരു കണ്ണാടിപ്പാത്രത്തിലേയ്ക്ക് ബീന്‍സ് ചൊരിഞ്ഞു. ആഹാരം കഴിക്കുന്നതിനിടയില്‍ അയാള്‍ മേശപ്പുറത്തെ നക്ഷത്രമത്സ്യങ്ങളെ ശ്രദ്ധിച്ചു. അവയുടെ ഇതളുകള്‍ക്കിടയില്‍ നിന്ന് പാലുപോലെയുള്ള ദ്രാവകത്തിന്റെ ചെറിയ തുള്ളികള്‍ പുറത്തുവരുന്നുണ്ടായിരുന്നു. ബീന്‍സ് വേഗത്തില്‍ ഭക്ഷിച്ചുതീര്‍ത്ത് പാത്രം സിങ്കിലേയ്ക്ക് ഇട്ട് അയാള്‍ ഉപകരണങ്ങള്‍ വയ്ച്ചിരിക്കുന്ന അലമാരയിലേയ്ക്ക് നടന്നു. അതില്‍ നിന്നും ഒരു സൂക്ഷ്മദര്‍ശിനിയും ചെറിയ കണ്ണാടിത്തളികകളുടെ ഒരു അട്ടിയും എടുത്തു. ഈ കണ്ണാടിത്തളികളില്‍ ഓരോന്നായി ടാപ്പില്‍ നിന്നുള്ള കടല്‍‌വെള്ളം കൊണ്ടു നിറച്ച് അവയെ ഒരു നിരയായി നക്ഷത്രമത്സ്യങ്ങള്‍ക്ക് ചാരേ വയ്ച്ചു. തന്റെ വാച്ച് ഊരിയെടുത്ത് അതിനെ ഒഴുകുന്ന വെളുത്ത പ്രകാശത്തിനടിയില്‍ മേശപ്പുറത്ത് വയ്ച്ചു. തറയ്ക്കു കീഴേയുള്ള തൂണുകളില്‍ തിരകള്‍ ചെറിയ നിശ്വാസങ്ങളോടെ അടിച്ചു. ഒരു മേശവലിപ്പില്‍ നിന്നും കണ്ണില്‍ മരുന്നൊഴിക്കുന്ന കുപ്പിയെടുത്ത് അയാള്‍ നക്ഷത്രമത്സ്യങ്ങളുടെ മീതേ കുനിഞ്ഞു.

അപ്പോള്‍ തടികൊണ്ടുള്ള പടികളില്‍ മൃദുവായ, എന്നാല്‍ വേഗത്തിലുള്ള കാ‍ലടിശബ്ദവും വാതിലില്‍ ശക്തിയായ ഒരു മുട്ടും കേട്ടു. വാതില്‍ തുറക്കാന്‍ നടക്കുമ്പോള്‍ അസ്വാരസ്യത്തിന്റെ ഒരു ചെറിയ ചുളിയല്‍ അയാളു‍ടെ മുഖത്തു പരന്നു. പൊക്കമുള്ള, മെലിഞ്ഞ ഒരു യുവതി വാതിലില്‍ നിന്നു. അവള്‍ നന്നേ ഇരുണ്ട ഒരു സ്വൂട്ട് ധരിച്ചിരുന്നു - അവളുടെ നീണ്ട കറുത്ത മുടി, വലിയ നെറ്റിയില്‍നിന്നു താഴേയ്ക്കു കിടന്ന്, കാറ്റ് അതില്‍ക്കൂടി വീശിയതുപോലെ അലങ്കോലപ്പെട്ടിരുന്നു. ശക്തമായ വെളിച്ചത്തില്‍ അവളുടെ കറുത്ത കണ്ണുകള്‍ തിളങ്ങി.

മൃദുവും തൊണ്ടയില്‍ നിന്നു വരുന്നതുമായ ശബ്ദത്തില്‍ അവള്‍ പറഞ്ഞു, “ഞാന്‍ അകത്തു വരട്ടെ? എനിക്ക് നിങ്ങളോട് സംസാരിക്കണം.”

“ഞാനിപ്പോള്‍ വളരെ ബിസി ആണ്,” അയാള്‍ പാതി മനസ്സോടെ പറഞ്ഞു. “എനിക്ക് ചിലപ്പോള്‍ ജോലിചെയ്യേണ്ടതായ് വരും”. പക്ഷേ അയാള്‍ വാതിലില്‍ നിന്നും മാറിനിന്നു. ആ പൊക്കമുള്ള യുവതി അകത്തേയ്ക്കു കയറി.

“നിങ്ങള്‍ക്ക് എന്നോട് മിണ്ടാന്‍ പറ്റുന്നതുവരെ ഞാന്‍ നിശബ്ദയായിരിക്കും”.

അയാള്‍ വാതില്‍ അടച്ച് ഇരിക്കാന്‍ അത്ര സുഖമില്ലാത്ത കസാര കിടപ്പുമുറിയില്‍ നിന്നും കൊണ്ടുവന്നു. “നോക്കൂ,” അയാള്‍ ക്ഷമപറഞ്ഞു, “ഈ പരീക്ഷണം തുടങ്ങി, എനിക്ക് അത് ശ്രദ്ധിച്ചെ പറ്റൂ”. ഒരുപാട് പേര്‍ നടന്നുവന്ന് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. സാധാരണമായ പരീക്ഷണങ്ങള്‍ക്ക് അയാള്‍ക്ക് സ്ഥിരം നല്‍കുന്ന വിശദീകരണങ്ങള്‍ ഉണ്ടായിരുന്നു. അവയെ ചിന്തിക്കാതെ തന്നെ പറയാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു. “ഇവിടെ ഇരിക്കൂ. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ എനിക്ക് നിങ്ങളെ ശ്രദ്ധിക്കാന്‍ കഴിയും”.

പൊക്കമുള്ള യുവതി മേശയുടെ മീതേ ചാഞ്ഞുനിന്നു. കണ്ണില്‍ തുള്ളികള്‍ വീഴ്ത്തുന്ന കുപ്പികൊണ്ട് ചെറുപ്പക്കാരന്‍ നക്ഷത്രമത്സ്യത്തിന്റെ ഇതളുകള്‍ക്കിടയില്‍ നിന്ന് ദ്രാവകം ശേഖരിച്ച് ഒരു പാത്രത്തിലെ വെള്ളത്തിലേയ്ക്ക് ഞെക്കിയിട്ടു, മറ്റെന്തോ പാലുപോലെയുള്ള ദ്രാവകവും എടുത്ത് അതേ പാത്രത്തില്‍ ഞെക്കിയിട്ട് അയാള്‍ ജലം ശ്രദ്ധയോടെ ഈ കുപ്പികൊണ്ട് ഇളക്കി. തന്റെ ചെറിയ വിശദീകരണ സംസാരം ആരംഭിച്ചു.

“നക്ഷത്രമത്സ്യങ്ങള്‍ ലൈംഗീക പക്വതയെത്തുമ്പോള്‍ അവ വേലിയിറക്കത്തിന്റെ സമയത്ത് പുംബീജവും അണ്ഡവും സ്രവിക്കുന്നു. വളര്‍ച്ചയെത്തിയ നക്ഷത്രമത്സ്യങ്ങളെ തിരഞ്ഞെടുക്കുകയും അവയെ ജലത്തില്‍ നിന്ന് എടുക്കുകയും ചെയ്യുന്നതു വഴി, ഞാന്‍ അവയ്ക്ക് വേലിയിറക്കത്തിനു സമാനമായ ഒരവസ്ഥ നല്‍കുന്നു. ഇപ്പോള്‍ ഞാന്‍ പുംബീജങ്ങളും അണ്ഡങ്ങളും കലര്‍ത്തി. ഇനി ഞാന്‍ ഈ മിശ്രിതം അല്പാല്പമായി ഈ പത്ത് കണ്ണാടിത്തളികകളില്‍ ഓരോന്നിലും വയ്ക്കും. പത്തുമിനിട്ടിനു ശേഷം ഞാന്‍ ആദ്യത്തെ തളികയിലുള്ളവയെ മെന്തോള്‍ ഉപയോഗിച്ച് കൊല്ലും, ഇരുപത് മിനിട്ടിനു ശേഷം രണ്ടാമത്തെ കൂട്ടത്തെയും, പിന്നീട് ഒരു പുതിയ തളികയിലുള്ളതിനെ ഓരോ ഇരുപതു മിനിട്ടിലും കൊല്ലും. അപ്പോള്‍ ഞാന്‍ ഈ പ്രക്രിയയെ പല ഘട്ടങ്ങളായി നിറുത്തലാക്കിയിരിക്കും. പിന്നീട് ഈ ശ്രേണിയെ ജന്തുശാസ്ത്ര പഠനത്തിനായി സൂക്ഷ്മദര്‍ശിനി പാളികളില്‍ ഘടിപ്പിക്കും.” അയാള്‍ സംസാരം നിറുത്തി. “ഈ ആദ്യത്തെ കൂട്ടത്തെ സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ?”

“ഇല്ല, നന്ദി”.

അയാള്‍ പെട്ടെന്ന് അവളുടെ നേര്‍ക്ക് തിരിഞ്ഞു. ആളുകള്‍ എപ്പോഴും സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കാന്‍ താല്പര്യപ്പെട്ടിരുന്നു. അവള്‍ മേശയിലേയ്ക്കേ നോക്കിയില്ല, പകരം അയാളെയാണ് നോക്കിയത്. അവളുടെ കറുത്ത കണ്ണുകള്‍ അയാളുടെ മീതേ ആയിരുന്നു, പക്ഷേ അവ അയാളെ കാണുന്നതുപോലെ തോന്നിയില്ല. അത് എന്തുകൊണ്ടാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു - അവളുടെ ഐറിസുകള്‍ കൃഷ്ണമണിയോളം തന്നെ കറുത്തതായിരുന്നു, അവയ്ക്കിടയില്‍ നിറവ്യത്യാസത്തിന്റെ ഒരു രേഖയും ഇല്ലായിരുന്നു. ഡോ. ഫിലിപ്സ് അവളുടെ ഉത്തരത്തില്‍ ഉത്ഖണ്ഡപ്പെട്ടു. ഉത്തരങ്ങള്‍ നല്‍കുന്നത് അയാളെ ബോറടിപ്പിച്ചെങ്കിലും തന്റെ പ്രവര്‍ത്തികളിലുള്ള താല്പര്യമില്ലായ്മ അയാളെ അലോസരപ്പെടുത്തി. അവളെ ഉണര്‍ത്താനുള്ള ആഗ്രഹം അയാളുടെ ഉള്ളില്‍ വളര്‍ന്നു.

“ആദ്യത്തെ പത്തുമിനിട്ട് കാത്തിരിക്കുമ്പോള്‍ എനിക്ക് മറ്റൊരുകാര്യം ചെയ്യാനുണ്ട്. ചില ആള്‍ക്കാര്‍ അത് കാണാന്‍ താല്പര്യപ്പെടില്ല. വേണമെങ്കില്‍ ഞാന്‍ അത് പൂര്‍ത്തിയാക്കുന്നതുവരെ നിങ്ങള്‍ക്ക് അകത്തെ മുറിയില്‍ ഇരിക്കാം”.

“ഇല്ല,” അവള്‍ മൃദുവും ഏകതാനവുമായ ശബ്ദത്തില്‍ പറഞ്ഞു. “നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എന്തും ചെയ്തുകൊള്ളൂ. എന്നോട് നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നതുവരെ ഞാന്‍ കാത്തിരിക്കാം”. മടിയില്‍ അവളുടെ കൈകള്‍ വശത്തോടുവശം വിശ്രമിച്ചു. അവള്‍ പൂര്‍ണ്ണമായും വിശ്രമിക്കുകയായിരുന്നു. അവളുടെ കണ്ണുകള്‍ പ്രകാശമത്തായിരുന്നു, എന്നാല്‍ ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളും ചലനം നിറുത്തിയ അവസ്ഥയിലായിരുന്നു. അയാള്‍ ചിന്തിച്ചു, “താഴ്ന്ന മെറ്റാബോളിക് ആവൃത്തി, ഏകദേശം ഒരു തവളയുടേതിന് സമാനമായത്, അതാണ് നോട്ടത്തില്‍ നിന്നും തോന്നുന്നത്.” അവളുടെ നിശ്ചലാവസ്ഥയില്‍ നിന്നും അവളെ ഞെട്ടിച്ചുണര്‍ത്താനുള്ള ആഗ്രഹം വീണ്ടും അയാളില്‍ നിറഞ്ഞു.

ഒരു ചെറിയ തടിത്തൊട്ടി അയാള്‍ മേശപ്പുറത്തേയ്ക്കു കൊണ്ടുവന്നു, ചവണകളും കത്രികകളും നിരത്തി, ഒരു മര്‍ദ്ദക്കുഴലിലേയ്ക്ക് വലിയ, പൊള്ളയായ ഒരു സൂചി ഘടിപ്പിച്ചു. പിന്നീട് മരണയറയില്‍ നിന്ന് ചത്ത് ഋജുവായ പൂച്ചയെ കൊണ്ടുവന്ന് തൊട്ടിലില്‍ കിടത്തി അതിന്റെ കാലുകള്‍ വശങ്ങളിലുള്ള കൊളുത്തുകളില്‍ കെട്ടി. അയാള്‍ സ്ത്രീയുടെ നേര്‍ക്ക് പാര്‍ശ്വവീക്ഷണം നടത്തി. അവള്‍ അനങ്ങിയിരുന്നില്ല. അവള്‍ അപ്പോഴും വിശ്രമാവസ്ഥയിലായിരുന്നു.

പൂച്ച വെളിച്ചത്തിനുനേര്‍ക്ക് ഇളിച്ചു, അതിന്റെ പിങ്ക് നാവ് അതിന്റെ സൂചിപ്പല്ലുകള്‍ക്ക് ഇടയ്ക്കുകൂടി പുറത്തേയ്ക്ക് തള്ളിനിന്നു. ഡോ. ഫിലിപ്സ് നിപുണതയോടെ പൂച്ചയുടെ കഴുത്തിലെ തൊലി മുറിച്ചു. ഒരു ശസ്ത്രക്രിയാ കത്തി കൊണ്ട് അകത്തേയ്ക്കു മുറിച്ച് ഒരു രക്തധമനി കണ്ടെത്തി. കുറ്റമറ്റ വൈദഗ്ധ്യത്തോടെ അയാള്‍ സൂചി പാത്രത്തിലിട്ട് അതിനെ ഞരമ്പുമായി ബന്ധിപ്പിച്ചു. “എംബാമിങ്ങ് ദ്രാവകം”, അയാള്‍ വിശദീകരിച്ചു. “പിന്നീട് ഞാന്‍ മഞ്ഞ ദ്രാവകം നാഢീവ്യൂഹത്തിലേയ്ക്കും ചുവന്ന ദ്രാവകം ധമനീവ്യൂഹത്തിലേയ്ക്കും കുത്തിവെയ്ക്കും - രക്ത വഴികളെ മുറിച്ചറിയാന്‍ - ജീവശാസ്ത്ര ക്ലാസുകള്‍ക്ക്”.

അയാള്‍ വീണ്ടും തിരിഞ്ഞ് അവളുടെ നേര്‍ക്ക് നോക്കി. അവളുടെ ഇരുണ്ട കണ്ണുകള്‍ പുകമൂടിയതുപോലെ തോന്നി. അവള്‍ ഭാവഭേദമില്ലാതെ പൂച്ചയുടെ തുറന്ന കഴുത്തിലേയ്ക്ക് നോക്കി. ഒരു തുള്ളി ചോര പോലും രക്ഷപെട്ടിരുന്നില്ല. കീറിമുറിക്കല്‍ വൃത്തിയുള്ളതായിരുന്നു. ഡോ. ഫിലിപ്സ് തന്റെ വാച്ചിലേയ്ക്ക് നോക്കി. “ആദ്യത്തെ പരീക്ഷണത്തിനുള്ള സമയമായി.” അയാള്‍ കുറച്ച് മെന്തോള്‍ പരലുകള്‍ ആദ്യത്തെ വാച്ച് ഗ്ലാസിലേയ്ക്ക് കുടഞ്ഞിട്ടു.

യുവതി അയാളെ പരിഭ്രാന്തനാക്കുന്നുണ്ടായിരുന്നു. എലികള്‍ അവയുടെ കൂടിന്റെ കമ്പിയഴികളില്‍ വലിഞ്ഞുകയറി മൃദുവായി ശബ്ദമുണ്ടാക്കി. കെട്ടിടത്തിനു കീഴേ തിരകള്‍ തൂണുകളിലടിച്ച് ചെറിയ കമ്പനങ്ങള്‍ സൃഷ്ടിച്ചു.

ചെറുപ്പക്കാരന്‍ വിറച്ചു. അയാള്‍ അടുപ്പിലേയ്ക്ക് കുറച്ച് കരിക്കട്ടകളിട്ട് ഇരുന്നു. “ഇപ്പോള്‍”, അയാള്‍ പറഞ്ഞു. “എനിക്ക് ഇരുപത് മിനിട്ട് നേരത്തേയ്ക്ക് ഒന്നും ചെയ്യാനില്ല.” അവളുടെ കീഴ്ച്ചുണ്ടിനും താടിമുനയ്ക്കും ഇടയില്‍ താടി എത്ര ചെറുതാണെന്ന് അയാള്‍ ശ്രദ്ധിച്ചു. അവള്‍ പതുക്കെ ഉണരുന്നതുപോലെ തോന്നി, ബോധത്തിന്റെ ഏതോ ആഴമുള്ള കുളത്തില്‍ നിന്നും പൊങ്ങിവരുന്നതുപോലെ. അവളുടെ തല ഉയര്‍ന്നു, അവളുടെ കറുത്ത പൊടിപിടിച്ച കണ്ണുകള്‍ മുറിയിലാകെ ചലിച്ച് അയാളുടെ നേര്‍ക്ക് വന്നു.

“ഞാന്‍ കാത്തിരിക്കുകയായിരുന്നു”, അവള്‍ പറഞ്ഞു. അവളുടെ കൈകള്‍ അവളുടെ മടിയില്‍ വശത്തോടുവശം ഇരുന്നു. “നിങ്ങള്‍ക്ക് പാമ്പുകള്‍ ഉണ്ടോ?”

“എന്ത്, ഉണ്ട്,” അയാള്‍ അല്പം ഉച്ചത്തില്‍ മറുപടി പറഞ്ഞു. “എനിക്ക് ഏകദേശം രണ്ട് ഡസന്‍ വാലുകുലുക്കിപ്പാമ്പുകള്‍ ഉണ്ട്. ഞാന്‍ അവയുടെ വിഷം ഊറ്റിയെടുത്ത് വിഷ-പ്രതിരോധ പരീക്ഷണശാലകളിലേയ്ക്ക് അയയ്ക്കുന്നു.”

അവള്‍ അയാളെ വീക്ഷിക്കുന്നത് തുടര്‍ന്നെങ്കിലും അവളുടെ കണ്ണുകള്‍ അയാളില്‍ കേന്ദ്രീകരിച്ചില്ല, പകരം അവ അയാളെ വലയം ചെയ്ത് അയാള്‍ക്കു ചുറ്റും ഒരു വലിയ വൃത്തത്തില്‍ കാണുന്നതുപോലെ തോന്നി. “നിങ്ങള്‍ക്ക് ഒരു ആണ്‍പാമ്പ് ഉണ്ടോ? ഒരു ആണ്‍ വാലുകുലുക്കിപ്പാമ്പ്.”

“ഉം, സന്ദര്‍ഭവശാല്‍ എനിക്ക് ഒന്നുണ്ടെന്ന് എനിക്കറിയാം. ഞാന്‍ ഒരുദിവസം രാവിലെ വന്നപ്പോള്‍ ഒരു വലിയ പാമ്പിനെ - ഒരു ചെറിയ പാമ്പുമായി ഇണചേരുന്ന രീതിയില്‍ കണ്ടു. ബന്ധനത്തില്‍ അത് വളരെ അപൂര്‍വ്വമാണ്. നോക്കൂ, ഒരു ആണ്‍പാമ്പ് ഉണ്ടെന്ന് എനിക്ക് അറിയാം.”

“അവന്‍ എവിടെയാണ്?”

“എന്ത്, ആ ജനാലയോടു ചേര്‍ന്നുള്ള കണ്ണാടിക്കൂട്ടില്‍ തന്നെ.”

അവളുടെ തല പതുക്കെ തിരിഞ്ഞെങ്കിലും അവളുടെ ശാന്തമായ രണ്ട് കൈകളും അനങ്ങിയില്ല. അവള്‍ അയാളുടെ നേര്‍ക്ക് വീണ്ടും തിരിഞ്ഞു. “ഞാന്‍ കണ്ടോട്ടേ?”

അയാള്‍ എഴുന്നേറ്റ് ജനാലയോടു ചേര്‍ന്നുള്ള കൂടിനടുത്തേയ്ക്ക് നടന്നു. മണ്ണുകൊണ്ടുള്ള പ്രതലത്തില്‍ വാലുകുലുക്കിപ്പാമ്പുകളുടെ കെട്ട് പിണഞ്ഞുകിടന്നു, പക്ഷേ അവയുടെ തലകള്‍ വേര്‍തിരിഞ്ഞുനിന്നു. അവയുടെ നാവുകള്‍ പുറത്തുവന്ന് ഒരു നിമിഷം വെട്ടി പിന്നീട് വായുവില്‍ കമ്പനങ്ങള്‍ക്കായി മുകളിലേയ്ക്കും താഴേയ്ക്കും ആടി. ഡോ. ഫിലിപ്സ് പരിഭ്രാന്തനായി തല തിരിച്ചു. സ്ത്രീ അയാളുടെ വശത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ കസാരയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് അയാള്‍ കേട്ടിരുന്നില്ല. തൂണുകളില്‍ തിരകള്‍ തല്ലുന്ന ശബ്ദവും എലികള്‍ കമ്പിയഴികളില്‍ ചലിക്കുന്ന ശബ്ദവും മാത്രമേ അയാള്‍ കേട്ടിരുന്നുള്ളൂ.

അവള്‍ പതുക്കെ പറഞ്ഞു. “നിങ്ങള്‍ പറഞ്ഞ ആണ് ഏതാണ്?”

അയാള്‍ കൂട്ടിന്റെ മൂലയില്‍ ഒറ്റയ്ക്കു കിടക്കുന്ന തടിച്ച, ചാരപ്പൊടി നിറമുള്ള ഒരു പാമ്പിനെ ചൂണ്ടിക്കാണിച്ചു. “അതാണ്. അവന് ഏകദേശം അഞ്ചടി നീളമുണ്ട്. അവന്‍ ടെക്സാസില്‍ നിന്നും വരുന്നതാണ്. നമ്മുടെ പസഫിക് തീരത്തുള്ള പാമ്പുകള്‍ സാധാരണയായി ഇതിലും ചെറുതാണ്. അവന്‍ എല്ലാ എലികളെയും തിന്നുന്നുമുണ്ട്. മറ്റ് പാമ്പുകള്‍ക്ക് തീറ്റ കൊടുക്കേണ്ടപ്പോള്‍ എനിക്ക് ഇവനെ പുറത്തെടുക്കേണ്ടിവരുന്നു.”

വരണ്ട തലയിലേയ്ക്ക് സ്ത്രീ തുറിച്ചുനോക്കി. വെടിച്ച നാക്ക് തെന്നിവന്ന് ഒരു നീണ്ട നിമിഷനേരം വിറച്ച് വായുവില്‍ നിന്നു. “ഇത് ഒരു ആണാണെന്ന് നിങ്ങള്‍ക്ക് ഉറപ്പാണല്ലോ”.

“വാലുകുലുക്കിപ്പാമ്പുകളുടെ കാര്യം തമാശയാണ്,” അയാള്‍ ചാതുര്യത്തോടെ പറഞ്ഞു. “മിക്കവാറും എല്ലാ സാമാന്യവത്ക്കരണവും തെറ്റെന്ന് തെളിയിക്കപ്പെടുന്നു. വാലുകുലുക്കിപ്പാമ്പുകളെക്കുറിച്ച് ഞാന്‍ ഒന്നും ഉറപ്പിച്ച് പറയാറില്ല, പക്ഷേ-അതെ-ഇതൊരു ആണ്‍പാമ്പാണെന്ന് എനിക്ക് നിങ്ങള്‍ക്ക് ഉറപ്പുതരാന്‍ കഴിയും.”

പരന്ന തലയില്‍ നിന്ന് അവളുടെ കണ്ണുകള്‍ അനങ്ങിയില്ല. “നിങ്ങള്‍ അവനെ എനിക്ക് വില്‍ക്കുമോ?”
“വില്‍ക്കുമോന്നോ?” അയാള്‍ അലറി. “നിങ്ങള്‍ക്ക് വില്‍ക്കുമോന്നോ?”
“നിങ്ങള്‍ ജീവികളെ വില്‍ക്കാറുണ്ടല്ലോ. ഇല്ലേ?”
“ഓ---അതെ. തീര്‍ച്ചയായും ഞാന്‍ വില്‍ക്കാറുണ്ട്. തീര്‍ച്ചയായും ഞാന്‍ വില്‍ക്കാറുണ്ട്.”
“എത്ര? അഞ്ച് ഡോളര്‍? പത്ത്?”
“ഓ! അഞ്ചില്‍ കൂടുതലല്ല. പക്ഷേ---നിങ്ങള്‍ക്ക് വാലുകുലുക്കിപ്പാമ്പുകളെപ്പറ്റി എന്തെങ്കിലും അറിയാമോ? നിങ്ങള്‍ക്ക് പാമ്പുകടി കിട്ടാം.”

അവള്‍ ഒരു നിമിഷം അയാളുടെ നേര്‍ക്ക് നോക്കി. “ഞാന്‍ അവനെ കൊണ്ടുപോവാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് അവനെ ഇവിടെ വിട്ടിട്ടു പോണം, പക്ഷേ -- എനിക്ക് അവന്‍ എന്റേതായിരിക്കണം. എനിക്ക് ഇവിടെ വരികയും അവനെ കാണുകയും അവന് തീറ്റ കൊടുക്കുകയും അവന്‍ എന്റേതാണെന്ന് അറിയുകയും വേണം.” അവള്‍ ഒരു ചെറിയ പേഴ്സ് തുറന്ന് ഒരു അഞ്ച്-ഡോളര്‍ നോട്ട് പുറത്തെടുത്തു. “ഇതാ! ഇപ്പോള്‍ അവന്‍ എന്റേതാണ്.”

“ഡോ. ഫിലിപ്സ് ഭയക്കാന്‍ തുടങ്ങി. “നിങ്ങള്‍ക്ക് അവനെ സ്വന്തമാക്കാതെ തന്നെ വന്ന് അവനെ കാണാം.”
“എനിക്ക് അവന്‍ എന്റേതാവണം.”

“ഓ, ദൈവമേ!” അയാള്‍ അലറി. “ഞാന്‍ സമയം മറന്നുപോയി.” അയാള്‍ മേശയുടെ നേര്‍ക്ക് ഓടി. “മൂന്ന് മിനിട്ട് കൂടിപ്പോയി. അത് അത്ര സാരമില്ല.” അയാള്‍ മെന്തോള്‍ പരലുകള്‍ രണ്ടാമത്തെ വാച്ച് ഗ്ലാസിലേയ്ക്ക് കുടഞ്ഞിട്ടു. പിന്നീട് അയാള്‍ സ്ത്രീ അപ്പോഴും പാമ്പിനെ തുറിച്ചുനോക്കിക്കൊണ്ടിരുന്ന കൂടിലേയ്ക്ക് ആകൃഷ്ടനായി.

അവള്‍ ചോദിച്ചു, “അവന്‍ എന്താണ് തിന്നുന്നത്?”
“ഞാന്‍ അവന് വെള്ളെലികളെ തിന്നാന്‍ കൊടുക്കുന്നു, ആ കൂട്ടില്‍ നിന്നുള്ള എലികളെ.”
“നിങ്ങള്‍ അവനെ മറ്റേ കൂട്ടില്‍ ഇടാമോ? എനിക്ക് അവന് ആഹാരം കൊടുക്കണം.”

“പക്ഷേ അവന് ആഹാരം ആവശ്യമില്ല. അവന്‍ ഈ ആഴ്ച്ച ഒരു എലിയെ തിന്നുകഴിഞ്ഞു. ചിലപ്പോള്‍ അവ മൂന്നോ നാലോ മാസത്തേയ്ക്ക് ഭക്ഷിക്കാറില്ല. എനിക്ക് ഒരു വര്‍ഷത്തോളം ആഹാരം കഴിക്കാത്ത ഒരെണ്ണം ഉണ്ടായിരുന്നു.”

അവളുടെ ഏകസ്ഥായിയില്‍ അവള്‍ ചോദിച്ചു. “നിങ്ങള്‍ എനിക്ക് ഒരു എലിയെ വില്‍ക്കുമോ?”

അയാള്‍ തോള് ചുരുക്കി. “എനിക്ക് മനസിലായി. നിങ്ങള്‍ക്ക് വാലുകുലുക്കിപ്പാമ്പുകള്‍ എങ്ങനെയാണ് ഭക്ഷിക്കുന്നതെന്ന് കാണണം. ശരി. ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. എലിയ്ക്ക് ഇരുപത്തഞ്ച് സെന്റ് വിലവരും. നിങ്ങള്‍ ഒരു തരത്തില്‍ നോക്കിയാല്‍ ഇത് ഒരു കാളപ്പോരിലും നല്ലതാണ്. മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഇത് ഒരു പാമ്പ് അവന്റെ അത്താഴം കഴിക്കുന്നത് മാത്രമാണ്.” അയാളുടെ സ്വരത്തില്‍ കയ്പ്പുനിറഞ്ഞിരുന്നു. പ്രകൃതി പ്രക്രിയകളെ ഒരു വിനോദമായി കാണുന്നവരെ അയാള്‍ വെറുത്തിരുന്നു. അയാള്‍ ഒരു സ്പോര്‍ട്ട്സ്മാന്‍ അല്ല, ഒരു ജന്തുശാസ്ത്രജ്ഞനായിരുന്നു. വിജ്ഞാനത്തിനു വേണ്ടി അയാള്‍ ഒരായിരം ജീവികളെ കൊല്ലും, പക്ഷേ വിനോദത്തിനു വേണ്ടി ഒരു ഈച്ചയെപ്പോലും കൊല്ലില്ല. ഇതെല്ലാം അയാള്‍ മനസ്സില്‍ മുന്‍പേതന്നെ ചിന്തിച്ചുകൂട്ടിയിരുന്നു.

അവള്‍ തല പതുക്കെ അയാളുടെ നേരെ തിരിച്ചു, അവളുടെ മെലിഞ്ഞ ചുണ്ടുകളില്‍ ഒരു പുഞ്ചിരിയുടെ തുടക്കം രൂപംകൊണ്ടു. “എനിക്ക് എന്റെ പാമ്പിന് തീറ്റകൊടുക്കണം,” അവള്‍ പറഞ്ഞു. “ഞാന്‍ അവനെ മറ്റേ കൂടിലിടും.” അവള്‍ എന്താണ് ചെയ്യുന്നതെന്ന് അവന്‍ തിരിച്ചറിയുന്നതിനു മുന്‍പേ തന്നെ അവള്‍ കൂടിന്റെ മൂടി തുറന്ന് തന്റെ കൈ അതിലേയ്ക്കിട്ടിരുന്നു. അയാള്‍ മുന്നോട്ടുചാടി അവളെ പിന്നോട്ടുവലിച്ചു. മൂടി ശബ്ദത്തോടെ അടഞ്ഞു.

“നിങ്ങള്‍ക്ക് ഒരു ബോധവുമില്ലേ,” അയാള്‍ ക്രോധത്തോടെ ചോദിച്ചു. “ഒരുപക്ഷേ അവന്‍ നിങ്ങളെ കൊല്ലില്ലായിരിക്കാം, പക്ഷേ എനിക്ക് നിങ്ങളെ എന്ത് ചെയ്യാന്‍ കഴിഞ്ഞാലും അവന് നിങ്ങളെ വളരെ അപകടത്തിലാക്കാന്‍ കഴിയും.”

“അങ്ങനെയാണെങ്കില്‍ നിങ്ങള്‍ അവനെ അടുത്ത കൂട്ടിലിടൂ,” അവള്‍ ശാന്തമായി പറഞ്ഞു.

ഡോ. ഫിലിപ്സ് പതറിയിരുന്നു. ഒന്നിലേയ്ക്കും നോക്കുന്നില്ല എന്നു തോന്നിച്ച ഇരുണ്ട കണ്ണുകളെ താന്‍ ഒഴിവാക്കുന്നതായി അയാള്‍ കണ്ടു. ആ കൂട്ടിലേക്ക് ഒരു എലിയെ ഇടുന്നത് വളരെവലിയ തെറ്റാണെന്ന് അയാള്‍ക്കു തോന്നി, ഗാഢമായ പാപമാണെന്ന്; അത് എന്തുകൊണ്ടാണെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. പലപ്പോഴും ആരെങ്കിലും കാണാന്‍ താല്പര്യപ്പെടുമ്പോള്‍ അയാള്‍ കൂട്ടിലേയ്ക്ക് എലികളെ ഇട്ടിരുന്നു, പക്ഷേ ഈ രാത്രിയിലെ ആഗ്രഹം അയാളെ തളര്‍ത്തി. അയാള്‍ സ്വയം വിശദീകരിച്ച് അതില്‍ നിന്ന് പുറത്തുകടക്കാന്‍ നോക്കി.

“ഇത് ഒരു നല്ല കാഴ്ച്ചയാണ്,” അയാള്‍ പറഞ്ഞു. “ഒരു പാമ്പിന് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഇത് നിങ്ങള്‍ക്ക് കാണിച്ചുതരും. ഇത് നിങ്ങളെ വാലുകുലുക്കിപ്പാമ്പിനോട് ബഹുമാനമുള്ളവരാക്കി മാറ്റും. അപ്പോഴും, ഒരുപാടുപേര്‍ക്ക് പാമ്പുകള്‍ ഇരയെ കൊല്ലുന്നതിന്റെ ഭീകരതയെപ്പറ്റി സ്വപ്നങ്ങള്‍ ഉണ്ടാവാറുണ്ട്. എനിക്കു തോന്നുന്നത് അത് ഓരോ വ്യക്തിയുടെയും ഉള്ളിലുള്ള എലി ആണെന്നാണ്. ഓരോ വ്യക്തിയുമാണ് എലി. എന്നാല്‍ കാര്യം മുഴുവനായി കണ്ടുകഴിയുമ്പോള്‍ സംഗതി വസ്തുതാപരമാണ്. എലി എലി മാത്രമാണ്, അതോടെ പേടി നീങ്ങുന്നു.”

ചുമരില്‍ നിന്ന് ഒരു തുകല്‍ കുടുക്ക് ഘടിപ്പിച്ച ഒരു നീണ്ട വടി അയാള്‍ എടുത്തു. കൂടുതുറന്ന് അയാള്‍ കുടുക്ക് വലിയ പാമ്പിന്റെ കഴുത്തിനുമീതേ ഇട്ട് കുരുക്കുമുറുക്കി. തുളയ്ക്കുന്ന ഒരു വരണ്ട ചിലമ്പൊലി മുറിയെ നിറച്ചു. അയാള്‍ പാമ്പിനെ തൂക്കിയെടുത്ത് ആഹാരം കൊടുക്കുന്ന കൂട്ടിലിടുമ്പൊഴേയ്ക്കും അതിന്റെ തടിച്ച ശരീരം വളഞ്ഞുപുളഞ്ഞ് വടിയുടെ പിടിയില്‍ അടിച്ചു. അത് കുറച്ചുനേരത്തേയ്ക്ക് കൊത്താന്‍ തയ്യാറായി നിന്നു, പക്ഷേ കലമ്പല്‍ പതുക്കെ നിലച്ചു. പാമ്പ് ഒരു മൂലയിലേയ്ക്ക് ഇഴഞ്ഞു, അതിന്റെ ശരീരം കൊണ്ട് ഒരു വലിയ എട്ട് സൃഷ്ടിച്ച് അനങ്ങാതെ കിടന്നു.

“നോക്കൂ,” അയാള്‍ വിശദീകരിച്ചു, “ഈ പാമ്പുകള്‍ വളരെ ഇണങ്ങിയതാണ്. ഇവ എന്റെ പക്കല്‍ വളരെനാളായി ഉണ്ടായിരുന്നു. വേണമെങ്കില്‍ എനിക്കവയെ കൈകൊണ്ട് പിടിക്കാമെന്നാണ് എനിക്കു തോന്നുന്നത്, പക്ഷേ വാലുകുലുക്കിപ്പാമ്പിനെ പിടിക്കുന്ന എല്ലാവര്‍ക്കും ഉടനെ അല്ലെങ്കില്‍ പിന്നീട് പാമ്പിന്‍‌കടിയേല്‍ക്കുന്നു. എനിക്ക് ആ ചാന്‍സ് എടുക്കാന്‍ വയ്യ.” അയാള്‍ സ്ത്രീയുടെ നേര്‍ക്ക് നോക്കി. എലിയെ ഇടുന്നത് അയാള്‍ വെറുത്തു. അവള്‍ പുതിയ കൂടിന് മുന്‍പിലേയ്ക്ക് നീങ്ങിയിരുന്നു; അവളുടെ കറുത്ത കണ്ണുകള്‍ വീണ്ടും പാമ്പിന്റെ കല്ലുതലയുടെ മീതേ ആയിരുന്നു.

അവള്‍ പറഞ്ഞു, “ഒരു എലിയെ ഇടൂ.”

മടിച്ചുകൊണ്ട് അയാള്‍ എലിക്കൂടിലേയ്ക്ക് ചെന്നു. എന്തോ കാരണം കൊണ്ട് അയാള്‍ക്ക് എലിയെ ഓര്‍ത്ത് ദു:ഖം തോന്നി, ഇത്തരം ഒരു വികാരം അയാള്‍ക്ക് മുന്‍പൊരിക്കലും വന്നിരുന്നില്ല. തന്റെ മുന്നിലുള്ള കമ്പിവലയില്‍ നുഴഞ്ഞുകയറുന്ന വെളുത്ത ശരീരങ്ങളുടെ മേല്‍ അയാളുടെ കണ്ണുകള്‍ ചെന്നു. “ഏത്?” അയാള്‍ ചിന്തിച്ചു. “ഇതില്‍ ഏതായിരിക്കണം?” പെട്ടെന്ന് അയാള്‍ ദേഷ്യത്തോടെ സ്ത്രീയുടെ നേര്‍ക്ക് തിരിഞ്ഞു, “നിങ്ങള്‍ക്ക് ഞാനൊരു പൂച്ചയെ ഇട്ടാല്‍ പോരേ? അപ്പോള്‍ നിങ്ങള്‍ ഒരു യഥാര്‍ത്ഥ പോരാട്ടം കാണും. പൂച്ച ഒരുപക്ഷേ ജയിക്കുകപോലും ചെയ്യും, അഥവാ പക്ഷേ അത് ജയിച്ചാല്‍ അത് പാമ്പിനെ കൊന്നെന്നിരിക്കും. വേണമെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊരു പൂച്ചയെ വില്‍ക്കാം.”

അവള്‍ അയാളുടെ നേര്‍ക്ക് നോക്കിയില്ല. “ഒരു എലിയെ ഇടൂ,” അവള്‍ പറഞ്ഞു. “എനിക്ക് അവന്‍ തിന്നണം.”

അയാള്‍ എലിക്കൂട് തുറന്ന് തന്റെ കൈ അതിലേയ്ക്കിട്ടു. അയാളുടെ വിരലുകള്‍ ഒരു വാലി കണ്ടെത്തി, അയാള്‍ ഒരു മാംസളമായ, ചുവന്ന കണ്ണുള്ള എലിയെ കൂട്ടില്‍ നിന്നും പൊക്കിയെടുത്തു. അത് മുകളിലേയ്ക്ക് വളഞ്ഞ് അയാളുടെ വിരലില്‍ കടിക്കാന്‍ പരിശ്രമിച്ചു, പരാജയപ്പെട്ട്, അനങ്ങാതെ വിടര്‍ന്ന് വാലില്‍ത്തൂങ്ങിക്കിടന്നു. അയാള്‍ പെട്ടെന്ന് മുറിക്കു കുറുകേ നടന്നു, ആഹാരം കൊടുക്കുന്ന കൂടുതുറന്ന് എലിയെ മണ്‍പ്രതലത്തില്‍ ഇട്ടു. “ഇതാ, കണ്ടുകൊള്ളൂ,” അയാള്‍ അലറി.

സ്ത്രീ അയാളോട് പ്രതിവചിച്ചില്ല. അവളുടെ കണ്ണുകള്‍ അനങ്ങാതെ കിടക്കുന്ന പാമ്പിന്റെ മീതേ ആയിരുന്നു. അതിന്റെ നാവ്, അകത്തേയ്ക്കും പുറത്തേയ്ക്കും വേഗത്തില്‍ വെട്ടിക്കൊണ്ട്, കൂടിലെ വായു രുചിച്ചു.

എലി അതിന്റെ കാലുകളില്‍ നിലത്തുവീണു, തിരിഞ്ഞ് അതിന്റെ പിങ്കുനിറമുള്ള നഗ്നമായ വാല് മണത്തു, എന്നിട്ട് ഒന്നും സംഭവിക്കാത്തതുപോലെ പോകുന്ന വഴിയാകെ മണത്തുകൊണ്ട് മണ്ണിലൂടെ പതുക്കെ ഓടി. മുറി നിശബ്ദമായിരുന്നു. ജലം തൂണുകളില്‍ നിശ്വസിച്ചതാണോ സ്ത്രീ നിശ്വസിച്ചതാണോ എന്ന് ഡോ. ഫില്ലിപ്സിന് മനസിലായില്ല. തന്റെ കണ്‍കോണിലൂടെ അവളുടെ ശരീരം വളയുന്നതും കട്ടിയാവുന്നതും അയാള്‍ കണ്ടു.

പാമ്പ് സുഗമമായി, പതുക്കെ, പുറത്തേയ്ക്കിഴഞ്ഞു. നാവ് പുറത്തേയ്ക്കും അകത്തേയ്ക്കും വെട്ടി. അത് അനങ്ങുന്നു എന്നുപോലും തോന്നിക്കാത്തത്ര സുഗമവും, അത്ര സാവധാനവുമായിരുന്നു, അതിന്റെ ചലനം. കൂടിന്റെ മറ്റേ അറ്റത്ത് എലി പിന്‍‌കാലുകളില്‍ കുന്തിച്ചിരുന്ന് അതിന്റെ നെഞ്ചിലെ മൃദുവായ വെളുത്ത രോമങ്ങളെ നക്കിത്തുടങ്ങി. എപ്പോഴും ഒരു ‘ട‘ ആകൃതിയിലെ വളവ് കഴുത്തുഭാഗത്ത് നിലനിര്‍ത്തിക്കൊണ്ട് പാമ്പ് മുന്നോട്ടുനീങ്ങി.

നിശബ്ദത ചെറുപ്പക്കാരനെ പിടിച്ചുലച്ചു. തന്റെ ശരീ‍രത്തില്‍ രക്തം ഇരമ്പുന്നത് അയാള്‍ക്ക് അനുഭവിക്കാമായിരുന്നു. അയാള്‍ ഉറക്കെപ്പറഞ്ഞു, “നോക്കൂ! അവന്‍ ആക്രമണത്തിനുള്ള വളവ് തയ്യാറാക്കിയിരിക്കുന്നു. വാലുകുലുക്കിപ്പാമ്പുകള്‍ ശ്രദ്ധാലുക്കളാണ്, ഒട്ടൊക്കെ പേടിത്തോണ്ടന്മാരായ ജീവികളാണ്. ആ ചലനം വളരെ മൃദുവാണ്. പാമ്പിന്റെ അത്താഴം ഒരു സര്‍ജ്ജന്റെ ജോലിപോലെ അത്ര വൈദഗ്ധ്യമേറിയ ഒരു ക്രിയയിലൂടെയാണ് ലഭിക്കുന്നത്. സ്വന്തം ഉപകരണങ്ങള്‍ കൊണ്ട് അത് ഒരു ചാന്‍സും എടുക്കുന്നില്ല.

പാമ്പ് ഇപ്പൊഴേയ്ക്കും കൂടിന്റെ മദ്ധ്യത്തിലേയ്ക്ക് ഒഴുകിയിരുന്നു. എലി തലയുയര്‍ത്തി നോക്കി, പാമ്പിനെ കണ്ടു, എന്നിട്ട് ഇത് തന്നെ ബാധിക്കാത്തതുപോലെ അതിന്റെ നെഞ്ചു നക്കുന്നതിലേയ്ക്ക് തിരിഞ്ഞു.

“ഇത് ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്യമാണ്,” ചെറുപ്പക്കാരന്‍ പറഞ്ഞു. അയാളുടെ നാഢികള്‍ തുടിക്കുന്നുണ്ടായിരുന്നു. “ഇത് ലോകത്തിലെ ഏറ്റവും ഭയാനകമായ കാര്യമാണ്.”

പാമ്പ് ഇപ്പോള്‍ അടുത്തെത്തിയിരുന്നു. അതിന്റെ തല മണ്ണില്‍ നിന്നും ഏതാനും ഇഞ്ചുകള്‍ ഉയര്‍ന്നു. തല പതുക്കെ മുന്നോട്ടും പിന്നോട്ടും ആടി, ഉന്നമെടുത്തു, ദൂരമളന്നു, ഉന്നമെടുത്തു. ഡോ. ഫിലിപ്സ് വീണ്ടും സ്ത്രീയുടെ നേര്‍ക്ക് പാളിനോക്കി. അയാള്‍ വല്ലാതെയായി. അവളും ആടുന്നുണ്ടായിരുന്നു, ഒരുപാടല്ല, വളരെ ചെറുതായി.

എലി തലയുയര്‍ത്തിനോക്കി പാമ്പിനെ കണ്ടു. അത് നാലുകാലിലും നിന്ന് പിന്നോട്ടു വലിഞ്ഞു, അപ്പോള്‍ - കൊത്ത്. അത് കാണാന്‍ അസാദ്ധ്യമായിരുന്നു, ഒരു മിന്നല്‍ മാത്രം. എലി അദൃശ്യമായ ഒരു അടികൊണ്ടതുപോലെ വിറച്ചു. പാമ്പ് പെട്ടെന്ന് താന്‍ വന്ന മൂലയിലേയ്ക്ക് പിന്നോട്ടുനീങ്ങി നിശ്ചലമായി, അതിന്റെ നാക്ക് നിറുത്താതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

“ തകര്‍പ്പന്‍!” ഡോ. ഫിലിപ്സ് അലറി. “കൃത്യമായി തോളെല്ലുകള്‍ക്കിടയില്‍. പല്ലുകള്‍ ഏകദേശം ഹൃദയം വരെ എത്തിക്കാണണം.”

ഒരു ചെറിയ വായുസഞ്ചിപോലെ ശ്വാസം വിട്ടുകൊണ്ട് എലി നിശ്ചലമായി നിന്നു. പെട്ടെന്ന് അത് വായുവില്‍ ചാടി ഒരു വശത്തേയ്ക്ക് മറിഞ്ഞ് വീണു. അതിന്റെ കാലുകള്‍ ഒരു നിമിഷത്തേയ്ക്ക് പിടഞ്ഞു, അത് ചത്തു.

സ്ത്രീ അയഞ്ഞു, ഉറക്കം പോലെ അയഞ്ഞു.

“ഹും,” ചെറുപ്പക്കാരന്‍ ചോദിച്ചു, “അതൊരു അതിവൈകാരികമായ കാഴ്ച്ചയായിരുന്നു, അല്ലേ?”

അവള്‍ തന്റെ മഞ്ഞുമൂടിയ കണ്ണുകള്‍ അയാളുടെ നേരെ തിരിച്ചു. “അവന്‍ അതിനെ ഇപ്പോള്‍ തിന്നുമോ?” അവള്‍ ചോദിച്ചു.

“തീര്‍ച്ചയായും അവന്‍ അതിനെ തിന്നും. അവന്‍ ഒരു രസത്തിനുവേണ്ടി കൊന്നതല്ല. അവന് വിശന്നതുകൊണ്ടാണ് അവന്‍ കൊന്നത്.”

അവളുടെ വായയുടെ വക്കുകള്‍ വീണ്ടും ഒരല്പം ഉയര്‍ന്നു. അവള്‍ പാമ്പിനെ നോക്കി. “എനിക്ക് അവന്‍ അതിനെ തിന്നുന്നത് കാണണം.”

ഇപ്പോള്‍ പാമ്പ് വീണ്ടും അവന്റെ മൂലയില്‍ നിന്നും വന്നു. കഴുത്ത് ആക്രമണത്തിനായി വളഞ്ഞുനിന്നില്ല, പക്ഷേ എലിയെ ശ്രദ്ധയോടെ സമീപിച്ചു, അഥവാ അത് ആക്രമിച്ചാല്‍ പിന്നോട്ട് വലിയാന്‍ തയ്യാറായിക്കൊണ്ട്. തന്റെ പരന്ന മൂക്കുകൊണ്ട് ശരീരം പതുക്കെ തള്ളി, എന്നിട്ട് പിന്നോട്ടുനീങ്ങി. അത് മരിച്ചു എന്നതില്‍ സംതൃപ്തനായി, പാമ്പ് ശരീരം മുഴുവന്‍ തന്റെ താടികൊണ്ട് സ്പര്‍ശിച്ചു, തല മുതല്‍ വാലുവരെ. അത് ശരീരം അളക്കുന്നതായും ചുംബിക്കുന്നതായും തോന്നി. ഒടുവില്‍ അത് വായ തുറന്നു, വശങ്ങളിലെ താടിയെല്ലുകള്‍ അനക്കി.

ഡോ. ഫിലിപ്സ് സ്ത്രീയുടെ നേര്‍ക്ക് തിരിയാതിരിക്കാന്‍ തന്റെ തലയിലേയ്ക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചു. അയാള്‍ ചിന്തിച്ചു, “അവള്‍ വായ തുറക്കുകയാണെങ്കില്‍, ഞാന്‍ ശര്‍ദ്ദിക്കും. ഞാന്‍ ഭയക്കും.” തന്റെ കണ്ണുകളെ ദൂരേയ്ക്ക് നിറുത്തുന്നതില്‍ അയാള്‍ വിജയിച്ചു.

പാമ്പ് തന്റെ താടിയെല്ലുകള്‍ എലിയുടെ തലയില്‍ ഘടിപ്പിച്ചു, എന്നിട്ട് പതുക്കെ ക്രമമായ കമ്പനങ്ങളില്‍, എലിയെ വിഴുങ്ങാന്‍ തുടങ്ങി. താടിയെല്ലുകള്‍ ഉറച്ചു, തൊണ്ട മുഴുവന്‍ ചുരുങ്ങി, താടിയെല്ലുകള്‍ വീണ്ടും ഉറച്ചു.

ഡോ.ഫിലിപ്സ് തിരിഞ്ഞ് തന്റെ ജോലിമേശയിലേയ്ക്ക് നടന്നു. “നിങ്ങള്‍ എന്റെ ശ്രേണിയിലെ ഒരു പരീക്ഷണം നഷ്ടപ്പെടുത്തി,” അയാള്‍ കയ്പ്പോടെ പറഞ്ഞു. “ഈ ശ്രേണി പൂര്‍ണ്ണമാവില്ല.” അയാള്‍ വാച്ച് ഗ്ലാസുകളില്‍ ഒന്നെടുത്ത് ശക്തികുറഞ്ഞ ഒരു സൂക്ഷ്മദര്‍ശിനിയുടെ കീഴേ വയ്ച്ച് അതിലേയ്ക്കു നോക്കി, എന്നിട്ട് ദേഷ്യത്തോടെ എല്ലാ ഗ്ലാസുകളിലും ഉള്ളവയത്രയും സിങ്കിലേയ്ക്ക് കമഴ്ത്തി. തിരകള്‍ താണുകഴിഞ്ഞിരുന്നതിനാല്‍ തറയിലൂടെ ഒരു നനഞ്ഞ മന്ത്രണം മാത്രമേ വന്നുള്ളൂ. ചെറുപ്പക്കാരന്‍ തന്റെ കാല്‍ക്കീഴിലുള്ള ഒരു കെണിവാതില്‍ തുറന്ന് നക്ഷത്രമത്സ്യങ്ങളെ താഴെ കറുത്ത വെള്ളത്തിലേയ്ക്കിട്ടു. തൊട്ടിയില്‍ ക്രൂശിതനായതും തമാശരൂപേണ വെളിച്ചത്തിലേയ്ക്ക് ഇളിക്കുന്നതുമായ പൂച്ചയുടെ ചാരേ അയാള്‍ നിന്നു. അതിന്റെ ശരീരം എംബാമിങ്ങ് ദ്രാവകം കൊണ്ട് നിറഞ്ഞിരുന്നു. അയാള്‍ മര്‍ദ്ദം അടച്ചു, സൂചി ഊരിമാറ്റി, ഞരമ്പ് കെട്ടി.

“നിങ്ങള്‍ക്ക് ഒരു കാപ്പി എടുക്കട്ടേ?” അയാള്‍ ചോദിച്ചു.

“ഇല്ല, നന്ദി. ഞാന്‍ ഉടനെ പോവും.”

അയാള്‍ അവള്‍ പാമ്പിന്‍ കൂടിനു മുന്‍പില്‍ നില്‍ക്കുന്നയിടത്തേയ്ക്ക് പോയി. എലിയെ വിഴുങ്ങിക്കഴിഞ്ഞിരുന്നു, പൂര്‍ണ്ണമായും, പരിഹസിക്കുന്ന നാവുപോലെ പാമ്പിന്റെ വായയുടെ പുറത്തേയ്ക്ക് തള്ളിനിന്ന പിങ്ക് വാലിന്റെ ഒരു ഇഞ്ച് ഒഴിച്ച്. തൊണ്ട വീണ്ടും ചലിച്ചു, വാലും അപ്രത്യക്ഷമായി. താടിയെല്ലുകള്‍ അവയുടെ കുഴിയിലേയ്ക്ക് പെട്ടെന്ന് വീണു, വലിയ പാമ്പ് ഭാരത്തോടെ മൂലയിലേയ്ക്ക് ഇഴഞ്ഞു, ഒരു വലിയ എട്ട് നിര്‍മ്മിച്ച് അതിന്റെ തല മണലിലേയ്ക്ക് വീഴ്ത്തി.

“അവന്‍ ഇപ്പോള്‍ ഉറക്കമായി,” സ്ത്രീ പറഞ്ഞു. “ഞാന്‍ ഇപ്പോള്‍ പോവുകയാണ്. പക്ഷേ ഞാന്‍ തിരിച്ചുവന്ന് ഇടയ്ക്കിടയ്ക്ക് എന്റെ പാമ്പിന് ആഹാരം കൊടുക്കും. ഞാന്‍ എലികളുടെ കാശ് തരാം. എനിക്ക് അവന്‍ ഒരുപാട് ആഹാരം കഴിക്കണം. ചില സമയത്ത് - ഞാനവനെ എന്നോടൊത്ത് കൊണ്ടുപോവും.” അവളുടെ കണ്ണുകള്‍ അവയുടെ പുകപിടിച്ച സ്വപ്നത്തില്‍ നിന്ന് ഒരു നിമിഷം പുറത്തുവന്നു. “ഓര്‍ക്കുക, അവന്‍ എന്റേതാണ്. അവന്റെ വിഷം എടുക്കരുത്. അവനതു വേണമെന്നാണ് എനിക്ക്. ശുഭരാത്രി”. അവള്‍ വേഗത്തില്‍ വാതിലിലേയ്ക്കു നടന്ന് പുറത്തേയ്ക്കുപോയി. അവന്‍ പടികളില്‍ അവളുടെ പദചലനങ്ങള്‍ ശ്രവിച്ചു, പക്ഷേ അവള്‍ നടപ്പാതയിലൂടെ നടന്നുപോവുന്നത് അവന്‍ കേട്ടില്ല.

ഡോ. ഫിലിപ്സ് ഒരു കസാര തിരിച്ചിട്ട് പാമ്പിന്‍കൂടിനു മുന്‍പിലായി ഇരുന്നു. മയങ്ങുന്ന പാമ്പിനെ നോക്കുമ്പൊഴും അയാള്‍ സ്വന്തം ചിന്തകളെ ക്രമപ്പെടുത്താന്‍ ശ്രമിച്ചു. “മനശാസ്ത്ര ലൈംഗീക ചിഹ്നങ്ങളെക്കുറിച്ച് ഞാനൊരുപാട് വായിച്ചിട്ടുണ്ട്,” അയാള്‍ ചിന്തിച്ചു. “ഇതിന് ഒരു വിശദീകരണം കിട്ടുന്നില്ല. ഒരുപക്ഷേ ഞാന്‍ ഒരുപാട് ഒറ്റയ്ക്കായിരിക്കാം. ഒരുപക്ഷേ ഞാന്‍ പാമ്പിനെ കൊല്ലണം. എനിക്ക് അറിയാമായിരുന്നെങ്കില്‍ -- ഇല്ല, എനിക്കൊന്നിനോടും പ്രാര്‍ത്ഥിക്കാന്‍ കഴിയില്ല.”

ആഴ്ച്ചകളോളം അവള്‍ വരുന്നത് അയാള്‍ പ്രതീക്ഷിച്ചു. “അവള്‍ വരുമ്പോള്‍ അവളെ ഒറ്റയ്ക്കുവിട്ട് ഞാന്‍ പുറത്തുപോവും,” അയാള്‍ തീരുമാനിച്ചു. “ഞാന്‍ ആ ശപ്തമായ കാഴ്ച്ച വീണ്ടും കാണില്ല.”

അവള്‍ ഒരിക്കലും തിരിച്ചുവന്നില്ല. മാസങ്ങളോളം അയാള്‍ പട്ടണത്തില്‍ക്കൂടി നടക്കുമ്പോള്‍ അവളെ തിരഞ്ഞു. പല തവണ അത് അവളാണെന്നു ചിന്തിച്ച് ചില ഉയരം കൂടിയ സ്ത്രീകളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു. പക്ഷേ അയാള്‍ പിന്നീട് ഒരിക്കലും അവളെ കണ്ടില്ല - ഒരിക്കലും.

---------------

*വാലുകുലുക്കിപ്പാമ്പ് - Rattlesnake

*സ്റ്റെയിന്‍ബെക്കിനെ കൂടുതല്‍ വായിക്കേണ്ടവര്‍ക്ക് - പ്രസാധകര്‍: Penguin books (Penguin Classics). (ദുബൈ - ബോര്‍ഡേഴ്സ് ബുക്സ്റ്റാള്‍, മാള്‍ ഓഫ് എമിരേറ്റ്സ് / ബാംഗ്ലൂര്‍ - ഗംഗാറാംസ്). മറ്റ് നല്ല പുസ്തകങ്ങള്‍ - ഗ്രേപ്സ് ഓഫ് റാഥ്, ഈസ്റ്റ് ഓഫ് ഏദന്‍, ഓഫ് മൈസ് ആന്‍ഡ് മെന്‍.

Friday, 16 May 2008

ഒരു മാലാഖാനഷ്ടം രേഖപ്പെടുത്തിയ ചിലത്

ഉണ്ണിക്കട്ടേ നീയെന്തിനാ സ്റ്റേജില്‍ നിന്ന് അനങ്ങിയേ? മാലാഖ ഉയരത്തില്‍ നിന്ന് ഒക്കെ കാണാനേ പാടുള്ളൂ, അനങ്ങില്ല. അറിയോ?


കുഞ്ഞുങ്ങളെക്കുറിച്ചുള്ള കഥകളും കുഞ്ഞുങ്ങളുടെ പടങ്ങളും കണ്ടപാടെ കാന്തത്തിലൊട്ടുന്നപോലൊരു സ്വഭാവമുണ്ട് എനിക്ക്. മനസ്സുകൊണ്ടിപ്പഴും ഏറെയൊന്നും വളരാത്തതുകൊണ്ടാവും. നമ്മളെക്കാളൊക്കെ ഉയരത്തില്‍ നിന്നാണ് കുഞ്ഞുങ്ങള്‍ ലോകം കാണുന്നതെന്ന് തോന്നിയിട്ടുണ്ട്. വളരുംതോറും നമുക്ക് ആ ദിവ്യക്കാഴ്ചയുടെ ഔന്നത്യം നഷ്ടപ്പെടുന്നു. വസ്തുക്കള്‍ വലുതാവുകയും കാഴ്ച ചുരുങ്ങുകയും ചെയ്യുന്നു. ഉയരക്കാഴ്ചയില്‍ കിട്ടുന്ന ഏകമാനം വളരാനുള്ള അത്യാഗ്രഹത്തില്‍ നമ്മള്‍ വലിച്ചെറിയുന്നു. സ്വന്തം പ്രതിരൂപത്തെ കണ്ണാടിയില്‍ ദര്‍ശിച്ച് തിരിച്ചറിയുന്ന നിമിഷം മുതല്‍ സ്വത്വബോധത്തിന്റെ ചുഴലിയില്‍ മനുഷ്യന്‍ അകപ്പെടുന്നു എന്ന ഴാക് ലക്കാന്‍ തിയറി കേട്ടുകേള്‍വി പോലും ഇല്ലാത്ത എന്റെ അമ്മയും പറഞ്ഞു കേട്ടിട്ടുണ്ട് "കൊച്ചു കുഞ്ഞിനെ കണ്ണാടി കാണിക്കല്ലെ" എന്ന്. നഷ്ടപ്പെടുമെന്ന് തീര്‍ച്ചയുള്ള എന്തോ ഒന്ന് മുറുക്കിപ്പിടിക്കാനുള്ള അത്തരം ഒരു വെമ്പലായിട്ടാണ് രാജ് നീട്ടിയത്തിന്റെ മാലാഖയുടെ മരണം എന്ന കഥ ഞാന്‍ വായിച്ചത്. മരണമെന്ന നിശ്ചലചിത്രത്തില്‍ പൂഴ്ത്തി വയ്ക്കുക മാത്രമേ ഒരു മാലാഖച്ചിറകിന്റെ രക്ഷക്ക് ചെയ്യാനാവു എന്ന പോലെ.

മാതൃത്വത്തെ മഹത്വവല്‍ക്കരിക്കുന്നതു പോലെ കുഞ്ഞുങ്ങളെ ദൈവത്തിന്റെ പ്രതിരൂപങ്ങളാക്കി കാണുക എന്നതും നമുക്കു പതിവാണ്. ഉണ്ണിമാലാഖക്ക് ചിറകുകള്‍ സ്വപ്നം കാണാന്‍ നല്‍കിയ ചാരുലതാമിസ്സിനെപ്പോലെ. യാഥാര്‍ത്ഥ്യത്തിന്റെ ചൂടും ചൂരും തട്ടി വാടരുതേ എന്നു പ്രാര്‍ത്ഥിച്ച് തന്റെ കുഞ്ഞുങ്ങളെ വൈകും മുന്നെ വീട്ടിലേക്ക് തിരിച്ചു വരാന്‍ കെഞ്ചുന്ന വില്യം ബ്ലേക്കിന്റെ പോറ്റമ്മയെ ഓര്‍ത്തു പോയി. ( nurse's song ) രാത്രിയുടെ നിഴലുകള്‍ക്കപ്പുറം അവരെ കാത്തിരിക്കുന്ന അറിവിന്റെ ഭീതികള്‍ തടഞ്ഞു നിര്‍ത്താന്‍ തനിക്ക് ആവില്ലല്ലോ എന്ന വ്യസനമാണ് ആ കവിത. ഇവിടെ ഉണ്ണിക്ക് മാലാഖച്ചിറകുനല്‍കുന്ന മനസ്സും കൊതിക്കുന്നത് അതിമാനുഷികമായ ശക്തിയല്ല. ദൈവത്തോട് സമമായ ഒരു വിശുദ്ധിയാണ്.അവനെ നഷ്ടപ്പെട്ട ആടിനെ തിരയുന്നതിനായും, പൂവിന്മേല്‍ ചെന്നിരിക്കുന്നതിനായും നിയോഗിക്കുന്നതും ഒക്കെ മുതിര്‍ന്ന മനസ്സുകളാണ്. പൂവ് ഒടിഞ്ഞുവീഴുമോ എന്ന അവന്റെ ഭയം തന്നില്‍ ആരോപിക്കപ്പെട്ടിട്ടുള്ള ദൈവീകപരിവേഷത്തിന്റെ ഭാരം താങ്ങാനാവാതെയാവാം എന്നോര്‍ക്കാന്‍ പോലും ചുറ്റുമുള്ള മുതിര്‍ന്ന മനസ്സുകള്‍ മിനക്കെടുന്നില്ല. കുഞ്ഞിന്റെ വളര്‍ന്നു തുടങ്ങിയ അബോധമനസ്സില്‍ അത് ഒരു ദുസ്വപ്നമായി പതിയുന്നുമുണ്ട്.

ചുറ്റും നടക്കുന്നതിനെ കുഞ്ഞുങ്ങള്‍ വ്യാഖ്യാനിക്കുന്ന രീതി പലപ്പോഴും വിചിത്രമാണ്. വൈചിത്രമുള്ള മറ്റെന്തിനെയും പോലെ സങ്കീര്‍ണ്ണവും, മൌലീകവുമാണ് അവരുടെ സംശയങ്ങള്‍. ഉമചേച്ചിയെ തോടുന്ന പലരും പല ഉദ്ധേശമുള്ളവരാണ് എന്നത് ഉണ്ണിമാലാഖക്ക് ദഹിക്കാത്തതും അതു കൊണ്ടു തന്നെ. അവനില്‍ ആരോപിക്കപ്പെട്ടിട്ടുള്ള രക്ഷകപരിവേഷം പാകമല്ലാത്ത ഉടുപ്പുപോലെ താങ്ങി നടക്കുകയാണ് അവന്‍. അവനറിയാവുന്ന പരിധിക്കുള്ളില്‍ എല്ലാവരും ഒന്നുകില്‍ നല്ലവര്‍ അല്ലെങ്കില്‍ ചീത്ത. അതിലപ്പുറം ഒരു സാധ്യതയെക്കുറിച്ചോര്‍ക്കാന്‍ യുക്തിചിന്തയുടെ വഴിതെളിഞ്ഞിട്ടില്ല അവന്. ഏതു സിനിമ കാണുമ്പോഴും വഴക്കിടുന്നവരെക്കണ്ടാല്‍ "അയാളു കള്ളനാണോ അമ്മെ" എന്ന് ചോദിക്കാറുണ്ട് എന്റെ മൂന്നുവയസ്സുകാരന്‍. ദേഷ്യപ്പെടുന്നതു തെറ്റാണെങ്കില്‍, കള്ളത്തരം ചെയ്യുന്നതും
തെറ്റാണെങ്കില്‍ ഇതു രണ്ടും ഒരെ തെറ്റ് എന്ന അവന്റെ ചിന്തയുടെ ആഴം എന്നെ അല്‍ഭുതപ്പെടുത്തുന്നു. സങ്കീര്‍ണ്ണമായ സമൂഹ മൊറാലിറ്റിയുടെ ഉത്തരമില്ലാചോദ്യങ്ങള്‍ക്കൊക്കെ ആദിമനസ്സില്‍ നന്മയുടെ ഉത്തരം ഉണ്ടാവാം എന്ന് വിശ്വസിക്കാന്‍ പോലും ചിലപ്പോള്‍ ഇത് പ്രേരണയാവുന്നു.

ഉണ്ണിമാലാഖ വളരുന്നത് നോട്ടങ്ങളുടെ കടന്നുകയറ്റങ്ങളിലൂടെയാണ്. നോട്ടങ്ങളുടെ ഒരു ശ്രേണി തീര്‍ത്ത് ഉണ്ണിയെ അതിലൂടെ പതുക്കെ പിടിച്ചുകയറ്റുകയാണ് കഥ. നോട്ടങ്ങള്‍ പലതാണ്. എല്ലാ സ്ത്രീകളും അമ്മമാരെന്ന കുഞ്ഞുവീക്ഷണത്തില്‍ നിന്ന് മാലാഖയുടുപ്പുകള്‍ അഴിച്ചുമാറ്റുന്ന അപ്പയുടെ നോട്ടത്തിലേക്കുള്ള അകലം സങ്കല്‍പ്പിക്കാവുന്നതേയുള്ളു. രക്ഷാകര്‍ത്താവിന്റെ (റ്റോം സര്‍) കള്ളന്റെ (റ്റാറ്റൂ അങ്കിള്‍) ഒളിഞ്ഞുനോട്ടക്കാരന്റെ (ഫ്രാന്‍സിസ് അങ്കില്‍. ഉണ്ണിക്കുള്ള ചോക്കലേറ്റുകൂടി അയാള്‍ ഉമയ്ക്കാണ് കൊടുക്കുന്നതെന്ന് ഉണ്ണി ശ്രദ്ധിക്കുന്നു, തുടര്‍ന്ന് ആ നോട്ടത്തിലേക്ക് ചൂഴ്ന്നിറങ്ങാന്‍ മാലാഖയ്ക്കു ചാരു മിസ്സ് അല്പം മുടി വെച്ചു തന്നെങ്കില്‍ എന്ന ആത്മഗതവും) നോട്ടങ്ങളിലൂടെ വളര്‍ന്ന് ദൃഷ്ടിയുടെ ലിംഗപരമായ വ്യത്യാസങ്ങള്‍ അവനില്‍ ഉണര്‍ന്നു തുടങ്ങുന്നു. പക്ഷെ എന്നിട്ടും അവനു പിടികിട്ടാത്ത നോട്ടമാണ് ഉടയവന്റെ ഉടുപ്പണിഞ്ഞെത്തുന്ന അപ്പയുടേത്. കുറച്ചുകൂടി മുതിര്‍ന്ന ചേച്ചിക്കും തിരിച്ചറിയാനാവുന്നില്ല ഈ നോട്ടത്തെ. ഇറുകിയവസ്ത്രത്തില്‍ മകള്‍ സ്വയം പ്രദര്‍ശിപ്പിക്കുന്നതിനെ സഹിക്കാനാവാത്ത അപ്പയുടെ ദൃഷ്ടിയില്‍ ചേച്ചി എങ്ങിനെയാണ് പതിയുന്നതെന്ന് മനസ്സിലാക്കാന്‍ മാലാഖമനസ്സിനു കഴിയുന്നില്ല. ഇതിനിടയിലാണ് അവന്റെ കാവല്‍-ജാഗ്രത ചേച്ചിക്കു മേല്‍ വേണമെന്ന് പറയുന്ന അമ്മയുടെ പരിഭ്രാന്തി. സ്ത്രൈണമായ ആ ദൃഷ്ടിയും അവനു പകര്‍ന്നുനല്‍കപ്പെടുന്നതാണ്. കാരണം ആ ജാഗ്രത അവന്റെ അമ്മയുടേതാണ്. ഇത്രയധികം ദൃഷ്ടികോണുകള്‍ ഒരേ സമയം ഉണ്ണിയുടെ കാഴ്ചയേ ആക്രമിക്കുന്നിടത്ത് മാലാഖ ചിറകുകള്‍ മറന്ന് അവന്‍ ഓടുന്ന ദൃശ്യം കഥയുടെ വിശാലമായ ഉള്‍ക്കാഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്നു.

മാലാഖയുടെ കഥ സ്പര്‍ശിക്കുന്ന മേഖലകള്‍ അനവധിയാണ്. ചേച്ചിയുടെ വളര്‍ച്ചക്ക് അവനെ കാവലാളാവാന്‍ ചട്ടം കെട്ടുന്ന പേരന്റ് തന്നെ, സ്കൂളില്‍ ഒരു മിത്തായും തമാശയായും ഒതുങ്ങുന്നത് നവപേരന്റിങ്ങിന്റെ തരംഗദൈര്‍ഘ്യത്തില്‍ രണ്ട് ധ്രുവങ്ങള്‍ ആവാം. കുടുംബമെന്ന യൂണിറ്റിന്റെ ഉള്ളിലെ നാടകങ്ങള്‍ കണ്ടു വളരുന്ന കുഞ്ഞു തന്നെ അതു പകരുന്ന സുരക്ഷയില്‍ ഒതുങ്ങുകയും അതിന്റെ അകക്കള്ളികളുടെ മറവില്‍ നടക്കുന്ന തലതിരിഞ്ഞ വേഴ്ച്ചകള്‍ കണ്ട് പകക്കുകയും ചെയ്യുന്നു എന്ന സൂചന മറ്റൊന്ന്. റ്റാറ്റു അങ്കിളിന്റെ തൊടല്‍ വെറുക്കേണ്ടതും, റ്റോം അങ്കിളിന്റേത് മോഹിക്കപ്പെടേണ്ടതും ആണെന്ന് അവന്‍ മനസ്സിലാക്കുന്നു. പക്ഷെ അപ്പായുടെ തൊടലില്‍ എന്തായിരിക്കും എന്ന് ഊഹിക്കാന്‍ അവന് ആകുന്നില്ല. അവന്റെ സംശയങ്ങള്‍ വളരും തോറും കുടുംബത്തില്‍ നിന്നു പകര്‍ന്നുകിട്ടിയ അറിവുകള്‍ ഒരു സാമുഹ്യബോധമായി ഉറക്കുന്നു. താന്‍ ആരുടെ പെറ്റ് ആണ് എന്നു സംശയിക്കുന്നിടത്ത് വ്യക്തി എന്ന നിലക്ക് അവന്റെ സ്വത്വബോധവും, നിലനില്‍പ്പും എല്ലാം വിഷയമാകുന്നു. ലിംഗപരമായ വ്യത്യാസങ്ങള്‍ ചേച്ചിയെ അകറ്റുന്നത് അവന്റെ മനസ്സില്‍ ഒരു ആത്മബോധവും, അന്യതാബോധവും വളരുന്നതു സൂചിപ്പിക്കുന്നു. വളര്‍ച്ച ഒരു തരത്തില്‍ മരണം തന്നെയായി പരിണമിക്കുന്നു. ബ്ലേക്കിന്റെ തന്നെ സോങ്സ് ഓഫ് എക്സ്പീരിയന്‍സ് കവിതകളില്‍ ഉള്ള നിഷ്കളങ്കതയുടെ അനിവാര്യമായ വളര്‍ച്ച, അനുഭവങ്ങളുടെ കനലില്‍ ചവിട്ടി വെളിപ്പെടേണ്ട ഒരു നന്മ, അതിലേക്കു പാകപ്പെടാനാവാതെ അഥവ പാകപ്പെടുമോ എന്ന് സംശയം ബാക്കിയാക്കി കഥയിലെ മാലാഖ പോകുന്നു

തനിക്കു കല്‍പ്പിക്കപ്പെട്ടിട്ടുള്ള റോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ അടിപതറി മാലാഖ സ്റ്റേജില്‍ നിന്നും പിന്‍വാങ്ങുകയാണ്. അവനു പറക്കാന്‍ ആ സ്റ്റേജ് തികയാതെ വരുന്നു. വീട് എന്ന കല്പിത പറുദീസക്കുള്ളിലും ഒതുങ്ങുന്നില്ല അവന്റെ ചിറകുകള്‍. പറക്കാന്‍ ഈ ഭൂമിയില്‍ ഇടം തികയാതെ മാലാഖ അറിവിന്റെ പരിധികള്‍ക്കപ്പുറം പറന്നു പോകുന്ന ഇടം മരണമോ വളര്‍ച്ചയോ, ഏതായാലും അനുഭവത്തില്‍ ഒന്നു തന്നെ.

ആണ്‍മ യിലെ കഥകള്‍ക്ക് പൊതുവേയുള്ള ശൈലിപരമായ സങ്കീര്‍ണ്ണത ഇല്ലാതെ വളരെ ലളിതമായും ഒതുക്കത്തിലും ആണ് രാജ് ഈ കഥ പറഞ്ഞുവച്ചിരിക്കുന്നത്. കഥപറയാനുള്ള ആവേശത്തോടെ കഥാകാരന്‍ പറയുന്ന കഥകളിലൊന്നാണ് മാലാഖയുടെ മരണം. എഴുത്തിനു എഴുത്തുകാരന്റേതല്ലാത്ത ഒരു ജീവന്‍ ഉണ്ട് എന്ന് ആമുഖത്തില്‍ തന്നെ പറഞ്ഞു വക്കുന്ന രാജിന്റെ കഥകളില്‍ ഇഷ്ടപ്പെട്ട ഒന്ന് എന്ന നിലക്ക് ഈ കഥ എന്നോട് സംവദിച്ചത് ഉണ്ണിമാലാഖയുടെ ഭാഷയില്‍ ആണ്. സര്‍ഗ്ഗാത്മപരമായി കഥാകാരനു കഥയോട് തോന്നുന്ന സാമീപ്യം വായനയില്‍ തികച്ചും വ്യത്യസ്തമായ തലത്തില്‍ ആവാം അനുഭവപ്പെടുക. എഴുത്ത് ഹൃദയസ്പര്‍ശിയാകുന്നത് അതു മനുഷ്യന്റെ സ്വപ്നങ്ങളോടും, കല്‍പ്പനകളോടും, ആകുലതകളോടും, ആഗ്രഹങ്ങളോടും ഒക്കെ ചേര്‍ന്നു നില്‍ക്കുന്നിടത്താണ് എന്നത് ഭാഷാന്തരങ്ങളിലൂടെ വിവിധ സാഹിത്യമാതൃകകളിലൂടെ ദൃശ്യമാകുന്ന കാര്യം. എഴുത്തിനും വായനക്കും പല രീതികളുമുണ്ടാവാം. വായനക്കാരെ എഴുത്തിലെ വാസ്തവത്തില്‍നിന്ന് അകറ്റി നിര്‍ത്തി ദൂരക്കാഴ്ച മാത്രം പകരുന്ന ഏലിയനേഷന്‍ രീതിയില്‍ എഴുതിയ കഥകളിലൊന്ന് തികച്ചും വ്യക്തിപരമായ വായനക്കും വഴങ്ങുന്നത് കഥ വായനക്കുള്ള സാധ്യതകള്‍ തുറന്നിടുന്നതു കൊണ്ടാണ്. സാഹിത്യത്തില്‍ സഹൃദയത്വം എന്നത് സ്ഥലകാല വിഭ്രമങ്ങള്‍ക്കപ്പുറമുള്ള ഒരു അതീന്ദ്രിയമായ അനുഭവമാണ് പലപ്പോഴും. രാജിന്റെ മാലാഖ എത്ര അന്യവല്‍ക്കരിക്കപ്പെട്ടിട്ടും സ്വന്തം ആകുലതകള്‍ വായനക്കാരിലേക്കു പകരുന്നതിനു കാരണം ഇതാവാം.

മാലാഖയുടെ മരണംഇവിടെ വായിക്കാം

Friday, 9 May 2008

കൂമന്‍ കടവ് പാലത്തിലെ ഒരു സംഭവം

( അംബ്രോസ് ബിയേഴ്സ് എഴുതിയ കഥയുടെ പരിഭാഷ. കഥയെക്കുറിച്ചും തുടര്‍ന്നുള്ള ആവിഷ്കാരങ്ങളെയും സംബന്ധിച്ച സൂചനകള്‍ക്ക് ഈ വിക്കി ലേഖനം കാണുക)

I

വടക്കേ അലബാമയിലെ ഒരു റെയില്‍‌വേ പാലത്തിനു മുകളില്‍, ഇരുപതടി താഴെ കുത്തിയൊഴുകുന്ന നദിയില്‍ നോക്കിക്കൊണ്ട് ഒരു മനുഷ്യന്‍ നിന്നു. ശരീരത്തിനു പിന്നില്‍ അയാളുടെ കൈകള്‍ ഒരു കയറുകൊണ്ട് ബന്ധിച്ചിരുന്നു. ഒരു വടം അയാളുടെ കഴുത്തില്‍ ചുറ്റിക്കിടന്നു. തലയ്ക്കു മീതേ തടിച്ച ഒരു കുറുന്തടിയില്‍ ബന്ധിച്ച ഈ വടം അയാളുടെ കാല്‍മുട്ടിനു നിരപ്പായി ഞാന്നുനിന്നു. റെയില്‍‌പ്പാതയുടെ വരികളെ താങ്ങുന്ന തടിവരികള്‍ക്കു കുറുകെ നിരത്തിവച്ചിരുന്ന ഇളകിയ പലകകള്‍ ഈ മനുഷ്യനും അയാളുടെ ആരാച്ചാന്മാര്‍ക്കും നില്‍ക്കുവാനുള്ള പ്രതലമൊരുക്കി - ഫെഡറല്‍ കരസേനയിലെ രണ്ട് സ്വകാര്യ ഭടന്മാരും അവരെ നിയന്ത്രിക്കുന്ന ഒരു സര്‍ജ്ജന്റും ആയിരുന്നു ആരാച്ചാന്മാര്‍. ഈ സര്‍ജ്ജന്റ് യുദ്ധത്തിനു മുന്‍പുള്ള കാലത്ത് ഒരു ഡെപ്യൂട്ടി പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നിരിക്കണം. അതേ താല്‍ക്കാലിക പ്ലാറ്റ്ഫോമില്‍ തന്റെ പദവിയ്ക്ക് അനുസരിച്ച് യൂണിഫോം ധരിച്ച ആയുധധാരിയായ ഒരു ഓഫീസറും നിന്നു. അയാളായിരുന്നു കാപ്റ്റന്‍. “സപ്പോര്‍ട്ട്“ എന്ന് അറിയപ്പെടുന്ന പൊസിഷനില്‍ കൈത്തോക്കു പിടിച്ചുകൊണ്ട് പാലത്തിന്റെ രണ്ടറ്റത്തും ഓരോ കാവല്‍ഭടന്മാര്‍ നിന്നു. അതായത്, ഇടത്തേ തോളിനു ലംബമായി മുന്‍പില്‍, നെഞ്ചിനു കുറുകേ നിവര്‍ത്തിപ്പിടിച്ച കൈയില്‍ തോക്കിന്റെ പാത്തി ചാരിക്കൊണ്ട് - ഔപചാരികവും അസാധാരണവും, ശരീരം എഴുന്നു നില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതുമായ ഒരു പൊസിഷനായിരുന്നു ഇത്. പാലത്തിനു നടുക്ക് എന്തു നടക്കുന്നു എന്നത് ഈ രണ്ടു കാവല്‍ഭടന്മാരെ സംബന്ധിക്കുന്ന കാര്യമായി തോന്നിയില്ല; അവര്‍ പാലത്തിനു കുറുകേ നിരത്തിയ നിരപ്പലകകളിലേക്കുള്ള വഴി തടസ്സപ്പെടുത്തിക്കൊണ്ടു നിന്നതേയുള്ളൂ.

ഈ രണ്ടു കാവല്‍ഭടന്മാര്‍ക്കും പിന്നിലായി കാണാമറയത്ത് ആരും ഇല്ലായിരുന്നു; റെയില്‍‌പ്പാത വനത്തിലേയ്ക്ക് നൂറുവാരയോളം ഋജുവായി നീണ്ടുകിടന്നു. പിന്നീട് വളഞ്ഞ് റെയില്‍പ്പാത കാഴ്ച്ചയില്‍ നിന്നും മറഞ്ഞു. തീര്‍ച്ചയായും കുറെ ദൂരം മുന്‍പോട്ടുപോകുമ്പോള്‍ ഒരു കാവല്‍മാടം ഉണ്ടാകണം. നദിയുടെ മറുതീരം കരയോടു തുറന്നുകിടന്നു - തീരത്തുനിന്നും പതിയെ ചരിഞ്ഞ് ഉയര്‍ന്ന കരയില്‍ തടിക്കുറ്റികള്‍ നിരത്തിനിറുത്തിയിരുന്നു. അവയ്ക്കിടയില്‍ റൈഫിളുകള്‍ക്കുള്ള സുഷിരങ്ങളിട്ടിരുന്നു, മരക്കുറ്റികള്‍ക്കിടയിലുള്ള ഒരേയൊരു വിടവില്‍ക്കൂടി പാലത്തിന്റെ നിയന്ത്രണ ചുമതലയുള്ള ഒരു പിത്തള പീരങ്കിയുടെ വായ്ത്തല പുറത്തോട്ട് തള്ളിനിന്നു. പാ‍ലത്തിനും കോട്ടയ്ക്കും ഇടയ്ക്കുള്ള കുത്തനെയുള്ള പാതയ്ക്കു മദ്ധ്യത്തിലായി കാലാള്‍പ്പടയുടെ ഒരു കമ്പനി “പരേഡ് റെസ്റ്റില്‍” - റൈഫിളുകളുടെ പാത്തികള്‍ നിലത്തുകുത്തിക്കൊണ്ട്, തോക്കിന്‍ കുഴലുകള്‍ ചെറുതായി ഇടത്തേ തോളിനു നേര്‍ക്ക് ചരിഞ്ഞ്, കൈകള്‍ കുറുകെ കെട്ടിക്കൊണ്ട് - വരിയായി നിന്നു. ഒരു ലെഫ്റ്റനന്റ് തന്റെ വാള്‍മുന നിലത്തുകുത്തി തന്റെ ഇടത്തേ കൈ വലതുകയ്യില്‍ വിശ്രമിപ്പിച്ചുകൊണ്ട് ഈ വരിയ്ക്ക് വലതുവശത്തായി നിന്നു. പാലത്തിനു നടുക്കുനില്‍ക്കുന്ന നാലുപേരൊഴികെ ഒറ്റയാള്‍ പോലും അനങ്ങിയില്ല. കമ്പനി പാലത്തെ അഭിമുഖീകരിച്ച് കരിങ്കല്ലുപോലെ നോക്കിക്കൊണ്ട് അനക്കമില്ലാതെ നിന്നു. നദീതീരങ്ങളെ അഭിമുഖീകരിച്ചുനിന്ന കാവല്‍ഭടന്മാര്‍ പാലത്തിനു മോടികൂട്ടാന്‍ സ്ഥാപിച്ചിരുന്ന പ്രതിമകളെന്നു തോന്നി. കാപ്റ്റന്‍ കൈകള്‍ പിണച്ച് നിശബ്ദമായി തന്റെ കീഴുദ്യോഗസ്ഥരുടെ കര്‍ത്തവ്യങ്ങള്‍ നിരീക്ഷിച്ച്, എന്നാല്‍ ഒരു അടയാളവും നല്‍കാതെ നിന്നു. തന്റെ വരവു മുന്‍‌കൂട്ടി വിളംബരം ചെയ്തുകൊണ്ട് വരുമ്പോള്‍ വളരെ പരിചയമുള്ളവര്‍ പോലും ഔപചാരികമായ ബഹുമാന പ്രകടനങ്ങളോടെ സ്വീകരിക്കേണ്ട ഒരു വിശിഷ്ടാഥിതിയാണ് മരണം. സൈനീക ഉപചാരക്രമങ്ങളില്‍ നിശബ്ദതയും ചലനമില്ലായ്മയുമാണ് ആദരവിന്റെ ലക്ഷണങ്ങള്‍.

തൂക്കിക്കൊലയ്ക്ക് തയ്യാറാക്കിക്കൊണ്ടിരുന്ന മനുഷ്യന് ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് തോന്നിച്ചു. അയാളുടെ മട്ടും ഭാവവും നോക്കിയാല്‍ - ഒരു കര്‍ഷകന്റെ മട്ടും ഭാവവും ആയിരുന്നു അത് - അയാള്‍ ഒരു സൈനീകനല്ല എന്നു മനസിലാക്കാം. ഋജുവായ മൂക്കും, മുറുകിയ വായയും വിരിഞ്ഞ നെറ്റിത്തടവും, അതില്‍ നിന്നും പിന്നോട്ടു നേരേ ചീകി ചെവികള്‍ പിന്നിട്ട് നന്നായി ഇറുകിയ അയാളുടെ ഫ്രോക്ക് കോട്ടിലേയ്ക്കു വീണ നീണ്ടിരുണ്ട മുടിയുമുള്ള അയാള്‍ സുമുഖനായിരുന്നു. അയാള്‍ക്ക് മീശയും കൂര്‍ത്ത താടിയുമുണ്ടായിരുന്നു, എന്നാല്‍ മീശയുടെ അറ്റം കൂര്‍പ്പിച്ചിരുന്നില്ല. തവിട്ടുനിറമുള്ള അയാളുടെ കണ്ണുകള്‍ വലുതായിരുന്നു. കഴുത്തില്‍ തൂക്കുകയര്‍ കിടക്കുന്ന ഒരാളില്‍ നിന്നും ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ദയാഭാവം അയാളുടെ കണ്ണുകളില്‍ തെളിഞ്ഞിരുന്നു. പ്രകടമായും ഇത് ഒരു ഹൃദയശൂന്യനായ കൊലയാളിയല്ലായിരുന്നു. വ്യാപകമായ ചട്ടങ്ങളുള്ള മിലിട്ടറി നിയമത്തില്‍ പലതരത്തിലുള്ള ആളുകളെ തൂക്കിക്കൊല്ലുന്നതിനുള്ള നിയമങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നും ഉത്തമപുരുഷന്മാരെ ഒഴിവാക്കിയിരുന്നില്ല.

തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് സ്വകാര്യഭടന്മാരും വശങ്ങളിലേയ്ക്കു നീങ്ങി, അവര്‍ അയാള്‍ നിന്ന തടിപ്പലക വലിച്ചുമാറ്റി. സര്‍ജ്ജന്റ് കാപ്റ്റനു നേരേ തിരിഞ്ഞ് സല്യൂട്ട് ചെയ്തു, കാപ്റ്റന്റെ തൊട്ടു പിന്നിലായി നിലയുറപ്പിച്ചു. കാപ്റ്റന്‍ ഒരു ചുവട് മുന്നോട്ടു മാറി. ഈ നീക്കങ്ങളുടെ ഫലമായി വിധിക്കപ്പെട്ട മനുഷ്യനും സര്‍ജ്ജന്റും ഒരേ തടിപ്പലകയുടെ രണ്ട് അറ്റങ്ങളില്‍ നില്‍ക്കുന്ന രീതിയിലായി. പാലത്തിനു കുറുകേയുള്ള മൂന്നു റെയില്‍‌വരികള്‍ക്കു മീതേ ഈ പലക കിടന്നു. കുറ്റാരോപിതനായ മനുഷ്യന്‍ നില്‍ക്കുന്ന അറ്റം നാലാമത്തെ റെയില്‍‌വരിവരെ കഷ്ടിച്ച് എത്തിയില്ല. ഇതുവരെ കാപ്റ്റന്റെ ഭാരം കൊണ്ട് യഥാസ്ഥാനത്തു നിന്നിരുന്ന നിരപ്പലക ഇപ്പോള്‍ സര്‍ജ്ജന്റിന്റെ ഭാരം കൊണ്ട് നിലനിന്നു. കാപ്റ്റനില്‍ നിന്നും ഒരു അടയാളം ലഭിക്കുമ്പോള്‍ സര്‍ജന്റ് പിന്നോട്ടുമാറും. പലക ചരിഞ്ഞ് കുറ്റം വിധിക്കപ്പെട്ട മനുഷ്യന്‍ റെയില്‍വരികള്‍ക്ക് ഇടയിലേയ്ക്കു വീഴും. ഈ ഒരു സംവിധാനം ലളിതവും ഫലപ്രദവുമായി അറിയപ്പെട്ടു. അയാളുടെ മുഖം മൂടുകയോ കണ്ണുകള്‍ കെട്ടുകയോ ചെയ്തിരുന്നില്ല. ഒരു നിമിഷം അയാള്‍ താന്‍ നില്‍ക്കുന്ന “ബലഹീനമായ പ്രതലത്തിലേയ്ക്കു“ നോക്കി. പിന്നീട് തന്റെ കാലുകള്‍ക്കു കീഴെ ഭ്രാന്തമായി പതഞ്ഞൊഴുകുന്ന വെള്ളച്ചുഴികളിലേയ്ക്കുനോക്കി. നൃത്തംവെയ്ക്കുന്ന ഒരു പൊങ്ങുതടിക്കഷണം അയാളുടെ ശ്രദ്ധയില്‍ പതിഞ്ഞു. ഒഴുക്കിനോടൊത്ത് താഴെവരെ കണ്ണുകള്‍ ആ തടിക്കഷണത്തെ പിന്തുടര്‍ന്നു. എന്തു പതുക്കെയാണ് അതു നീങ്ങിയത്! എന്തൊരു മന്തന്‍ ഒഴുക്ക്!

തന്റെ ഭാര്യയിലും കുഞ്ഞുങ്ങളിലും തന്റെ അവസാ‍ന ചിന്തകള്‍ കേന്ദ്രീകരിക്കുവാനായി അയാള്‍ കണ്ണുകളടച്ചു. പ്രഭാതസൂര്യന്‍ സ്പര്‍ശിച്ച് സ്വര്‍ണ്ണമാക്കിയ ജലം, അരുവിയില്‍ കുറച്ചുദൂരെയായി തങ്ങിനിന്ന മൂടല്‍മഞ്ഞ്, കോട്ട, ഭടന്മാര്‍, പൊങ്ങുതടിക്കഷണം - ഇതെല്ലാം അയാളുടെ ശ്രദ്ധപതറിച്ചു. ഇപ്പോള്‍ അയാള്‍ ഒരു പുതിയ ശല്യത്തെക്കുറിച്ച് ബോധവാനായി. തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ചിന്തകളെ ഭേദിച്ചുകൊണ്ട് അയാള്‍ക്കു മനസിലാവാത്തതും അവഗണിക്കാനാവാത്തതുമായ ശബ്ദം, കൂര്‍ത്തതും വേര്‍തിരിഞ്ഞതും ഒരു ഇരുമ്പുപണിക്കാരന്‍ ചാളയില്‍ ചുറ്റികകൊണ്ട് തല്ലുന്നതുപോലെയുമുള്ള ഒരു ലോഹശബ്ദം; അതേ മുഴങ്ങുന്ന സ്വഭാവമായിരുന്നു ഈ ശബ്ദത്തിന്. ഇത് എന്താണെന്നും അളക്കാനാവാത്ത ദൂരെനിന്നാണോ അതോ അടുത്തുനിന്നാണോ ഈ ശബ്ദമെന്നും - ദൂരെനിന്നും അടുത്തുനിന്നുമായി ഒരേ സമയം അത് തോന്നി - അയാള്‍ ചിന്തിച്ചു. ശബ്ദം വന്നത് നിശ്ചിതവും എന്നാല്‍ മരണമണിയുടെ മുഴക്കം പോലെ പതുക്കെയുള്ളതുമായ ഇടവേളകളിലാണ്. അയാള്‍ ഓരോ പുതിയ മുഴക്കത്തെയും അക്ഷമനായും - എന്നാല്‍ എന്തുകൊണ്ടാണെന്ന് അറിഞ്ഞില്ല - സംശയത്തോടെയും കാത്തുനിന്നു. നിശബ്ദതയുടെ ഇടവേളകള്‍ക്ക് ക്രമമായി നീളം കൂടിവന്നു; ഇടവേളകള്‍ ഭ്രാന്തുപിടിപ്പിക്കുന്നതായി. ഇടവേളകള്‍ അകലും തോറും ശബ്ദം അതിന്റെ ശക്തിയിലും മൂര്‍ച്ചയിലും വര്‍ദ്ധിച്ചുവന്നു. ഒരു കത്തികൊണ്ട് കുത്തിയതുപോലെ അവ അയാളുടെ ചെവിയെ വേദനിപ്പിച്ചു. താന്‍ അലറിവിളിച്ചുപോവുമെന്ന് അയാള്‍ ഭയന്നു. അയാള്‍ കേട്ടത് അയാളുടെ വാച്ചിന്റെ മിടിപ്പായിരുന്നു.

തന്റെ കണ്ണുകള്‍ തുറന്ന് അയാള്‍ തനിക്കുകീഴെയുള്ള ജലത്തിലേയ്ക്കു നോക്കി. “എന്റെ കൈകള്‍ സ്വതന്ത്രമാക്കാന്‍ കഴിഞ്ഞെങ്കില്‍,” അയാള്‍ ചിന്തിച്ചു, “ഞാന്‍ കുരുക്കു ദൂരെയെറിഞ്ഞ് അരുവിയിലേയ്ക്കു കൂപ്പുകുത്തിയേനെ. മുങ്ങാങ്കുഴിയിട്ട് ഞാന്‍ വെടിയുണ്ടകളില്‍ നിന്നും ഒഴിഞ്ഞുമാറി, ശക്തമായി നീന്തി, തീരത്തെത്തി, വനത്തിലൂടെ വീട്ടിലെത്തിയേനെ. എന്റെ വീട്, ദൈവത്തിനു നന്ദി, ഇപ്പോഴും യുദ്ധമുന്നണികള്‍ക്കു പുറത്താണ്; എന്റെ ഭാര്യയും കൊച്ചു കുഞ്ഞുങ്ങളും ഇപ്പോഴും കടന്നുകയറ്റക്കാരുടെ ഏറ്റവും മുന്നോട്ടുള്ള നീക്കത്തിനും പുറത്താണ്.

ഇവിടെ വാക്കുകളില്‍ എഴുതിയ ചിന്തകള്‍ വിധിക്കപ്പെട്ട മനുഷ്യന്റെ തലച്ചോറിലൂടെ മിന്നിമറയുന്ന നേരത്ത് - പതുക്കെ ചിന്തകള്‍ ഉറവെടുക്കുന്നതിനു പകരം അവ മിന്നിമറയുകയായിരുന്നു - കാപ്റ്റന്‍ സര്‍ജ്ജന്റിനു നേരെ തലകുലുക്കി. സര്‍ജ്ജന്റ് പിന്നോട്ടുമാറി.

II

പുരാതനവും ബഹുമാന്യവുമായ ഒരു അലബാമന്‍ കുടുംബത്തില്‍ നിന്നുള്ള സമ്പന്നനായ ഒരു കൃഷിക്കാരനായിരുന്നു പെയ്റ്റണ്‍ ഫര്‍ക്കഹര്‍. അടിമകളുടെ ഉടമയും മറ്റ് അടിമ ഉടമകളെപ്പോലെ രാഷ്ട്രീയക്കാരനുമായിരുന്ന അയാള്‍ സ്വാഭാവികമായും ഒരു യഥാര്‍ത്ഥ വിഖടനവാദിയും തെക്കന്‍ ആശയങ്ങളോട് അതിശക്തമായി കൂറുപുലര്‍ത്തുന്നവനുമായിരുന്നു. പ്രകൃതിയുടെ ചില ധാര്‍ഷ്ട്യങ്ങള്‍ കാരണം, അവ ഇവിടെ പ്രതിപാദിക്കേണ്ട കാര്യമില്ല, കോറിന്തിന്റെ പതനത്തിലേയ്ക്കു നയിച്ച പരാജയപ്പെട്ട യുദ്ധങ്ങള്‍ നയിച്ച തെക്കന്‍ സൈന്യത്തില്‍ അയാള്‍ക്കു ചേരാന്‍ സാധിച്ചില്ല. തന്റെ കീര്‍ത്തിനാശകമായ ചലന പാരതന്ത്ര്യത്തെ അയാള്‍ വെറുത്തു. തന്റെ ഊര്‍ജ്ജങ്ങളെ തുറന്നുവിടുന്നത്, ഒരു ഭടന്റെ ജീവിതം, കഴിവുതെളിയിക്കുന്നതിനുള്ള അവസരം, ഇതിനെല്ലാം അയാള്‍ അതിയായി ആഗ്രഹിച്ചു. ആ അവസരം, എല്ലാ യുദ്ധങ്ങളിലും വരുന്നതുപോലെ, വരും എന്ന് അയാള്‍ ചിന്തിച്ചു. തത്സമയം അയാള്‍ക്ക് കഴിയുന്നത് അയാള്‍ ചെയ്തു. തെക്കിനെ സഹായിക്കാന്‍ ചെയ്യുന്ന എന്തു സേവനവും അയാള്‍ക്ക് തരംതാണതായി തോന്നിയില്ല. ഹൃദയത്തില്‍ ഭടനായ ഒരു പൌരന്റെ സ്വഭാവത്തിനു ചേരുന്ന എന്ത് സാഹസവും അയാള്‍ക്ക് അസാധ്യമായ രീതിയില്‍ അപകടം പിടിച്ചതായി തോന്നിയില്ല. “യുദ്ധത്തിലും പ്രണയത്തിലും എല്ലാം ശരിയാണെന്ന“ സത്യത്തില്‍ വിനാശകാരിയായ തത്വത്തില്‍ അയാള്‍ ഒരുപാട് ചിന്തകൂടാതെയും സന്തോഷത്തോടെയും വിശ്വസിച്ചു.

ഒരു വൈകുന്നേരം ഫര്‍ക്കഹറും തന്റെ ഭാര്യയും തന്റെ കൃഷിയിടങ്ങളുടെ കവാടത്തിനടുത്തുള്ള ഒരു തുരുമ്പിച്ച ബെഞ്ചില്‍ ഇരിക്കുമ്പോള്‍ ചാരനിറത്തില്‍ പൊതിഞ്ഞ ഒരു ഭടന്‍ വാതില്‍ വരെ കുതിരയോടിച്ചുവന്ന് കുടിവെള്ളത്തിനായ് ചോദിച്ചു. മിസ്സിസ്സ് ഫര്‍ക്കാഹറിന് തന്റെ സ്വന്തം തൂവെള്ള കരങ്ങള്‍കൊണ്ട് അയാള്‍ക്ക് ജലം കൊടുക്കുവാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ വെള്ളമെടുക്കാന്‍ പോയ സമയത്ത് അവരുടെ ഭര്‍ത്താവ് പൊടിമൂടിയ കുതിരപ്പടയാളിയെ സമീപിച്ച് യുദ്ധമുന്നണിയിലെ വാര്‍ത്തകള്‍ ആകാംഷയോടെ ചോദിച്ചു.

“യാങ്കുകള്‍ റെയില്‍പ്പാതകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നു”. അയാള്‍ പറഞ്ഞു, “അവര്‍ അടുത്ത ഒരു മുന്നേറ്റത്തിനു തയ്യാറെടുക്കുകയാണ്. അവര്‍ കൂമങ്കടവ് പാലം വരെയെത്തി, അതിനെ ശരിയാക്കി, വടക്കേക്കരയില്‍ ഒരു ആയുധപ്പുരയും സ്ഥാപിച്ചു. അവരുടെ കമാന്‍ഡ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. റെയില്‍പ്പാതയോ, അതിന്റെ പാലങ്ങളോ, തുരങ്കങ്ങളോ, തീവണ്ടികളോ കേടാക്കാനുള്ള ശ്രമത്തില്‍ പിടിക്കപ്പെടുന്ന ഏതൊരു പൌരനെയും ഉടനെ തൂക്കിക്കൊല്ലും എന്ന ഈ ഉത്തരവ് എല്ലായിടത്തും ഒട്ടിച്ചിട്ടുണ്ട്. ഞാന്‍ ഉത്തരവ് കണ്ടു.”

"കൂമങ്കടവ് പാലത്തിലേയ്ക്ക് എത്രദൂരമുണ്ട്?" ഫര്‍ക്കഹര്‍ ചോദിച്ചു.

"ഏകദേശം മുപ്പതു മൈല്‍."

"അരുവിയുടെ ഈ വശത്ത് ഒരു സൈന്യവും ഇല്ലേ?"

"റെയില്‍പ്പാതയിലായി ഏകദേശം അര മൈല്‍ അകലെ ഒരു കാവല്‍മാടം, പാലത്തിന്റെ ഈ അറ്റത്ത് ഒരു കാവല്‍ഭടനും."

"അഥവാ ഒരു മനുഷ്യന്‍ - ഒരു സാധാരണ പൌരന്‍ ആ കാവല്‍മാടത്തെ വെട്ടിച്ച് കാവല്‍ നില്‍ക്കുന്ന ഭടനെ കീഴ്പ്പെടുത്തിയാല്‍”, ഫര്‍ക്കഹര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, “അയാള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?”

ഭടന്‍ ഉറക്കെ ചിന്തിച്ചു. “ഞാന്‍ ഒരുമാസം മുന്‍പ് അവിടെയുണ്ടായിരുന്നു,” അയാള്‍ മറുപടിപറഞ്ഞു. “കഴിഞ്ഞ ശീതകാലത്തെ വെള്ളപ്പൊക്കത്തില്‍ ഒരുപാട് പൊങ്ങുതടികള്‍ പാലത്തിന്റെ ഇങ്ങേക്കരയിലെ കടവില്‍ അടിഞ്ഞത് ഞാന്‍ നിരീക്ഷിച്ചു. ഇപ്പോള്‍ അത് ഉണങ്ങിയിട്ടുണ്ട്. അവ വിറകുപോലെ കത്തും.

അപ്പൊഴേയ്ക്കും ഫര്‍ക്കഹറിന്റെ ഭാര്യ ജലം കൊണ്ടുവന്നു, ഭടന്‍ അതുവാങ്ങി കുടിച്ചു. ഉപചാരപൂര്‍വ്വം അവര്‍ക്കു നന്ദിപറഞ്ഞ്, അവരുടെ ഭര്‍ത്താവിനെ വണങ്ങി അയാള്‍ കുതിരയോടിച്ചുപോയി. ഒരു മണിക്കൂറിനു ശേഷം, രാത്രി വീണുകഴിഞ്ഞപ്പോള്‍, അയാള്‍ കൃഷിസ്ഥലത്തെ വീണ്ടും പിന്നിട്ട് വടക്ക് താന്‍ വന്ന അതേ ദിശയിലേയ്ക്കു കുതിരയോടിച്ചു. ആ ഭടന്‍ ഒരു ഫെഡറല്‍ ചാരനായിരുന്നു.

III

പെയ്റ്റണ്‍ ഫര്‍ക്കഹര്‍ പാലത്തിലെ വിടവിലൂടെ നേരെ താഴേയ്ക്കുവീണപ്പോള്‍ ബോധം നഷ്ടപ്പെട്ട് അയാള്‍ മൃതപ്രായനായി. ഈ അവസ്ഥയില്‍ നിന്നും അയാള്‍ യുഗങ്ങള്‍ക്കുശേഷം എഴുന്നേറ്റു, അങ്ങനെയാണ് അയാള്‍ക്കു തോന്നിയത്-കഴുത്തിലെ കുത്തുന്ന മര്‍ദ്ദവും, ശ്വാസം മുട്ടലിന്റെ വികാരവും കൊണ്ട്. കൂര്‍ത്തതും പരന്നതുമായ വേദനകള്‍ അയാളുടെ കഴുത്തില്‍ നിന്നുത്ഭവിച്ച് അയാളുടെ ശരീരത്തിലെയും കാലുകളിലെയും ഓരോ തന്തുവിലൂടെയും പ്രവഹിച്ചു. ഈ വേദനകള്‍ വ്യവസ്ഥാപിതമായ രേഖകളിലൂടെ പൊട്ടിപ്പുറപ്പെട്ട് സങ്കല്‍പ്പാതീതമായ വേഗാവൃത്തിയില്‍ സ്പന്ദിക്കുന്നതുപോലെ തോന്നി. അയാളെ താങ്ങാന്‍ വയ്യാത്ത ഒരു ഊഷ്മാവിലേയ്ക്കുയര്‍ത്തുന്ന മിടിക്കുന്ന തീനാളങ്ങളുടെ പ്രവാഹങ്ങളെപ്പോലെ അവ തോന്നിച്ചു. അയാളുടെ തലയെക്കുറിച്ചാണെങ്കില്‍-തിങ്ങിനിറയലിന്റെയും നിറവിന്റെയും ഒരു തോന്നലല്ലാതെ മറ്റൊന്നിനെക്കുറിച്ചും അയാള്‍ ബോധവാനായിരുന്നില്ല. ഈ തോന്നലുകളെ ചിന്ത അനുഗമിച്ചില്ല. അയാളുടെ സ്വഭാവത്തിന്റെ ബൌദ്ധിക തലം അപ്പൊഴേയ്ക്കും മാഞ്ഞുകഴിഞ്ഞിരുന്നു; അയാള്‍ക്ക് അനുഭവിച്ചറിയാനുള്ള കഴിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ; അനുഭവം പീഢനമായിരുന്നു. ചലനത്തെക്കുറിച്ച് അയാള്‍ ബോധവാനായിരുന്നു. പ്രകാശത്തിന്റെ ഒരു മേഘത്തില്‍ പൊതിഞ്ഞ് - അയാള്‍ അതിന്റെ തീതുപ്പുന്ന ഹൃദയം മാത്രമായിരുന്നു, ഭൌതിക ശരീരമില്ലാതെ, അയാള്‍ അചിന്ത്യമായ ആന്തോളനങ്ങളുടെ കമാനങ്ങളിലൂടെ സഞ്ചരിച്ചു, ഒരു ഭീമാകാരമായ നാഴികമണി പോലെ. അപ്പോള്‍ ഒറ്റയടിക്ക്, ഭയാനകമായ ആകസ്മികതയോടെ, അയാളുടെ പ്രകാശം ഉച്ചത്തിലുള്ള ഒരു പൊട്ടിത്തെറിയുടെ ശബ്ദത്തോടെ മുകളിലേയ്ക്കുയര്‍ന്നു.; ഭീതിദമായ ഒരു അലര്‍ച്ച അയാളുടെ കാതുകളില്‍ നിറഞ്ഞു, എല്ലാം തണുത്തതും ഇരുണ്ടതുമായി. ചിന്തിക്കാനുള്ള കഴിവ് പുനസ്ഥാപിതമായി; വടം മുറിഞ്ഞെന്നും താന്‍ നദിയിലേയ്ക്കു വീണെന്നും അയാള്‍ തിരിച്ചറിഞ്ഞു. കഴുത്തില്‍ പുതിയ ഞെരുക്കങ്ങള്‍ ഒന്നും ഉണ്ടായില്ല; അയാളുടെ കഴുത്തിലെ കുരുക്ക് അപ്പോഴും ശ്വാ‍സം മുട്ടിക്കുന്നതായിരുന്നു, അത് അയാളുടെ ശ്വാസകോശങ്ങളിലേയ്ക്കു വെള്ളം കയറുന്നത് തടഞ്ഞു. നദിയുടെ അടിത്തട്ടില്‍ തൂങ്ങിമരിക്കുക!- അയാള്‍ക്ക് ഈ ആശയം അബദ്ധജഢിലമായി തോന്നി. ഇരുട്ടില്‍ തന്റെ കണ്ണുകള്‍ തുറന്ന് അയാള്‍ തന്റെ മുകളില്‍ പ്രകാശത്തിന്റെ ഒരു തിളക്കം കണ്ടു, പക്ഷേ എത്ര ദൂരെ, എന്ത് അപ്രാപ്യം!. അയാള്‍ അപ്പോഴും മുങ്ങുകയായിരുന്നു, കാരണം പ്രകാശം മങ്ങി മങ്ങി ഒരു ചെറിയ തിളക്കമായി ചുരുഗ്ങ്ങി. പിന്നീട് അത് വലുതാകാനും തെളിയുവാനും തുടങ്ങി, താന്‍ ഉപരിതലത്തിലേയ്ക്ക് ഉയരുകയാണെന്ന് അയാള്‍ അറിഞ്ഞു-മടിയോടുകൂടെ അയാള്‍ അത് അറിഞ്ഞു, കാരണം ഇപ്പോള്‍ അയാള്‍ വളരെ സുഖകരമായ അവസ്ഥയിലായിരുന്നു. “തൂക്കിക്കൊല്ലാനും മുങ്ങിമരിക്കാനും,” അയാള്‍ ചിന്തിച്ചു, “അത് അത്ര മോശമല്ല; പക്ഷേ വെടികൊണ്ടു മരിക്കാന്‍ എനിക്ക് ആഗ്രഹമില്ല. ഇല്ല; ഞാന്‍ വെടികൊണ്ടു മരിക്കില്ല. അതില്‍ നീതിയില്ല.”

ഒരു ശ്രമത്തെക്കുറിച്ച് അയാള്‍ ബോധവാനായിരുന്നില്ല, പക്ഷേ തന്റെ കൈത്തണ്ടയില്‍ ഒരു കുത്തുന്ന വേദന താന്‍ കൈകളെ സ്വതന്ത്രനാക്കാന്‍ ശ്രമിക്കുകയാണെന്ന് അയാളെ അറിയിച്ചു. ആ പിടിവലിക്ക് അയാള്‍ തന്റെ ശ്രദ്ധകൊടുത്തു, ഒരു മടിയന്‍ ഒരു പന്താട്ടക്കാരന്റെ പ്രകടനങ്ങളെ നോക്കിക്കാണുന്നതുപോലെ, അതിന്റെ ഫലപ്രാപ്തിയില്‍ ഒരു താല്പര്യവുമില്ലാതെ. എന്തൊരുഗ്രന്‍ ശ്രമം! - എന്തു മഹത്തരം, എന്തൊരമാനുഷിക ശക്തി! ആഹ്, അത് ഒരു മനോഹരമായ ശ്രമമായിരുന്നു! വാഹ്! കയറ് വേര്‍പെട്ടു; അയാളുടെ കൈകള്‍ സ്വതന്ത്രമായി മുകളിലേയ്ക്കു പൊന്തി, വളരുന്ന പ്രകാശത്തിന്റെ ഇരുവശങ്ങളിലും കൈകള്‍ മങ്ങി കാണായി. ആദ്യം ഒന്നും പിന്നീട് മറ്റേതും കഴുത്തിലെ കുരുക്കില്‍ മല്‍പ്പിടിത്തം നടത്തുമ്പോള്‍ അയാള്‍ ഒരു പുതിയ താല്പര്യത്തോടെ അവയെ ശ്രദ്ധിച്ചു. അവ കുരുക്കിനെ വലിച്ചുപറിച്ച് ശക്തിയോടെ വശത്തേക്ക് എറിഞ്ഞു, അതിന്റെ പുളയല്‍ ഒരു ജലനാഗത്തിന്റെ സ്മരണയുണര്‍ത്തി. “അത് തിരികെയിടൂ, അത് തിരികെയിടൂ!” താന്‍ ഈ വാക്കുകള്‍ തന്റെ കൈകളുടെ നേര്‍ക്ക് അലറിയതായി അയാള്‍ക്കു തോന്നി, കാരണം കുരുക്കഴിഞ്ഞപ്പോള്‍ അയാള്‍ ഇതുവരെ അനുഭവിച്ചതില്‍ ഏറ്റവും വലിയ വേദന അയാള്‍ക്ക് അനുഭവപ്പെട്ടു. അയാളുടെ കഴുത്ത് ഭീകരമായി വേദനിച്ചു; അയാളുടെ തലച്ചോറില്‍ തീകത്തി; അയാളുടെ ഹൃദയം, ഇതുവരെ മന്ദമായി പിടിച്ചുകൊണ്ടിരുന്നത്, ഭീമമായി കുതിച്ചുചാടി, അയാളുടെ വായിലൂടെ പുറത്തേയ്ക്കുചാടാന്‍ ശ്രമിച്ചു. അയാളുടെ ശരീരം മുഴുവന്‍ അശരണമായ ഒരു വേദന മഥിച്ച് ചതച്ചു! പക്ഷേ അനുസരണകെട്ട അയാളുടെ കരങ്ങള്‍ ഈ ആജ്ഞാപനത്തിന് ഒരു വിലയും കൊടുത്തില്ല. അവ ജലത്തില്‍ വേഗവും താഴേയ്ക്കുള്ളതുമായ താഢനങ്ങള്‍ ഏല്‍പ്പിച്ചു. തല്‍ഭലമായി അയാള്‍ ജലോപരിതലത്തില്‍ പൊങ്ങിവന്നു. തന്റെ തല പുറത്തുവരുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു; സൂര്യപ്രകാശമേറ്റ് അയാളുടെ കണ്ണുകള്‍ അന്ധമായി; അയാളുടെ നെഞ്ച് ചുഴലിപോലെ വികസിച്ചു, മകുടോന്നതമാ‍യ ഒരു വേദനയില്‍ അയാളുടെ ശ്വാസകോശങ്ങള്‍ ഒരു വലിയ അളവ് വായുവിനെ അകത്തേക്കു വലിച്ചു, അതിനെ അയാള്‍ ഒരു അലര്‍ച്ചയോടെ ഉടന്‍ പുറന്തള്ളി!

ഇപ്പോള്‍ അയാള്‍ തന്റെ ഭൌതിക ഇന്ദ്രിയങ്ങളുടെമേല്‍ പൂര്‍ണ്ണമായ നിയന്ത്രണത്തിലായിരുന്നു. അവ, സത്യത്തില്‍, അസാധാരണമാം വിധം കൂര്‍മ്മവും സംവേദനക്ഷമവുമായിരുന്നു. ആ കോലാഹലത്തില്‍ അയാളുടെ ശരീരവ്യവസ്ഥയില്‍ എന്തോ ഒന്ന് അത്യധികം തുള്ളിച്ചാടി അയാളുടെ ഇന്ദ്രിയങ്ങളെ ശുദ്ധീകരിച്ചതുകൊണ്ട് അവ ഇതുവരെ അനുഭവിക്കാത്ത തരത്തില്‍ കാര്യങ്ങളെ രേഖപ്പെടുത്തി. തന്റെ മുഖത്ത് ജലം ഓളംതട്ടുന്നത് അയാള്‍ അറിഞ്ഞു, അവയിലെ ഓരോ ഓളങ്ങള്‍ തട്ടുമ്പൊഴും അവയുടെ ശബ്ദത്തെ അയാള്‍ വേര്‍തിരിച്ചുകേട്ടു. അയാള്‍ നദീതീരത്തുള്ള കാട്ടിലേയ്ക്കുനോക്കി, അവിടെയുള്ള ഓരോ മരങ്ങളെയും കണ്ടു, മരങ്ങളിലെ ഇലകളെയും ഓരോ ഇലകളിലെയും ഞരമ്പുകളെയും അവയിലിരിക്കുന്ന പ്രാണികളെയും അയാള്‍ കണ്ടു: പുല്‍ച്ചാടികള്‍, വര്‍ണ്ണാഭമായ ശരീരങ്ങളുള്ള പൂച്ചികള്‍, മരച്ചില്ലയില്‍ നിന്നും മരച്ചില്ലയിലേയ്ക്ക് വലവിരിക്കുന്ന ഊതനിറമുള്ള ചിലന്തികള്‍. നൂറായിരം പുല്‍നാമ്പുകളില്‍ ഞാന്നുനിന്ന ജലകണികകളില്‍ പ്രതിഫലിച്ച സൂര്യരശ്മികളിലെ ഏഴുനിറങ്ങള്‍ അയാള്‍ കണ്ടു. നദിയുടെ ചുഴികള്‍ക്കുമുകളില്‍ നൃത്തം ചെയ്ത കുരുട്ടീച്ചകളുടെ മൂളലുകള്‍, തുമ്പികളുടെ ചിറകടിശബ്ദങ്ങള്‍, ജലച്ചിലന്തിയുടെ കാലുകളുടെ സ്പന്ദനം, വള്ളത്തില്‍ നിന്നും ഉയര്‍ത്തിയ തുഴയുടെ ശബ്ദം പോലെ- ഇവയെല്ലാം ശ്രവ്യമായ സംഗീതം തീര്‍ത്തു. ഒരു മത്സ്യം അയാളുടെ കണ്മുന്നില്‍ക്കൂടി തെന്നിപ്പോയി, അയാള്‍ അതിന്റെ ശരീരം ജലത്തെ കുറുകെമുറിക്കുന്ന ശബ്ദാവേഗം കേട്ടു.

അയാള്‍ നദിയുടെ ഒഴുക്കിനൊത്ത് ജലോപരിതലത്തിലെത്തി; ഒരു നിമിഷം കൊണ്ട് ദൃശ്യലോകം അയാളെ കേന്ദ്രീകരിച്ച് പതുക്കെ ചുറ്റാന്‍ തുടങ്ങി, അയാള്‍ പാലവും, കോട്ടയും, പാലത്തിനു മുകളില്‍ നില്‍ക്കുന്ന കാപ്റ്റനെയും, സര്‍ജ്ജന്റിനെയും, രണ്ട് സ്വകാര്യ ഭടന്മാരെയും, തന്റെ ഘാതകരെയും കണ്ടു. നീലാകാശത്തിന് എതിരേ അവര്‍ രേഖാചിത്രങ്ങള്‍ തീര്‍ത്തു. അവര്‍ അയാളെച്ചൂണ്ടി ആംഗ്യങ്ങള്‍ കാണിച്ചു, ഒച്ചവെച്ചു. കാപ്റ്റന്‍ തന്റെ പിസ്റ്റള്‍ വലിച്ചെടുത്തു, എന്നാല്‍ വെടിവെച്ചില്ല; മറ്റുള്ളവര്‍ നിരായുധരായിരുന്നു. അവരുടെ ചലനങ്ങള്‍ അറപ്പുളവാക്കുന്നതും ഭയാനകവുമായിരുന്നു, അവരുടെ രൂപങ്ങള്‍ ഭീമാകാരവും.

പെട്ടെന്ന് അയാള്‍ ഒരു മൂര്‍ച്ചയേറിയ ശബ്ദം കേട്ടു, അയാളുടെ തലയ്ക്ക് ഏതാനും ഇഞ്ചുകള്‍ അകലെ എന്തോ വെള്ളത്തില്‍ പെട്ടെന്നു പതിച്ച് അയാളുടെ മുഖത്തേയ്ക്കു വെള്ളം തെറിപ്പിച്ചു. അയാള്‍ രണ്ടാമത് ഒരു ഒച്ചയും കൂടി കേട്ടു, രണ്ട് കാവല്‍ഭടന്മാരില്‍ ഒരാള്‍ തന്റെ തോളിനുമീതേ റൈഫിള്‍ പിടിച്ചുകൊണ്ട്, തോക്കിന്‍ കുഴലില്‍ നിന്നും ഒരു നീലപ്പുകയുടെ ഒരു ചെറിയ മേഖം പറത്തിക്കൊണ്ട് നില്‍ക്കുന്നതുകണ്ടു. വെള്ളത്തില്‍ക്കിടക്കുന്ന മനുഷ്യന്‍ തോക്കിന്റെ സുഷിരത്തിലൂടെ തന്നെ നോക്കിക്കൊണ്ട് പാലത്തിനുമുകളില്‍ നില്‍ക്കുന്ന മനുഷ്യന്റെ കണ്ണ് കണ്ടു. അത് ഒരു ഊതനിറത്തിലുള്ള കണ്ണാണെന്നും ഊതനിറത്തിലെ കണ്ണുകള്‍ ഏറ്റവും സൂക്ഷ്മദൃക്‌കാണെന്നും എല്ലാ പ്രശസ്തരായ വെടിക്കാര്‍ക്കും ഊതക്കണ്ണുകളാണ് ഉള്ളതെന്നും അയാള്‍ ഓര്‍ത്തു, എങ്കിലും ഈ വെടിവെയ്പ്പുകാരന് ലക്ഷ്യം തെറ്റി.

വിപരീതദിശയിലുള്ള ഒരു ചുഴി ഫര്‍ക്കഹറിനെ എടുത്ത് പകുതി തിരിച്ചു; അയാള്‍ വീണ്ടും കോട്ടയ്ക്ക് എതിര്‍വശത്തായി ഉള്ള വനത്തെ അഭിമുഖീകരിച്ചു. തെളിഞ്ഞതും ഉയര്‍ന്നതുമായ ഒരു ഏകതാന സംഗീതശബ്ദം ഇപ്പോള്‍ അയാള്‍ക്കുപിന്നില്‍ മുഴങ്ങി, മറ്റ് എല്ലാ ശബ്ദങ്ങളെയും കീറിമുറിച്ച് മുക്കിക്കളഞ്ഞ, അയാളുടെ ചെവിയിലെ ഓടങ്ങളെപ്പോലും തോല്‍പ്പിച്ച ഒരു വ്യതിരിക്തതയോടെ അത് ജലത്തിനു കുറുകെ എത്തി. ഒരു ഭടന്‍ ആയിരുന്നില്ലെങ്കിലും, മന:പൂര്‍വ്വവും, നീണ്ടതും, ഉയര്‍ന്നതുമായ ഈ ശബ്ദത്തിന്റെ ഭീതിദമായ പ്രാധാന്യം മനസിലാക്കുവാനുള്ളത്ര പട്ടാള കാമ്പുകള്‍ അയാള്‍ സന്ദര്‍ശിച്ചിരുന്നു; ഒരു തീരത്തുള്ള ഒരു ലെഫ്റ്റനന്റ് ഈ പ്രഭാതത്തിലെ കൃത്യത്തില്‍ പങ്കെടുക്കുന്നു. എന്ത് വികാരരഹിതവും കരുണയില്ലാതെയുമാണ്-എന്തൊരു സമീകൃതവും, ശാന്തവുമായ ഒച്ചയില്‍, അളന്നുകൊണ്ട്, ഭടന്മാരില്‍ ശാന്തത നിറച്ചുകൊണ്ട്-എന്ത് കൃത്യമായി അളന്ന ഇടവേളകളിലാണ് ആ ക്രൂരമായ വാക്കുകള്‍ പതിച്ചത്:

"കമ്പനി!… അറ്റന്‍ഷന്‍!… തോക്കുകള്‍ ഏന്തൂ!… റെഡി!… ഉന്നം പിടിക്കൂ!… ഫയര്‍!"

ഫര്‍ക്കഹര്‍ കൂപ്പുകുത്തി-മുങ്ങാന്‍ കഴിയുന്നത്ര ആഴത്തില്‍ അയാള്‍ മുങ്ങി. നയാഗ്രയുടെ ശബ്ദം പോലെ ജലം അയാളുടെ ചെവികളില്‍ ഇരമ്പി, എന്നിട്ടും അയാള്‍ വെടിയുടെ മങ്ങിയ ഇടിമുഴക്കം കേട്ടു, എന്നിട്ട്, ജലോപരിതലത്തിലേയ്ക്കുയര്‍ന്ന്, താഴേയ്ക്ക് ഊഞ്ഞാലാടിയിറങ്ങുന്ന, പലരീതിയില്‍ പരന്ന, ലോഹത്തിന്റെ തിളങ്ങുന്ന കഷണങ്ങളെ കണ്ടു. അവയില്‍ ചിലത് അയാളുടെ മുഖത്തും കൈകളിലും തൊട്ടു, എന്നിട്ട് അവയുടെ പതനം തുടര്‍ന്ന് വീണുചിതറി. ഒരെണ്ണം അയാളുടെ കോളറിനും കഴുത്തിനും ഇടയില്‍ സ്ഥാനം പിടിച്ചു; അസുഖകരമായ രീതിയില്‍ ഊഷ്മളമായിരുന്ന അത് അയാള്‍ പറിച്ചെറിഞ്ഞു.

ശ്വാസമെടുക്കാന്‍ ജലോപരിതലത്തിലേയ്ക്കുയരുമ്പോള്‍ താന്‍ ഒട്ടേറെനേരം വെള്ളത്തിനടിയിലായിരുന്നു എന്നയാള്‍ കണ്ടു; അയാള്‍ വ്യക്തമായും നദിയില്‍ ഒരുപാട് താഴേയ്ക്കെത്തിയിരുന്നു-സുരക്ഷിതത്വത്തിന് അടുത്ത്. ഭടന്മാര്‍ തോക്കില്‍ തിരനിറയ്ക്കുന്നത് ഏകദേശം തീര്‍ത്തുകഴിഞ്ഞു; പീരങ്കികളില്‍ നിന്നും ചിതറുന്നതുപോലെ, വായുവില്‍ കറങ്ങി, അവയുടെ കുഴകളില്‍ കുത്തിനിറച്ചിരുന്നതുപോലെ, ലോഹപാളികള്‍ സൂര്യപ്രകാശത്തില്‍ ഒരേസമയം തിളങ്ങി. രണ്ട് കാവല്‍ഭടന്മാര്‍ വീണ്ടും വെടിവെച്ചു, വെവ്വേറെയായും നിഷ്ഫലമായും.

വേട്ടയാടപ്പെടുന്ന മനുഷ്യന്‍ ഇതെല്ലാം തന്റെ തോളിനു മുകളില്‍ക്കൂടി കണ്ടു; ഇപ്പോള്‍ അയാള്‍ ഒഴുക്കിനൊത്ത് ശക്തമായി നീന്തുകയാണ്. അയാളുടെ തലച്ചോറ് കൈകാലുകളോടൊപ്പം തന്നെ ഊര്‍ജ്ജിതമായി; അയാള്‍ മിന്നലിന്റെ വേഗതയില്‍ ചിന്തിച്ചു:

“ഓഫീസര്‍ ആ വെടിക്കാരന്റെ തെറ്റ് രണ്ടാം തവണ വരുത്താന്‍ അനുവദിക്കുകയില്ല” അയാള്‍ ചിന്തിച്ചു, "തോട്ട വെടിയില്‍ നിന്നും ഒറ്റ വെടിയുണ്ടയില്‍ നിന്നുമൊക്കെ രക്ഷപെടുന്നത് വളരെ എളുപ്പമാണ്. അയാള്‍ ഇപ്പോള്‍ത്തന്നെ മനോധര്‍മ്മമനുസരിച്ച് വെടിവെയ്ക്കുവാനുള്ള ഉത്തരവു കൊടുത്തു കാണണം. ദൈവം എന്നെ സഹായിക്കട്ടെ, എനിക്കവയില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറാനാവില്ല!"

അയാള്‍ക്ക് രണ്ടുവാര അകലെ വെള്ളം ശക്തമായി ചിതറിയതിനു പിന്നാലെ ഒരു വലിയ, ഇരയ്ക്കുന്ന ശബ്ദം, നീചസ്ഥായിയിലേയ്ക്കുനീങ്ങി, വായുവിലൂടെ കോട്ടയിലേയ്ക്ക് പിറകോട്ടു സഞ്ചരിക്കുന്നു എന്നു തോന്നിച്ച അത് നദിയെ അതിന്റെ ആഴങ്ങള്‍ വരെ പിടിച്ചുകുലുക്കിയ ഒരു പൊട്ടിത്തെറിയില്‍ അവസാനിച്ചു! വെള്ളത്തിന്റെ ഉയരുന്ന ഒരു പാളി അയാള്‍ക്കു മീതേ വളഞ്ഞ്, അയാളുടെ മേല്‍ വീണ്, അയാളെ അന്ധനാക്കി, അയാളെ വരിഞ്ഞുമുറുക്കി! പീരങ്കിയ്ക്ക് ഈ വേട്ടയില്‍ ഒരു പങ്കുണ്ടായിരിക്കുന്നു. ചിതറിയ വെള്ളത്തിന്റെ അലമ്പലില്‍ നിന്ന് അയാള്‍ തന്റെ തല കുടഞ്ഞ് സ്വതന്ത്രമാക്കിയപ്പോള്‍ വഴിതെറ്റിയ ഒരു വെടിയുണ്ട തനിക്കു മീതേയുള്ള വായുവിലൂടെ മൂളിക്കൊണ്ട്, ഒരു നിമിഷത്തില്‍ മുന്‍പിലുള്ള വനത്തിലെ ചില്ലകളില്‍ തട്ടി പൊട്ടിത്തെറിക്കുന്നത് അയാള്‍ കേട്ടു.

"അവരതു വീണ്ടും ചെയ്യില്ല," അയാള്‍ ചിന്തിച്ചു; "അടുത്ത പ്രാവശ്യം അവര്‍ മുന്തിരിവെടിവെക്കും. ഞാന്‍ തോക്കില്‍ തന്നെ ശ്രദ്ധിക്കണം; പുക കണ്ടാല്‍ കാര്യമറിയാം - വെടിയൊച്ച വരുന്നത് വളരെ താമസിച്ചാണ്; ശബ്ദം വെടിയുണ്ടയെക്കാള്‍ പതുക്കെയാണ്. അതൊരു നല്ല തോക്കാണ്."

പെട്ടെന്ന് താന്‍ ഒരു പമ്പരം പോലെ ചുറ്റിക്കറങ്ങുന്നതായി അയാള്‍ക്കു തോന്നി. വെള്ളം, തീരം, വനങ്ങള്‍, ഇപ്പോള്‍ ദൂരെയായ പാലം, കോട്ടയും മനുഷ്യരും, എല്ലാം ചുറ്റുപിണഞ്ഞ് മങ്ങി. വസ്തുക്കളെ അവയുടെ നിറങ്ങള്‍ മാത്രം പ്രതിനിധീകരിച്ചു; ഉരുണ്ട് തിരശ്ചീനമായ നിറങ്ങളുടെ ധാരകളെ മാത്രമേ അയാള്‍ കണ്ടുള്ളൂ. അയാള്‍ ഒരു ചുഴിയുടെ കണ്ണില്‍ പെട്ടിരുന്നു, അതിന്റെ അത്യധികമായ പ്രവേഗം അയാളുടെ തല മന്ദിപ്പിച്ച് രോഗിയായി തോന്നിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം നദിയുടെ ഇടത്തേക്കരയുടെ താഴെയുള്ള ചരലിലേയ്ക്ക് അയാള്‍ എടുത്തെറിയപ്പെട്ടു-തെക്കുവശത്തുള്ള തീരത്ത്-അയാളെ ശത്രുക്കളില്‍ നിന്നും മറച്ച ഒരു മുനമ്പിന്റെ മറവില്‍. തന്റെ ചലനത്തിനു പെട്ടെന്നുവന്ന നിശ്ചലത, ഒരു കൈ ചരലിലുരഞ്ഞത്, ഇവ അയാളെ ഉജ്ജീവിപ്പിച്ചു, അയാള്‍ സന്തോഷം കൊണ്ട് കരഞ്ഞു. തന്റെ വിരലുകള്‍ അയാള്‍ മണലില്‍ താഴ്ത്തി, മണല്‍ കൈനിറയെ വാരി തന്റെ മേല്‍ എറിഞ്ഞു, ഉറക്കെ ആ മണ്ണിനെ വാഴ്ത്തി. ആ മണ്ണ് രത്നങ്ങള്‍, മരതകങ്ങള്‍, പുഷ്യരാഗങ്ങള്‍ പോലെ തോന്നി; ഇതിലും സുന്ദരമാ‍യ ഒന്നിനെയും അയാള്‍ക്ക് സങ്കല്‍പ്പിക്കാനായില്ല. തീരത്തുള്ള മരങ്ങള്‍ ഭീമാകാരമായ തോട്ടവൃക്ഷങ്ങളായിരുന്നു; അവയെ നാട്ടിയിരിക്കുന്നതില്‍ വ്യക്തമായ ഒരു ക്രമം അയാള്‍ ശ്രദ്ധിച്ചു, അവയുടെ പുഷ്പങ്ങളുടെ സുഗന്ധം അയാള്‍ അകത്തെയ്ക്കുവലിച്ചു. ഒരു അസാധാരണ റോസ് വെളിച്ചം അവയുടെ തടികള്‍ക്കിടയിലെ വിടവിലൂടെ പ്രകാശിച്ചു, കാറ്റ് അവയുടെ ചില്ലകളില്‍ പുരാതന സംഗീതോപകരണങ്ങളുടെ സംഗീതം പൊഴിച്ചു. തന്റെ രക്ഷപെടല്‍ പൂര്‍ത്തിയാക്കാന്‍ അയാള്‍ ആഗ്രഹിച്ചില്ല-ഇനിയും പിടിക്കപ്പെടുന്നതുവരെ ആ മാന്ത്രിക സ്ഥലത്ത് കിടക്കുവാന്‍ അയാള്‍ക്കു സമ്മതമായിരുന്നു.

തലയ്ക്കുമുകളില്‍ ചില്ലകളില്‍ ഒരു തോട്ടവെടിയുടെ മൂളലും ചിതറലും അയാളെ തന്റെ സ്വപ്നത്തില്‍ നിന്നുണര്‍ത്തി. കുഴങ്ങിപ്പോയ പീരങ്കിവെടിക്കാരന്‍ ലക്ഷ്യമില്ലാതെ അയാള്‍ക്കുവേണ്ടി യാത്രാമൊഴിയായി വെടിവെച്ചതായിരുന്നു അത്. അയാള്‍ തന്റെ കാലുകളില്‍ കുതിച്ചുയര്‍ന്ന്, ചെരിഞ്ഞുയര്‍ന്ന തീരത്ത് ഓടിക്കയറി, വനത്തിലേയ്ക്ക് ഊളിയിട്ടു.

ആ ദിവസം മുഴുവന്‍ അയാള്‍ യാത്രചെയ്തു, സൂര്യന്റെ യാത്രാപഥംകൊണ്ട് തന്റെ പാതനിശ്ചയിച്ചു. വനം അനന്തമായി തോന്നി; അതില്‍ ഒരിടത്തുപോലും അയാള്‍ ഒരു തുറസ്സ് കണ്ടുപിടിച്ചില്ല, ഒരു തടിപ്പണിക്കാരന്റെ പാതപോലും. താന്‍ ഇത്ര വന്യമായ ഒരു പ്രദേശത്താണ് ജീവിച്ചിരുന്നതെന്ന് അയാള്‍ അറിഞ്ഞില്ല. ആ വെളിപാടില്‍ അസാധാരണമായ എന്തോ ഉണ്ടായിരുന്നു.

രാവുവീണപ്പൊഴേയ്ക്കും അയാള്‍ ക്ഷീണിച്ചു, പാദങ്ങള്‍ പൊട്ടി, വിശന്നുവലഞ്ഞു. തന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും ചിന്ത അയാളെ മുന്നോട്ടുതള്ളി. അവസാനം ശരിയായ ദിശയിലുള്ളതെന്നു മനസിലായ ഒരു റോഡ് അയാള്‍ കണ്ടു. നഗരത്തിലെ ഒരു തെരുവിന്റെ അത്ര വീതിയുള്ളതും ഋജുവുമായിരുന്നു ഈ പാത, എങ്കിലും ആരും യാത്രചെയ്തിട്ടില്ലാത്തതായി ഈ പാത തോന്നിച്ചു. പാതയ്ക്ക് ഇരുവശവും ഒരു വയലുകളും ഇല്ലായിരുന്നു, ഒരിടത്തും ആള്‍ത്താമസം ഇല്ലായിരുന്നു. മനുഷ്യവാസം സൂചിപ്പിക്കാന്‍ ഒരു നായ്ക്കുരപോലും കേട്ടില്ല. മരങ്ങളുടെ കറുത്ത ശരീരങ്ങള്‍ ഇരുവശങ്ങളിലും നീണ്ട ഒരു മതില്‍ തീര്‍ത്തു, അനന്തതയില്‍ ഒരേ ബിന്ദുവില്‍ ആ മതിലുകള്‍ അവസാനിച്ചു, ഒരു ചിത്രത്തിലെ വരകള്‍ പോലെ. തലയ്ക്കുമീതേ, അയാള്‍ ഈ മരങ്ങളുടെ ഇടയ്ക്കുകൂടെ മുകളിലേയ്ക്കു നോക്കിയപ്പോള്‍, അപരിചിതമായ വലിയ സ്വര്‍ണ്ണനക്ഷത്രങ്ങള്‍ പ്രകാശിച്ചു, അവ അസാധാരണമായ നക്ഷത്രരാശികളായി സംഖം ചേര്‍ന്നു. രഹസ്യവും എന്നാല്‍ ദോഷകരവുമായ പ്രാധാന്യമുള്ള ഏതോ ക്രമത്തില്‍ അവയെ ക്രമീകരിച്ചിരിക്കുകയാണെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. ഇരുവശത്തുമുള്ള മരങ്ങളാകെ വ്യത്യസ്ഥമായ ശബ്ദങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു, അവയില്‍ നിന്നും ഒരിക്കല്‍, രണ്ടുതവണ, വീണ്ടും - അയാള്‍ അപരിചിതമായ ഒരു ഭാഷയിലെ അടക്കിപ്പിടിച്ച സംസാരങ്ങള്‍ കേട്ടു.

അയാളുടെ കഴുത്ത് വേദനിച്ചു, കൈയുയര്‍ത്തി അതില്‍ തൊട്ടപ്പോള്‍ കഴുത്ത് ഭയങ്കരമായി വീങ്ങിയിരിക്കുന്നതായ് അയാള്‍ അറിഞ്ഞു. കയറ് മുറുകിയിടത്ത് കറുത്ത ഒരു വട്ടം ഉണ്ടെന്ന് അയാള്‍ അറിഞ്ഞു. അയാളുടെ കണ്ണുകള്‍ തിങ്ങി; അയാള്‍ക്ക് അവ അടയ്ക്കാന്‍ കഴിഞ്ഞില്ല. ദാഹം കൊണ്ട് അയാളുടെ നാവ് വീര്‍ത്തു; തന്റെ പല്ലുകള്‍ക്കിടയിലൂടെ തണുത്ത വായുവിലേയ്ക്ക് അതിനെ മുന്നോട്ടുതള്ളി അയാള്‍ അതിന്റെ പനിയടക്കി. എന്തു മൃദുവായാണ് സഞ്ചരിച്ചിട്ടില്ലാത്ത ആ വഴിയില്‍ പുല്ലുകളും ഇലകളും വീണുകിടക്കുന്നത് - അയാള്‍ക്ക് തന്റെ പാദങ്ങള്‍ക്കു കീഴെയുള്ള പാതയില്‍ ചവിട്ടുന്നതായി തോന്നിയില്ല!

തീര്‍ച്ചയായും, തന്റെ കഷ്ടാനുഭവങ്ങള്‍ക്കിടയിലും, അയാള്‍ നടക്കുന്നതിനിടയ്ക്ക് ഉറങ്ങിപ്പോയിരുന്നു, കാരണം ഇപ്പോള്‍ അയാള്‍ മറ്റൊരു ദൃശ്യമാണ് കാണുന്നത് - ചിലപ്പോള്‍ അയാള്‍ ഒരു വിഭ്രമത്തില്‍ നിന്ന്‍ ഉണര്‍ന്നതു മാത്രമാവാം. അയാള്‍ തന്റെ സ്വന്തം വീടിന്റെ വാതിലില്‍ നില്‍ക്കുകയാണ്. എല്ലാം അയാള്‍ വിട്ടുപോയ സമയത്തുള്ളതുപോലെ തന്നെ. പ്രഭാതസൂര്യന്റെ കിരണങ്ങളില്‍ എല്ലാം പ്രകാശമാനവും സുന്ദരവും. അയാള്‍ രാത്രിമുഴുവന്‍ സഞ്ചരിച്ചുകാണണം. അയാള്‍ ഗേറ്റ് തള്ളിത്തുറന്ന് വീതിയുള്ള വെളുത്ത പാതയിലൂടെ സഞ്ചരിച്ചപ്പോള്‍, സ്ത്രീ വസ്ത്രങ്ങളുടെ ഒരിളക്കം അയാള്‍ കണ്ടു; തന്റെ ഭാര്യ, സുന്ദരവും മധുരവും പ്രസാദവതിയുമായി വരാന്തയില്‍ നിന്ന് അയാളെ കാണാന്‍ താഴേയ്ക്കിറങ്ങുന്നു. ഏറ്റവും താഴെയുള്ള പടിയില്‍ അവള്‍ കാത്തുനില്‍ക്കുന്നു, ഒരിക്കലും അടക്കാനാവാത്ത സന്തോഷത്തിന്റെ പുഞ്ചിരിയുമായി, താരതമ്യപ്പെടുത്താനാവാത്ത കുലീനത്വത്തിന്റെയും സൌശീല്യത്തിന്റെയും ഭാവവുമായി. ആഹ്, അവള്‍ എന്തു സുന്ദരിയാണ്!. അയാള്‍ കൈകള്‍ വിടര്‍ത്തിപ്പിടിച്ച് മുന്നോട്ടു കുതിക്കുന്നു. അയാള്‍ അവളെ കെട്ടിപ്പിടിക്കുന്നതിനു തൊട്ടു മുന്‍പേ അയാളുടെ കഴുത്തിനു പിന്നില്‍ അതിശക്തമായ ഒരു അടികൊണ്ടതായി അയാള്‍ക്ക് തോന്നുന്നു; കണ്ണഞ്ചിപ്പിക്കുന്ന വെളുത്ത പ്രകാശം അയാള്‍ക്കുചുറ്റും ഒരു പീരങ്കി പൊട്ടുന്ന ശബ്ദത്തില്‍ കത്തുന്നു-പിന്നാലെ എല്ലാം ഇരുണ്ടതും നിശബ്ദവും!

പെയ്റ്റണ്‍ ഫര്‍ക്കഹര്‍ മരിച്ചു; അയാളുടെ ശരീരം; കഴുത്തൊടിഞ്ഞ്; കൂമന്‍ കടവു പാലത്തിലെ പലകകള്‍ക്കു കീഴെ വശത്തോടു വശം ശാന്തമായി ആടി.

Monday, 5 May 2008

അഞ്ചുസെന്റിലൊതുങ്ങുന്ന ആകാശം.

സ്വയമുണ്ടാക്കുന്ന അല്ലെങ്കില്‍ മനുഷ്യരുടെ ചെറിയ കൂട്ടങ്ങളുണ്ടാക്കുന്ന ദ്വീപില്‍ അകപ്പെട്ടുപോകുന്ന വര്‍ത്തമാന മനുഷ്യാവസ്ഥയെക്കുറിച്ചാണ്‌ ഇഞ്ചിപ്പെണ്ണ്‌ അഞ്ചു സെന്റ്‌ എന്ന കഥയിലൂടെ പറയുന്നത്‌.

അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുണ്ടാക്കുന്ന മതിലുകള്‍ക്കകത്ത്‌ കഴിയാന്‍ നിയോഗിക്കപ്പെടുകയും പുറത്തെ വിശാലമായ ലോകത്തെ നോക്കി കൗതുകരമായ വിചാരത്തോടെ വേവലാതിപ്പെടുകയും ചെയ്യുന്ന ഇന്നത്തെ കുട്ടികളെക്കുറിച്ച്‌ കഥാകാരി പറയുന്നു. കളിക്കാന്‍ കൂട്ടുകാരോ കളിച്ച്‌ നടക്കാന്‍ മുറ്റമോ ഇല്ലാതെ പോകുന്ന ഇന്നത്തെ ബാല്യം ആ അവസ്ഥകളോട്‌ സന്ധിചെയ്യുകയാണ്‌ എന്ന് കഥയില്‍ സൂചിപ്പിക്കുന്നു.

ട്രീസയുടെ വീടിന്‌ ചുറ്റും മതിലാണ്‌. ഒരാള്‍ക്ക്‌ കഷ്ടിച്ച്‌ നടന്നു പോകാവുന്ന സ്ഥലമുള്ള അഞ്ചു സെന്റില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വീടിനു മുകളിലിരുന്ന് പുറത്തുകാണുന്ന വിശാലമായ വെളിമ്പറമ്പിലെ ഓലമേഞ്ഞ പുര കൗതുകത്തോടേയും അതിന്റെ രഹസ്യസ്വഭാവത്തെ ഉള്‍ക്കൊണ്ടുമാണ്‌ ട്രീസ കാണുന്നത്‌.

ട്രീസ കാണുന്ന മറ്റ്‌ പരിസരങ്ങളും മതിലുകള്‍ കൊണ്ട്‌ തീര്‍ത്തതാണ്‌. പിന്നിടുന്ന ഇടവഴികള്‍ നിറയെ മതിലുകള്‍ കൊണ്ട്‌ മറച്ച വീടുകള്‍. അതെപ്പോഴും എണ്ണം തന്നെ തെറ്റിക്കുന്നു.

മതിലിന്‌ പുറത്ത്‌ ജീവിക്കുന്നവര്‍ക്ക്‌ മതിലിനകം എപ്പോഴും രഹസ്യ സ്വഭാവം നല്‍കുന്നവയാണ്‌. എന്നാല്‍ ഇവിടെ മതിലിനകത്ത്‌ നിന്നുകൊണ്ട്‌ പുറത്തെ മതിലുകളില്ലാത്ത പറമ്പിലെ ഓലപ്പുര രഹസ്യവും കൗതുകവും ട്രീസയ്ക്കുണ്ടാക്കുന്നു. ഈ പുറം കാഴ്ചകള്‍ നല്‍കുന്ന രഹസ്യസ്വഭാവം കൊണ്ടാകണം പുറത്തെ ഓലമേഞ്ഞ വീട്ടില്‍ പോകണമെന്ന് ആഗ്രഹിക്കാറുണ്ടെങ്കിലും അമ്മയോട്‌ ചോദിക്കാന്‍ ട്രീസയ്ക്‌ തോന്നത്തത്‌.

വീട്ടില്‍ എന്ത്‌ ചോദിക്കണം ചോദിക്കരുത്‌ എന്നുള്ള അലിഖിത നിയമങ്ങള്‍ ആരും പറയാതെ മതിലുകള്‍ ട്രീസയ്ക്ക്‌ മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്‌. അതുകൊണ്ടു തന്നെയാണ്‌ ആട്ടിങ്കുട്ടി വേണമെന്ന് ട്രീസ ആവശ്യപ്പെടുന്നതും. അതുകൊണ്ടുതന്നെ ചോദിച്ചാല്‍ കിട്ടുന്ന അനുവദീയനമായ ഒന്നാണ്‌ ആട്ടിന്‍കുട്ടി.


ട്രീസയല്ലാതെ വേറെ കുട്ടികളെക്കുറിച്ച്‌ പറയുന്നില്ല കഥയില്‍. മമ്മയ്ക്‌ മിനിയാന്റിയുണ്ട്‌ കൂട്ടിന്‌. വലിയ ഒരു വീടിന്റെ, അതും മതിലുകള്‍ക്കുള്ളില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന, മഴവെള്ളം വീഴുന്ന മുറ്റമില്ലാത്ത, ഒരു പച്ചപ്പോ തണലോ ഇല്ലാത്ത, കളിക്കാന്‍ മുറ്റമില്ലാത്ത ഒരു വീട്ടില്‍ ഒറ്റയ്ക്ക്‌ കഴിയേണ്ടി വരുന്ന ബാല്യം ക്രൂരമായ വര്‍ത്തമാന അവസ്ഥ തന്നെയാണ്‌.

മറ്റാരും കൂട്ടിനില്ലാതെ പുറത്തെ വിശാലത കണ്ട്‌ അതിശിയിക്കുന്ന ഏകാന്തയായ ഒരു ചെറിയ കുട്ടിയ്ക്ക്‌ കിട്ടുന്ന ഒരു കളിക്കൂട്ടുകാരിയായിരിക്കണം ആട്ടിന്‍കുട്ടി. രഹസ്യം നിറഞ്ഞുനില്‍ക്കുന്നതെന്ന് ട്രീസ കരുതുന്ന, പോകാന്‍ പാടില്ല എന്ന് വിലക്കുകളുള്ള ആ ഓല വീട്ടില്‍ നിന്നാണ്‌ ആട്ടിന്‍കുട്ടി വരുന്നതുതന്നെ. വിശാലമായ വെളിമ്പറമ്പുകള്‍ സ്വന്തമായി കളിക്കാനുള്ള ആ സാധാരണ വീട്ടിലെ കുട്ടിയ്ക്ക്‌ ട്രീസയുടെ മതിലുകള്‍ ശ്വാസം മുട്ടിക്കുന്നു. കാലുചവിട്ടി നില്‍ക്കാന്‍ പച്ചമണ്ണു പോലുമില്ലാത്ത വീട്ടില്‍ പൊള്ളുന്ന കാലുകള്‍ അത്‌ മാറി മാറി ചവിട്ടുന്നത്‌ അതിന്‌ ശീലമില്ലാത്ത പരിസരങ്ങള്‍ ചുട്ടുപൊള്ളിക്കുന്നതുകൊണ്ടാണ്‌..


പുറത്തെ ഓലവീടും ട്രീസയുടെ വീടും സാമ്പത്തികമായ രണ്ടു തട്ടുകളിലാണ്‌ നില്‍ക്കുന്നതെന്ന വ്യക്തമായ സൂചന കഥ നല്‍കുന്നുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ പലവിലക്കുകളും ട്രീസയ്ക്ക്‌ മനസ്സിലാവുന്നതും. അതേ കാരണം കൊണ്ട്‌ ആട്ടിന്‍കുട്ടി കളിക്കൂട്ടായിട്ടല്ല മറിച്ച്‌ ഒരു കളിപ്പാട്ടമായിട്ടാണ്‌ ട്രീസയ്ക്ക്‌ കിട്ടുന്നത്‌. വളരെയേറെ കൗതുകമുണ്ടാക്കുന്ന ഒരു കളിപ്പാട്ടം. ഈ രണ്ടുതട്ടുകളില്‍ ജീവിക്കുന്ന മനുഷ്യരുടെ വ്യത്യസ്ഥതകളാവണം ആട്ടിന്‍കാട്ടമെടുത്ത ട്രീസയെക്കണ്ട്‌ മമ്മ കാറിത്തുപ്പ്പ്പുന്നതും സോപ്പിട്ട്‌ ഉരച്ച്‌ കുറേ വട്ടം കൈ കഴുകിപ്പിക്കുന്നതും. ഇത്‌ ചിലപ്പോള്‍ വെളിപറമ്പുകളില്‍ ജീവിക്കുന്നവരുടെ സാധാരണ ഭാഷാപ്രയോഗങ്ങള്‍മുതല്‍ മമ്മയ്ക്കോ ആ തലത്തില്‍പ്പെട്ടവര്‍ക്കോ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പെരുമാറ്റങ്ങള്‍ പോലുമാവാം. ഒരു കളിപ്പാട്ടത്തിന്റെ സ്ഥാനം മാത്രമുള്ളതുകൊണ്ട്‌ ആട്ടിങ്കുട്ടിയ്ക്ക്‌ ഉപയോഗമില്ലാതാവുമ്പോള്‍ പിന്നെ പരിഗണനകള്‍ ഇല്ലാതാവുന്നു. അതുകൊണ്ട്‌ നസീമാന്റിയ്ക്ക്‌ ആട്ടിന്‍കുട്ടിയെ തിരിച്ചുകിട്ടുന്നു. കൊല്ലാനോ വളര്‍ത്താനോ വേണ്ടി സൗജന്യത്തോടെ.

ആട്ടിങ്കുട്ടിയെ കെട്ടിയിട്ട സ്ഥലത്ത്‌ ഇരുന്ന് ട്രീസ ആകാശത്തേക്ക്‌ നോക്കുന്നിടത്താണ്‌ കഥ അവസാനിക്കുന്നത്‌. തെങ്ങോലത്തലപ്പുകളില്‍ നിന്ന് ആകാശം പിച്ചിച്ചീന്തി വീഴുന്നത്‌ കണ്ട്‌ നടന്ന ട്രീസ അഞ്ചുസെന്റിലെ മതിലനുവദിക്കുന്ന ഒരു ചതുരാകാശത്തിലെ തുരുത്തില്‍ മേഘങ്ങളൊഴുകുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌. അപ്പോഴും മതിലിനുള്ളിലിരുന്ന് നോക്കുമ്പോള്‍ പുറത്തെ വലിയ ആകാശം പോലും ചെറുതായി മതിലനുവദിക്കുന്ന അഞ്ചുസെന്റിനകത്താകുന്നു.

വന്നുപെടുന്ന സാഹചര്യങ്ങളോട്‌ സന്ധിചെയ്ത്‌ കീഴടങ്ങുന്ന കഥാപാത്രങ്ങള്‍ കഥകളില്‍ സാധാരണയാണ്‌.ഈ കഥയുടെ അവസാനം എം.ടി യുടെ വാരിക്കുഴി എന്ന കഥയെ ഓര്‍മിപ്പിച്ചു.

കഥ പറഞ്ഞ രീതി വല്ലാതെ വിവരണങ്ങളില്‍ മുങ്ങിപ്പോയതുകൊണ്ട്‌ ഈ കഥ വായന ക്ലേശകരമാക്കുന്നുണ്ട്‌.എങ്കില്‍തന്നെയും വളരെ കാലികമായ ഒരു വിഷയം നന്നായി പറയുന്നതില്‍ ഇഞ്ചിപ്പെണ്ണ്‌ വിജയിച്ചിരിക്കുന്നു. അതുകൊണ്ട്‌ തന്നെ ബ്ലോഗിലെ നല്ല കഥകളുടെ കൂടെ അഞ്ച്‌ സെന്റ്‌ സ്ഥാനം പിടിക്കുന്നു.

Thursday, 1 May 2008

പഴയ കഥാ‍നായകന്മാര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍


*** ബ്ലോഗര്‍ ജിതേന്ദ്രകുമാര്‍ എഴുതിയ കഥ ***


(ഈ ബ്ലോഗിലെ
ആദ്യ പോസ്റ്റില്‍ മെറ്റാഫിക്ഷന്‍ എന്ന സാഹിത്യ സങ്കേതത്തെക്കുറിച്ച് ചെറിയ ചര്‍ച്ച നടന്നിരുന്നു. അക്കൂട്ടത്തില്‍ ശ്രീ ജിതേന്ദ്രകുമാര്‍ അദ്ദേഹത്തിന്റെ ശിഖരവേരുകള്‍ എന്ന കഥാസമാഹാരത്തിലെ ഒരു കഥയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ആ കഥ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു.)

Photobucket


ലക്ഷ്മണ്‍ലാല്‍ പ്യാരിലാല്‍ പണ്ഡിറ്റ്ജിയുടെ തല മുണ്ഡനം ചെയ്യണം. കണ്ണുകള്‍ കുത്തിപ്പൊട്ടിക്കണം. കഴുതപ്പുറത്തുകയറ്റി ചെരുപ്പുമാലയിട്ട് ചെണ്ടകൊട്ടി നഗരം മുഴുവന്‍ തെണ്ടിക്കണം. ഒരിറ്റുവെള്ളം കൊടുക്കാതെ കൊല്ലണം. കൊന്നുകൊണ്ടേയിരിക്കണം.

പ്രതികാരം എന്റെ സിരകളില്‍ പട്ടച്ചാരായം പോലെ കത്തിക്കയറുന്നു. ആദ്യമായാണ് ഇത്തരം വികാരങ്ങള്‍ എന്നില്‍ പൂക്കുന്നത്. ശ്രീ എം. മുകുന്ദന്റെ പേന എന്നെ പെറ്റിട്ടത്തുതന്നെ പീഡനത്തിന്റെ പടുകുഴിയിലേക്കായിരുന്നല്ലോ. അക്കഥകളൊക്കെ നിങ്ങള്‍ക്കും നന്നായറിയാം. ഒരു വയസ്സനു ദാഹജലം കൊടുത്തതിനു ഞാന്‍ എന്തെന്തു ശിക്ഷകള്‍ ഏറ്റുവാങ്ങിയില്ല! അതിനുശേഷം ഇത്രയും വര്‍ഷങ്ങള്‍ ഞാന്‍ സംസാരിക്കാതിരുന്നത് ഭീരുത്വമായി ആരും കരുതരുത്. രാക്ഷസീയമായ പീഡനം ആരെയും നിശബ്ദമാക്കും, ചിലപ്പോള്‍ വര്‍ഷങ്ങളോളം. ഒരു പ്രഷര്‍ക്കുക്കറിലെന്നപോലെ പ്രക്ഷുബ്ധമായ ചിന്തകള്‍ എന്നില്‍ നിറയുകയായിരുന്നു ഇക്കാലമത്രയും. എന്തെങ്കിലും ഉടന്‍ ചെയ്തില്ലെങ്കില്‍ അതു പൊട്ടിത്തെറിച്ചേക്കാം. മാത്രമല്ല, തല മുണ്ഡനം ചെയ്യപ്പെട്ട ജീവിതങ്ങളും ചിലകാലങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്ന് ലോകത്തിനു കാണിച്ചുകൊടുക്കുകയും വേണ്ടേ?

പക്ഷേ തനിക്കതിനു കെല്‍പ്പുണ്ടോ? കൃശഗാത്രന്‍. പേന പിടിച്ചു ശീലമുള്ള കൈകള്‍. പണ്ഡിറ്റ്ജിയാവട്ടെ, ആരോഗ്യദൃഢഗാത്രന്‍. കീഴ്പ്പെടുത്തുന്നതെങ്ങിനെ?

പീറ്ററിന്റെ പ്രതികാരം പോലെ ഇതും പാളിപ്പോകുമോ? മലയാറ്റൂരിലെ പീറ്ററിന്റെ കാര്യം തന്നെയാണു പറയുന്നത്. എന്‍.പി. മേനോനെ പുലഭ്യം പറയാന്‍ എന്തെല്ലാമോ തെറികള്‍ ഓര്‍ത്തെടുത്തതായിരുന്നു. ഒടുവില്‍ അയാള്‍ മേനോനുമൊത്ത് കള്ളുകുടിച്ച്... ഛെ...നാറി. നട്ടെല്ലില്ലാത്തവന്‍. ഒരാള്‍ക്ക് ഇത്രയ്ക്കു വിധേയത്വം ഉണ്ടായിക്കൂടാ.

പീറ്ററിനു പറ്റിയ പറ്റ് തനിക്കു പറ്റരുത്. ആരെയെങ്കിലും കൂട്ടുപിടിക്കണം. ഭഗവത്ഗീതയും ഖുറാനും ബൈബിളുമൊക്കെയായിനടക്കുന്ന പണ്ഡിറ്റ്ജിക്ക് കുറെയേറെ കൂട്ടുകാരുണ്ട്. അതുകൊണ്ടുതന്നെ ശക്തനായ ഒരു കൂട്ടാളി തനിക്കും ഉണ്ടാവണം. കീഴ്പ്പെടുത്തല്‍ പൂര്‍ണ്ണമാകുന്നിടത്താണല്ലോ പീഡനത്തിന്റെ ആരംഭം.

ഓര്‍മ്മയില്‍ ഓടിയെത്തുന്നത് ശ്രീ ആനന്ദ് പരിചയപ്പെടുത്തിയ അലിദോസ്ത് ആണ്. കൈകാലുകളില്‍ ആറു വിരലുകള്‍ വീതമുള്ള അലിദോസ്ത്...കാമറാന്റെ കണ്ണുകളിലേക്ക് അന്‍പതു തവണ സൂചിയിറക്കിയ വിരലുകള്‍. കണ്ണുകളിലെ മുറിവിലേക്ക് നാരങ്ങാ നീരും ഉപ്പും കലര്‍ത്തിയൊഴിച്ച കല്ലിന്റെ മനസ്സ്. അതെ, അലിദോസ്തു മതി. മദപ്പാടുകയറിയ എന്റെ കാലടികളില്‍ കടലാസു കിടുങ്ങി. പേജുകളോരോന്നും പിന്നിട്ട് ഞാന്‍ ധ്രുതഗതിയില്‍ നടന്നു.

അലിദോസ്തിന്റെ വാസസ്ഥലം ദൂരെനിന്നേ കാണാം. മുറ്റത്തൊരു പട്ടി ചുരുണ്ടുകിടക്കുന്നു. ശബ്ദം കേട്ട് അത് തലയുയര്‍ത്തി നോക്കി. പ്ലാസ്റ്റിക്ക് കണ്ണുള്ള ഒരു അള്‍സേഷന്‍ പട്ടി. ഇത് ടെറിയല്ലേ? ജോണ്‍ അബ്രഹാമിന്റെ... ആക്രമത്തിലും പീഡനത്തിലും വിശ്വസിക്കുന്ന അലിദോസ്തിനെന്തിനാണീ അറുബോറന്‍ പട്ടി? എന്തോ ആവട്ടെ. പട്ടിശാസ്ത്രം ചികയേണ്ട നേരമല്ലിത്. എത്രയും പെട്ടെന്നു പ്രതികാരത്തിനു വഴി ഒരുക്കണം.

ധൃതിയില്‍ അകത്തേക്കു കയറി. ഇരുണ്ട ഇടനാഴി. എന്നോ ഒച്ച മരിച്ച ഇടനാഴി! അങ്ങിങ്ങു ചില വാതിലുകള്‍ കാണാം. ആദ്യത്തെ വാതില്‍ തള്ളിത്തുറന്നു. ചത്തുകിടക്കുന്ന ഒച്ച ഞെട്ടിയെഴുന്നേറ്റു. പക്ഷേ മുറിയില്‍ ആരുമില്ല.

അടുത്ത വാതില്‍ തുറന്നപ്പോള്‍ ഒരു പക്ഷിയുടെ മണം. ഞാന്‍ അറിയാതെ വാതിലിലേക്കു നോക്കി. “ഡൈയിങ്ങ്” എന്നെഴുതിയ ബോര്‍ഡില്ല. എങ്കിലും പട്ടിയും പക്ഷിയും ഏകാന്തതയും... ഭീതിയുടെ കറുത്ത പക്ഷികള്‍ അങ്ങിങ്ങു തലകീഴായി തൂങ്ങിക്കിടക്കുന്നതു കണ്ടു.

ഞാന്‍ അവസാനത്തെ വാതിലും തള്ളിത്തുറന്നു. അകത്ത് ആരോ പുറം തിരിഞ്ഞിരിക്കുന്നു. ചുവന്ന പട്ടു പുതച്ച്.

ഞാന്‍ ശരിക്കും ഞെട്ടി. ഇപ്പോള്‍ അലിദോസ്ത് ഈ വഴി വന്നാല്‍... അള്ളാരഖയുടെ വിരലുകള്‍ തബലയിലെന്നപോലെ എന്റെ കാല്‍മുട്ടുകള്‍ തമ്മില്‍ ഇടിച്ചു. അടിവസ്ത്രത്തിനുള്ളില്‍ ചൂടുള്ള നനവ് പടര്‍ന്നു. ചുവന്ന ഷാള്‍ പുതച്ചയാള്‍ തിരിഞ്ഞുനോക്കി. അപ്പോഴാണ് എന്റെ നെഞ്ചിടിപ്പ് സാധാരണഗതിയിലായത്. അലിദോസ്തിനു പീഡനത്തിനുള്ള മൌനാനുവാദം കൊടുത്തിരിക്കുന്ന ഹുമയൂണല്ല. അലിദോസ്ത് തന്നെയാണത്. പതുക്കെ ഞാന്‍ അലിയുടെ പുറകിലെത്തി. വരവിന്റെ ഉദ്ദേശ്യം വ്യക്തമാക്കി. ഇതുവരെ ചെയ്തതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായി കൂടുതല്‍ ക്രൂരതയോടെ പണ്ഡിറ്റ്ജിയെ പീഡിപ്പിച്ച് കൊല്ലാനുള്ള ദൌത്യം അലിദോസ്തിനു നല്‍കി.

അലി ഉറക്കെയുറക്കെ ചിരിച്ചു. പിന്നെ അതിശയിച്ചുനില്‍ക്കുന്ന എന്നോടു പറഞ്ഞു.
“ഞാനാപ്പണിയൊക്കെ നിര്‍ത്തി“
“കാരണം?”
“അന്നു ഞാന്‍ ക്രൂരതയുടെ കാണപ്പെട്ട രൂപമായിരുന്നു. ഇന്നോ? ഇന്നു നിങ്ങള്‍ക്കൊക്കെ ഞാന്‍ വെറുമൊരു മനോരോഗി. ഇന്നു നിങ്ങളുടെ ഇടയില്‍ നിത്യേനയെന്നോണം നടമാടുന്ന ക്രൂരതകള്‍ കണ്ട് ഞാന്‍ പോലും നടുങ്ങിപ്പോകുന്നു. മാസങ്ങള്‍ പ്രായമുള്ള കുഞ്ഞുങ്ങളെപ്പോലും കാമപൂരണത്തിനായി... ഛെ... ഇന്നു ഞാന്‍ നിങ്ങളെ ഭയക്കുന്നു. വെറുക്കുന്നു. നിങ്ങളുടെ ക്രൂരതകളില്‍ ലജ്ജിക്കുന്നു.”

അവിടെ നിന്നിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ ഞാന്‍ പുറത്തിറങ്ങി പത്രത്തിലൂടെ നടന്നു. തല മുണ്ഡനം ചെയ്യപ്പെട്ട ജീവിതങ്ങള്‍ ഒരിക്കലും പ്രതികരിക്കില്ലേ?

പെട്ടെന്നെന്തോ കാലില്‍ത്തടഞ്ഞു ഞാന്‍ വീണു. ഒരു കുഞ്ഞുവാര്‍ത്തയാണ്.

“കൊച്ചു കുഞ്ഞിനെ പീഡിപ്പിച്ച ഒരാളെ നിഥാരിയിലെ ഗ്രാമീണര്‍ തല്ലിക്കൊന്നു. തക്ക സമയത്ത് പോലീസ് എത്തിയതിനാല്‍ ജീവനോടെ കത്തിക്കുന്നത് തടയാന്‍ കഴിഞ്ഞു”.

പകല്‍ വെളിച്ചത്തിനു കൂടുതല്‍ തിളക്കമുള്ളതുപോലെ തോന്നി. ഞാന്‍ ഉത്സാഹത്തോടെ നടന്നു.Photobucket

(സ്വന്തം പുസ്തകത്തിന്റെ തലക്കെട്ടോടെയാണ് ജിതേന്ദ്രകുമാര്‍ ബ്ലോഗ് തുടങ്ങിയത്. അവിടെ പ്രസിദ്ധീകരിച്ച ആദ്യ കഥയും ആ സമാഹാരത്തിലേതാണ്. പരമ്പരാഗതമായ രചനാശൈലിയോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന രചനാശൈലിയാണെങ്കിലും തെരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ പുതുമയും ട്രീറ്റ്മെന്റ്റില്‍ വൈവിധ്യവും നിലനിര്‍ത്താന്‍ ജിതേന്ദ്രകുമാറിന് കഴിയുന്നു. ശിഖരവേരുകളില്‍ ഇതുവരെ നാ‍ലുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കഥ ഇവിടെ പ്രസിദ്ധീകരിക്കാന്‍ അനുവാദം തന്നതിന് ജിതേന്ദ്രകുമാറിന് നന്ദി അറിയിക്കുന്നു.

വിവിധ കഥകളിലെ കഥാപാത്രങ്ങള്‍ ഒരു പുതിയ കഥയില്‍ പരസ്പരം കണ്ടുമുട്ടുക എന്ന മെറ്റാഫിക്ഷന്‍ സങ്കേതം ആണ് പഴയ കഥാ‍നായകന്മാര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ എന്ന കഥയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ സങ്കീര്‍ണമായ മറ്റൊരുപ്രയോഗം ആനന്ദിന്റെ ‘ഗോവര്‍ധനില്‍’ നമുക്ക് പരിചയമുള്ളതാണ്. എം. മുകുന്ദന്റെ “മുണ്ഡനം ചെയ്യപ്പെട്ട ജീവിതം” ആനന്ദിന്റെ “ആറാമത്തെ വിരല്‍” മലയാറ്റൂരിന്റെ “പീറ്ററുടെ പ്രതികാരം” ജോണ്‍ എബഹാമിന്റെ “പ്ലാസ്റ്റിക് കണ്ണുള്ള അള്‍സേഷന്‍ പട്ടി” മാധവിക്കുട്ടിയുടെ “പക്ഷിയുടെ മണം” എന്നീ കഥകളിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും ഈ കഥയില്‍ പരാമര്‍ശിക്കപ്പെടുന്നു. നരേറ്ററായ ‘ഞാനും’ ആനന്ദിന്റെ കഥാപാത്രവും മാത്രമേ അവരുടെ വൈകാരികലോകത്തെ കഥയിലേക്ക് കൊണ്ടുവരുന്നുള്ളൂ. മറ്റു കഥാപാത്രകള്‍ കഥക്കുള്ള പശ്ചാത്തലത്തില്‍ വ്യതിരിക്തതയുള്ള ചില സൂചനകള്‍ നല്‍കാ‍നായി ഉപയോഗിക്കപ്പെടുന്നു.

കഥയെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കുക. ജിതേന്ദ്രന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമല്ലോ.)

Saturday, 26 April 2008

പൂതപ്പാട്ടും മോഹജ്വാലകളും

സംവരണാനുകൂല്യത്തിന്റെ ചളിപ്പ് ഇല്ലാതെ സ്ത്രീക്ക് തലയെടുപ്പോടെ, ഭയപ്പാടില്ലാതെ, താന്‍പോരിമയോടെ എവിടെയെങ്കിലും നില്‍ക്കാന്‍ കഴിയുമെങ്കില്‍ അത് എഴുത്തിലാണെന്ന് തോന്നിപ്പോകുന്ന വിധം, ആശ്ചര്യപ്പെടുത്തുന്നത്ര മിടുക്കുള്ള യുവകഥാകാരികളുടെ ഒരു നിര മലയാളത്തിലുണ്ട്. പെണ്ണ് പറയുന്നു എന്ന് പുരുഷദൃഷ്ടി മൂലക്കിരുത്തുന്ന കാലം സാഹിത്യത്തിലെങ്കിലും മണ്മറഞ്ഞു എന്നു തീര്‍ച്ചയാവും "മോഹജ്വാല" എന്ന കഥാസമാഹാരം വായിക്കാനിടയായാല്‍. നാല്‍പ്പതില്‍ താഴെ പ്രാ‍യമുള്ള ഒരു കൂട്ടം എഴുത്തുകാരികളുടെ തിരഞ്ഞെടുത്ത ഈരണ്ട് കഥകള്‍ വീതമാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ബ്ലോഗിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയുടെ രണ്ടുകഥകള്‍ക്കൊപ്പം ഈ പുതിയ വിരുന്നൊന്ന് രസിച്ചുനോക്കുകയാണ് ഇവിടെ. സ്ത്രീക്ക് സങ്കോചം കൂടാതെ നിലപാടുകള്‍ വ്യക്തമാക്കാന്‍ എളുപ്പമല്ലാത്ത വിഷയങ്ങള്‍ എന്ന നിലക്ക്, പ്രണയം, ലൈംഗികത, കുടുംബം എന്ന മൂന്നു മേഖലകള്‍ക്കു മേലെ മൂല്യങ്ങളുടെ ഒരു ആടകെട്ടിയിരുന്നത് നിസ്സംശയം എടുത്തുകളയുന്നുണ്ട് കെ.ആര്‍. മീര, പ്രിയ. എ.എസ്, സിതാര, രേഖ തുടങ്ങിയവര്‍. ബ്ലോഗിലെ സ്ത്രീ സാന്നിധ്യം എഴുത്തിന്റെ ഈ നീറ്റലും പൊള്ളലും തിരിച്ചറിഞ്ഞു വരുന്നുണ്ട്.

പുരുഷകേന്ദ്രീകൃതമായ ഒരു ലാവണ്യബോധത്തിന്റെ പൊളിച്ചെഴുത്ത് ആരംഭിക്കേണ്ടത് സ്വന്തം ശരീരത്തില്‍ അടിച്ചേല്‍പ്പിക്കപെട്ട സൌന്ദര്യബോധങ്ങള്‍ തിരിച്ചറിയുകയും ആ പരിമിതികള്‍ വലിച്ചെറിയുകയും ചെയ്യുമ്പോളാവണം എന്ന് എനിക്കു കിട്ടിയ മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ കവര്‍പേജിലെ വെപ്പുമുടി ഓര്‍മ്മിപ്പികുന്നു. പ്രണയത്തിലും, കുടുംബത്തിലും, സ്വന്തം ശരീരത്തിലും കര്‍തൃത്വബോധം സ്ത്രീക്ക് ഉണ്ടാകുന്നതിന്റെ തെളിവാണ് പച്ചക്കുതിരയും പാത്തുമ്മകളും (പ്രിയ.എ.എസ്),മോഹമഞ്ഞ (കെ. ആര്‍. മീര), അഗ്നി (സിതാര എ.എസ്), ആരുടെയോ ഒരു സഖാവ്, അന്തികാട്ടുകാരി (രേഖ. കെ) എന്ന കഥകള്‍. വിലകുറഞ്ഞ ഭാഷാകസര്‍ത്തുകളും, ശൈലീനാടകങ്ങളും ഇല്ലാതെ നേരെചൊവ്വെ കഥ പറയുന്ന രീതി, ഈ എഴുത്തുകാരുടെ ലക്ഷ്യബോധം വ്യക്തമാക്കുന്നു. എഴുത്ത് ഇവിടെ നിലനില്‍പ്പിന്റെ ദുരഭിമാന പ്രശ്നമല്ല, മറിച്ച് പറയാനുള്ളത് പറയാനുള്ള സുന്ദരമായ വേദിയാകുന്നു. സാഹിത്യം എത്താകൊമ്പുകളില്‍ നിന്നറങ്ങി ജനകീയമാവുക എന്നത് പല ആഗോളപ്രതിഭാസങ്ങളെയും പോലെ മലയാളക്കരയിലും വൈകിയാണെങ്കിലും എത്തിയതാവാം! ഈയടുത്ത് ബാറ്റണ്‍ ബോസിന്റെ കഥകളുടെ പഠനം അക്കാദമിക് വേദികളില്‍ ചര്‍ച്ചാവിഷയമായത് ശ്രദ്ധിക്കുക. പുതിയ കഥാകൃത്തുകള്‍ മിക്കവാറും എഴുത്തിന്റെ നിര്‍വചിക്കപ്പെട്ട അതിര്‍വരമ്പുകള്‍ക്കുമീതേ പറവകളെപ്പോലെ പറന്നുനടക്കുന്നത് സന്തോഷം തരുന്ന കാഴ്ച്ചയാണ്.

വ്യക്തികള്‍ക്ക് കാലങ്ങളായി സമൂഹം കല്‍പ്പിച്ചുനല്‍കിയിട്ടുള്ള ബന്ധങ്ങളുടെ ചട്ടക്കൂടുകളാണ് മിക്ക കഥകളിലും വിഷയം എന്നത് ആകസ്മികതയല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.ഇതില്‍ തന്നെ ലൈംഗീകത വഹിക്കുന്ന പങ്ക് ഊഹിക്കാവുന്നതിലും അധികമാണ് എന്നതും ഈ കഥാകാരികളുടെ തുറന്നെഴുത്തിനുനേരെ മുഖംചുളിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. സര്‍ഗ്ഗപ്രക്രിയയുടെ, എന്തിന് സമൂഹനിലനില്‍പ്പിന്റെ തന്നെ പ്രമാദമായ തായ്‌വേര് ലൈംഗീകതയാണ് എന്ന് ഫ്രോയിട് തുടങ്ങി ഡെസ്മണ്ട് മോറിസ് വരെയുള്ളവര്‍ പറഞ്ഞുകഴിഞ്ഞതു കൊണ്ടായില്ല. ഒളിച്ചും പതുങ്ങിയും വെളിപ്പെട്ടിരുന്ന നിലപാടുകള്‍ കഥകളിലും എഴുത്തുകാരന്റെ ചേതനയിലും തെളിമയോടെ വന്നു നിറയുകയും വേണം. ഇത് (പെണ്‍) എഴുത്തിന്റെ മാത്രം വിഷയമല്ല. അങ്ങിനെ പെണ്ണില്‍ ഒതുങ്ങുന്ന വിഷയമല്ല ഇത് എന്നതാണ് വസ്തുത.

പച്ചക്കുതിരയും പാത്തുമ്മകളും എന്ന കഥയില്‍ പ്രണയം പെണ്‍പക്ഷത്തു നിന്ന് പുനര്‍വായിക്കപ്പെടുമ്പോള്‍ പ്രണയിനി എന്ന പരമ്പരാഗതമായ ദിവ്യസങ്കല്‍പ്പമാണ് തകര്‍ക്കപ്പെടുന്നത്. മകനാവാന്‍ പ്രായമുള്ള വ്യക്തിയോട് നായികക്ക് തോന്നുന്ന വികാരങ്ങള്‍ അവളുടെ പക്ഷത്തുനിന്നും വ്യക്തമാക്കുമ്പോള്‍ ആണിന് കേള്‍വിക്കാരന്റെ പങ്ക് മാത്രം. ലജ്ജയും ഭയവും വഴിമാറിപ്പോകുന്ന ഉള്‍കണ്ണിന്റെ കാഴ്ച്ചകള്‍ക്കുമുന്നില്‍ സദാചാരബോധത്തിന്റെ കോട്ടവാതിലുകള്‍ സുതാര്യമായിപ്പോകുന്നു. ദാമ്പത്യത്തിലെ പതിവുശ്വാസം‌മുട്ടലുകളില്‍ നിന്നും രക്ഷപ്പെടാന്‍ രോഗാതുരയായ കാമുകിയോടൊപ്പം
ഹോട്ടല്‍ മുറിയിലെത്തി അവളുടെ രോഗവും ഏറ്റുവാങ്ങി മരണത്തിനു കീഴടങ്ങുന്ന "മോഹമഞ്ഞ"യിലെ പുരുഷന്‍ അവള്‍ക്കൊപ്പം ഇരയായി മാറുന്നത് മറ്റൊരു കാഴ്ച. കൂട്ടബലാത്സംഗത്തിന് ഇരയാവുന്ന പെണ്‍കുട്ടി "നിങ്ങള്‍ ഒട്ടും പോരായിരുന്നു" എന്ന് അതിലൊരുത്തനോട് പറയുന്നുണ്ട് "അഗ്നി" എന്ന കഥയില്‍. തനിക്കു നേരെ അവന്‍ നീട്ടിയ കത്തി ഇരുതലമൂര്‍ച്ചയുള്ളതാണെന്ന് അവള്‍, ആ കുറുമ്പി അവനു കണിച്ചുകൊടുക്കുന്നു. കുടുംബം എന്ന വ്യവ്സ്ഥപോലെ തന്നെ സമൂഹത്തില്‍ ഓരൊ നിലയിലും വ്യവസ്ഥാപിത ചട്ടക്കൂടുകള്‍ സ്ത്രീയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത് "ആരുടെയോ ഒരു സഖാവ്(അന്തിക്കാട്ടുകാരി) എന്ന കഥയില്‍ വ്യക്തമാവുന്നു. ഇവിടെ രാഷ്ട്രീയം അഥവാ പാര്‍ട്ടി സ്വന്തമായ അച്ചടക്കവ്യവസ്ഥകളുള്ള ഒരു പുരുഷകേന്ദ്രീകൃതകുടുംബമാണ്. പെണ്ണിന്റെ സ്വന്തമായ ഇച്ഛാശക്തിക്കോ, നിലപാടുകള്‍ക്കോ അവിടെ സ്ഥാനമില്ല. ഇത്തരത്തില്‍ ബന്ധിക്കപ്പെട്ട കല്‍ത്തുറുങ്കില്‍ നിന്നും വളരെ ലാഘവത്തോടെ പാമ്പുംകോണിയും കളിച്ച് പ്രതീകാത്മകമായി സാധാരണ ജീവിതത്തിന്റെ പ്രലോഭനങ്ങളിലേക്ക് ഇറങ്ങിപ്പോവുന്നു അന്തിക്കാട്ടുകാരി.

ഈ നാലുകഥകളുടെയും പ്രമേയവും അതു കൈകാര്യം ചെയ്യപ്പെട്ട രീതിയും ഇത്രയും പറഞ്ഞത്, ബ്ലോഗിലെ ചില എഴുത്തുകാരികളുടെ ശ്രദ്ധേയമായ ചുവടുമാറ്റങ്ങള്‍ ഈ വഴിക്കു തന്നെയാണ് എന്ന് സൂചിപ്പിക്കാനും കൂടെയായിരുന്നു. സിജിയുടെ പൂതപ്പാട്ട് ഈയിടയ്ക്ക് ബ്ലോഗില്‍ വായിച്ച മികച്ച കഥകളില്‍ ഒന്നാവുന്നത് പ്രമേയത്തിലെ ഈ നവമായ സ്വാതന്ത്ര്യബോധം കഥയില്‍ വ്യക്തമായി വെളിപ്പെടുന്നതു കൊണ്ടു കൂടിയാണ്. പ്രവാസജീവിതത്തിന്റെ അന്തമില്ലാത്ത ഭീഷണീകള്‍ അമ്മയെന്നും ഭാര്യയെന്നും ഉള്ള നിലക്ക് സ്ത്രീ നേരിടുന്നതു മാത്രമല്ല പൂതപ്പാട്ടിന്റെ വിഷയം. കാലാഹരണപ്പെട്ട മാതൃസങ്കല്‍പ്പങ്ങളും, കാല്‍പ്പനീകത്യാഗവിശുദ്ധികളും സ്ത്രീക്ക് പേടിസ്വപ്നങ്ങളായിത്തീരുന്നതിന്റെ യാഥാര്‍ത്ഥ്യം സുന്ദരമായി പറഞ്ഞുവെക്കുന്നു ഈ കഥ. ഒരു വശത്ത് പൂതപ്പാട്ടിലെ കണ്ണുചൂഴ്ന്നുകൊടുത്ത അമ്മയും മറുവശത്ത് വീട്ടിലും പുറത്തും ഒരുപോലെ പറന്നുവെട്ടുന്ന സൂപ്പര്‍ അമ്മയും പാവം നായികയെ ഇരുവശത്തുനിന്നും ഗ്രസിക്കുന്നു. സ്ത്രീ ഇരയാവുന്നിടം പുരുഷനും സമൂഹവും ഇരയാകുന്നിടവും ഒന്നുതന്നെയെന്ന പുതു ലിബറല്‍ ഫെമിനിസ്റ്റ് നിലപാടാണ് പുതിയ തലമുറയിലെ എഴുത്തുകാരുമായി സിജി പങ്കിടുന്നത്.

സിജിയുടെ തന്നെ ഇര എന്ന കഥയിലും ഈ പുത്തന്‍ അവബോധം വ്യക്തമാകുന്നു.പെണ്ണ്‍ പ്രതികരിക്കുന്നത് ഇവിടെ പുരുഷനോടല്ല, സാഹചര്യത്തോടാണ്. സാഹചര്യം പുരുഷാധിപത്യത്തിന്റെ ശേഷിപ്പുകളാണ് എന്ന് അറിയാഞ്ഞല്ല. പക്ഷെ സമൂ‍ഹത്തില്‍ കൂട്ട ഉത്തരവാദിത്വമാണ് വേണ്ടത് എന്ന ബോധം അവളില്‍ ഉണ്ട്. മേലധികാരിയോട് നിസ്സഹായയായി പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോകുന്ന നായികയുടെ ബാഹ്യലോകമറിയാനിടയില്ലാത്ത പ്രതികരണം ഒരു പ്രളയത്തിന്റെ ആരംഭമാണെന്ന് പറഞ്ഞു വെക്കുന്നു കഥാകാരി. ചെളിവെള്ളത്തെ ദിശമാറ്റിയൊഴുക്കുന്ന തിരിച്ചറിവുകളുടെ പ്രളയം.


പുതിയ കാലത്തിന്റെ എഴുത്തില്‍ പെണ്ണെഴുത്ത്, ആണെഴുത്ത്,ബ്ലോഗെഴുത്ത്, പ്രിന്റ് എഴുത്ത്, ദലിത് എഴുത്ത്, ദലിതല്ലാത്തവന്റെ എഴുത്ത് ആ എഴുത്ത് ഈ എഴുത്ത് എന്നിങ്ങനെയുള്ള കുട്ടിപ്പെട്ടികളൊക്കെ എഴുതാനുള്ളവന്റെ ചിന്തയുടെ മൂര്‍ച്ചയ്ക്കു മുന്നില്‍ താഴില്ലാതെ തുറന്നുകിടക്കുന്നു എന്നതും വായനക്കാര്‍ക്ക് ആശ്വാസം തരുന്നു

Tuesday, 22 April 2008

ഹരിതയുടെ നീര്‍മാതളം

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കളെക്കുറിച്ച് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ കുറിച്ചതിന്റെ കൌതുകത്തോടെയാണ് ലളിതം എന്ന ബ്ലോഗിന്റെ പിന്‍ പേജുകള്‍ മറിച്ചു നോക്കിയത്. ഒരു വര്‍ഷം മുന്‍പ് (കഴിഞ്ഞ ഏപ്രില്‍ 16 ന്) പ്രസിദ്ധീകരിച്ച നീര്‍മാതളം എന്ന രചന കണ്ണില്‍ പെട്ടത് അങ്ങനെയാണ്.

മാധവിക്കുട്ടിയുടെ ജീവിതത്തെ പരാമര്‍ശിച്ച് കേരളത്തിലെ മുന്‍‌തലമുറയിലെ പെണ്ണെഴുത്തുകാര്‍ക്കിടയില്‍ ഉണ്ടായ ഐഡന്റിറ്റി ക്രൈസിസ് കൈകാര്യം ചെയ്യുകയാണ് ഹരിത ഈ കഥയില്‍. കഥാപാത്രവും എഴുത്താളും തമ്മിലുള്ള കലഹത്തിലൂടെ ഈ ‘ക്രൈസിസ്’ വളരെ മിഴിവോടെ അവതരിപ്പിച്ചിരിക്കുന്നു ഹരിത.

പ്രത്യക്ഷമായ കലഹങ്ങളിലൂടെയും കോലാഹലങ്ങളിലൂടെയും അന്യവല്‍ക്കരിക്കപ്പെട്ട എഴുത്തുകാരിയുടെ ‘സെല്‍ഫ്’ ആയി ഹരിതയുടെ ‘നളിനി’ മാറുമ്പോള്‍ കഥ മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കുറിച്ചുള്ള ഗൌരവമുള്ള ഒരു നിരീക്ഷണം കൂടിയാകുന്നു.

മാധവിക്കുട്ടി വളരെ വ്യക്തമായ ഒരു സാന്നിധ്യം ആകുന്നത് കഥയുടെ ശക്തി പോലെ ബലഹീനതയും ആകുന്നോ എന്ന് സംശയിക്കണം. തികച്ചും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിത്തന്നെ ഈ വിഷയം കൈകാര്യം ചെയ്യാനുള്ള കഴിവ് ഹരിതയ്ക്കുണ്ടെന്ന് മറ്റു കുറിപ്പുകള്‍ വായിച്ചാല്‍ തോന്നും. കമന്റുകള്‍ നോക്കിയപ്പോള്‍ അര്‍ഹിക്കുന്ന ശ്രദ്ധ ഈ കഥക്ക് കിട്ടിയില്ല എന്ന തോന്നലില്‍ നിന്നാണ് ഈ കഥ ഇവിടെ പരിചയപ്പെടുത്താം എന്നു വിചാരിച്ചത്. ഹരിതയുടെ പേജില്‍ പ്രതികരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.


എഡിറ്റ്: ഹരിത പ്രശസ്ത കവി പി പി രാമചന്ദ്രന്റെ മകള്‍ ആണെന്ന് ‘ലളിതം’ പേജിലെ ചില കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നു. ഹരിത എന്ന പേര്; ലളിതം എന്ന ബ്ലോഗ് തലക്കെട്ട്; പൊന്നാനി എന്ന സ്ഥലം; ആര്‍ എന്ന ഇനിഷ്യല്‍.... ഊഹിക്കാമായിരുന്നു :-))

തിരമൊഴി ബ്ലോഗിലും ഹരിതകം എന്ന കവിതാ പോര്‍ട്ടലിന്റെ നടത്തിപ്പിലുമായി പി പി ആര്‍ മലയാളം വെബ്‌ലോകത്തും നിറഞ്ഞ സാന്നിധ്യമാണെന്ന്
ഓര്‍ക്കുമല്ലോ.


വായനക്കാരോട്: എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള കലഹത്തിലൂടെ/സംവാദത്തിലൂടെ കഥ വികസിക്കുന്ന രീതി പരീക്ഷിച്ചിട്ടുള്ള നല്ല മലയാള ചെറുകഥകള്‍ വെറുതെ ഒന്നു ലിസ്റ്റ് ചെയ്തു പോകാമോ?