Monday, 5 May 2008

അഞ്ചുസെന്റിലൊതുങ്ങുന്ന ആകാശം.

സ്വയമുണ്ടാക്കുന്ന അല്ലെങ്കില്‍ മനുഷ്യരുടെ ചെറിയ കൂട്ടങ്ങളുണ്ടാക്കുന്ന ദ്വീപില്‍ അകപ്പെട്ടുപോകുന്ന വര്‍ത്തമാന മനുഷ്യാവസ്ഥയെക്കുറിച്ചാണ്‌ ഇഞ്ചിപ്പെണ്ണ്‌ അഞ്ചു സെന്റ്‌ എന്ന കഥയിലൂടെ പറയുന്നത്‌.

അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുണ്ടാക്കുന്ന മതിലുകള്‍ക്കകത്ത്‌ കഴിയാന്‍ നിയോഗിക്കപ്പെടുകയും പുറത്തെ വിശാലമായ ലോകത്തെ നോക്കി കൗതുകരമായ വിചാരത്തോടെ വേവലാതിപ്പെടുകയും ചെയ്യുന്ന ഇന്നത്തെ കുട്ടികളെക്കുറിച്ച്‌ കഥാകാരി പറയുന്നു. കളിക്കാന്‍ കൂട്ടുകാരോ കളിച്ച്‌ നടക്കാന്‍ മുറ്റമോ ഇല്ലാതെ പോകുന്ന ഇന്നത്തെ ബാല്യം ആ അവസ്ഥകളോട്‌ സന്ധിചെയ്യുകയാണ്‌ എന്ന് കഥയില്‍ സൂചിപ്പിക്കുന്നു.

ട്രീസയുടെ വീടിന്‌ ചുറ്റും മതിലാണ്‌. ഒരാള്‍ക്ക്‌ കഷ്ടിച്ച്‌ നടന്നു പോകാവുന്ന സ്ഥലമുള്ള അഞ്ചു സെന്റില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വീടിനു മുകളിലിരുന്ന് പുറത്തുകാണുന്ന വിശാലമായ വെളിമ്പറമ്പിലെ ഓലമേഞ്ഞ പുര കൗതുകത്തോടേയും അതിന്റെ രഹസ്യസ്വഭാവത്തെ ഉള്‍ക്കൊണ്ടുമാണ്‌ ട്രീസ കാണുന്നത്‌.

ട്രീസ കാണുന്ന മറ്റ്‌ പരിസരങ്ങളും മതിലുകള്‍ കൊണ്ട്‌ തീര്‍ത്തതാണ്‌. പിന്നിടുന്ന ഇടവഴികള്‍ നിറയെ മതിലുകള്‍ കൊണ്ട്‌ മറച്ച വീടുകള്‍. അതെപ്പോഴും എണ്ണം തന്നെ തെറ്റിക്കുന്നു.

മതിലിന്‌ പുറത്ത്‌ ജീവിക്കുന്നവര്‍ക്ക്‌ മതിലിനകം എപ്പോഴും രഹസ്യ സ്വഭാവം നല്‍കുന്നവയാണ്‌. എന്നാല്‍ ഇവിടെ മതിലിനകത്ത്‌ നിന്നുകൊണ്ട്‌ പുറത്തെ മതിലുകളില്ലാത്ത പറമ്പിലെ ഓലപ്പുര രഹസ്യവും കൗതുകവും ട്രീസയ്ക്കുണ്ടാക്കുന്നു. ഈ പുറം കാഴ്ചകള്‍ നല്‍കുന്ന രഹസ്യസ്വഭാവം കൊണ്ടാകണം പുറത്തെ ഓലമേഞ്ഞ വീട്ടില്‍ പോകണമെന്ന് ആഗ്രഹിക്കാറുണ്ടെങ്കിലും അമ്മയോട്‌ ചോദിക്കാന്‍ ട്രീസയ്ക്‌ തോന്നത്തത്‌.

വീട്ടില്‍ എന്ത്‌ ചോദിക്കണം ചോദിക്കരുത്‌ എന്നുള്ള അലിഖിത നിയമങ്ങള്‍ ആരും പറയാതെ മതിലുകള്‍ ട്രീസയ്ക്ക്‌ മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്‌. അതുകൊണ്ടു തന്നെയാണ്‌ ആട്ടിങ്കുട്ടി വേണമെന്ന് ട്രീസ ആവശ്യപ്പെടുന്നതും. അതുകൊണ്ടുതന്നെ ചോദിച്ചാല്‍ കിട്ടുന്ന അനുവദീയനമായ ഒന്നാണ്‌ ആട്ടിന്‍കുട്ടി.


ട്രീസയല്ലാതെ വേറെ കുട്ടികളെക്കുറിച്ച്‌ പറയുന്നില്ല കഥയില്‍. മമ്മയ്ക്‌ മിനിയാന്റിയുണ്ട്‌ കൂട്ടിന്‌. വലിയ ഒരു വീടിന്റെ, അതും മതിലുകള്‍ക്കുള്ളില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന, മഴവെള്ളം വീഴുന്ന മുറ്റമില്ലാത്ത, ഒരു പച്ചപ്പോ തണലോ ഇല്ലാത്ത, കളിക്കാന്‍ മുറ്റമില്ലാത്ത ഒരു വീട്ടില്‍ ഒറ്റയ്ക്ക്‌ കഴിയേണ്ടി വരുന്ന ബാല്യം ക്രൂരമായ വര്‍ത്തമാന അവസ്ഥ തന്നെയാണ്‌.

മറ്റാരും കൂട്ടിനില്ലാതെ പുറത്തെ വിശാലത കണ്ട്‌ അതിശിയിക്കുന്ന ഏകാന്തയായ ഒരു ചെറിയ കുട്ടിയ്ക്ക്‌ കിട്ടുന്ന ഒരു കളിക്കൂട്ടുകാരിയായിരിക്കണം ആട്ടിന്‍കുട്ടി. രഹസ്യം നിറഞ്ഞുനില്‍ക്കുന്നതെന്ന് ട്രീസ കരുതുന്ന, പോകാന്‍ പാടില്ല എന്ന് വിലക്കുകളുള്ള ആ ഓല വീട്ടില്‍ നിന്നാണ്‌ ആട്ടിന്‍കുട്ടി വരുന്നതുതന്നെ. വിശാലമായ വെളിമ്പറമ്പുകള്‍ സ്വന്തമായി കളിക്കാനുള്ള ആ സാധാരണ വീട്ടിലെ കുട്ടിയ്ക്ക്‌ ട്രീസയുടെ മതിലുകള്‍ ശ്വാസം മുട്ടിക്കുന്നു. കാലുചവിട്ടി നില്‍ക്കാന്‍ പച്ചമണ്ണു പോലുമില്ലാത്ത വീട്ടില്‍ പൊള്ളുന്ന കാലുകള്‍ അത്‌ മാറി മാറി ചവിട്ടുന്നത്‌ അതിന്‌ ശീലമില്ലാത്ത പരിസരങ്ങള്‍ ചുട്ടുപൊള്ളിക്കുന്നതുകൊണ്ടാണ്‌..


പുറത്തെ ഓലവീടും ട്രീസയുടെ വീടും സാമ്പത്തികമായ രണ്ടു തട്ടുകളിലാണ്‌ നില്‍ക്കുന്നതെന്ന വ്യക്തമായ സൂചന കഥ നല്‍കുന്നുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ പലവിലക്കുകളും ട്രീസയ്ക്ക്‌ മനസ്സിലാവുന്നതും. അതേ കാരണം കൊണ്ട്‌ ആട്ടിന്‍കുട്ടി കളിക്കൂട്ടായിട്ടല്ല മറിച്ച്‌ ഒരു കളിപ്പാട്ടമായിട്ടാണ്‌ ട്രീസയ്ക്ക്‌ കിട്ടുന്നത്‌. വളരെയേറെ കൗതുകമുണ്ടാക്കുന്ന ഒരു കളിപ്പാട്ടം. ഈ രണ്ടുതട്ടുകളില്‍ ജീവിക്കുന്ന മനുഷ്യരുടെ വ്യത്യസ്ഥതകളാവണം ആട്ടിന്‍കാട്ടമെടുത്ത ട്രീസയെക്കണ്ട്‌ മമ്മ കാറിത്തുപ്പ്പ്പുന്നതും സോപ്പിട്ട്‌ ഉരച്ച്‌ കുറേ വട്ടം കൈ കഴുകിപ്പിക്കുന്നതും. ഇത്‌ ചിലപ്പോള്‍ വെളിപറമ്പുകളില്‍ ജീവിക്കുന്നവരുടെ സാധാരണ ഭാഷാപ്രയോഗങ്ങള്‍മുതല്‍ മമ്മയ്ക്കോ ആ തലത്തില്‍പ്പെട്ടവര്‍ക്കോ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പെരുമാറ്റങ്ങള്‍ പോലുമാവാം. ഒരു കളിപ്പാട്ടത്തിന്റെ സ്ഥാനം മാത്രമുള്ളതുകൊണ്ട്‌ ആട്ടിങ്കുട്ടിയ്ക്ക്‌ ഉപയോഗമില്ലാതാവുമ്പോള്‍ പിന്നെ പരിഗണനകള്‍ ഇല്ലാതാവുന്നു. അതുകൊണ്ട്‌ നസീമാന്റിയ്ക്ക്‌ ആട്ടിന്‍കുട്ടിയെ തിരിച്ചുകിട്ടുന്നു. കൊല്ലാനോ വളര്‍ത്താനോ വേണ്ടി സൗജന്യത്തോടെ.

ആട്ടിങ്കുട്ടിയെ കെട്ടിയിട്ട സ്ഥലത്ത്‌ ഇരുന്ന് ട്രീസ ആകാശത്തേക്ക്‌ നോക്കുന്നിടത്താണ്‌ കഥ അവസാനിക്കുന്നത്‌. തെങ്ങോലത്തലപ്പുകളില്‍ നിന്ന് ആകാശം പിച്ചിച്ചീന്തി വീഴുന്നത്‌ കണ്ട്‌ നടന്ന ട്രീസ അഞ്ചുസെന്റിലെ മതിലനുവദിക്കുന്ന ഒരു ചതുരാകാശത്തിലെ തുരുത്തില്‍ മേഘങ്ങളൊഴുകുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌. അപ്പോഴും മതിലിനുള്ളിലിരുന്ന് നോക്കുമ്പോള്‍ പുറത്തെ വലിയ ആകാശം പോലും ചെറുതായി മതിലനുവദിക്കുന്ന അഞ്ചുസെന്റിനകത്താകുന്നു.

വന്നുപെടുന്ന സാഹചര്യങ്ങളോട്‌ സന്ധിചെയ്ത്‌ കീഴടങ്ങുന്ന കഥാപാത്രങ്ങള്‍ കഥകളില്‍ സാധാരണയാണ്‌.ഈ കഥയുടെ അവസാനം എം.ടി യുടെ വാരിക്കുഴി എന്ന കഥയെ ഓര്‍മിപ്പിച്ചു.

കഥ പറഞ്ഞ രീതി വല്ലാതെ വിവരണങ്ങളില്‍ മുങ്ങിപ്പോയതുകൊണ്ട്‌ ഈ കഥ വായന ക്ലേശകരമാക്കുന്നുണ്ട്‌.എങ്കില്‍തന്നെയും വളരെ കാലികമായ ഒരു വിഷയം നന്നായി പറയുന്നതില്‍ ഇഞ്ചിപ്പെണ്ണ്‌ വിജയിച്ചിരിക്കുന്നു. അതുകൊണ്ട്‌ തന്നെ ബ്ലോഗിലെ നല്ല കഥകളുടെ കൂടെ അഞ്ച്‌ സെന്റ്‌ സ്ഥാനം പിടിക്കുന്നു.

9 comments:

Sanal Kumar Sasidharan said...

ഇപ്പോഴാണ് ഇഞ്ചിയുടെ കഥ വായിക്കുന്നത്.മനോഹരമായ കഥ, നെഞ്ചില്‍ ഒരു വിങ്ങലുണ്ടാക്കുന്ന കഥ.അധിക പ്രസംഗങ്ങള്‍ ഒട്ടുമില്ലായെന്നാണ് എനിക്കു തോന്നിയത്.മനസില്‍ നിന്ന് പെട്ടെന്നൊന്നും മാഞ്ഞു പോകും ഈ കഥയെന്നു തോന്നുന്നില്ല,അതുതന്നെയാണ് കഥയുടെ മഹത്വവും.

കഥ അത്രക്കെന്നെ ആകര്‍ശിച്ചതുകൊണ്ടാവും വടവോസ്കിയുടെ ലേഖനം എനിക്ക് അത്രക്ക് ഇഷ്ടമാകാതെ പോയി.“കഥ പറഞ്ഞ രീതി വല്ലാതെ വിവരണങ്ങളില്‍ മുങ്ങിപ്പോയതുകൊണ്ട്‌ ഈ കഥ വായന ക്ലേശകരമാക്കുന്നുണ്ട്‌“ ഈ വാചകത്തോട് യോജിക്കാനും കഴിയാതെ പോയി.

ഗുപ്തന്‍ said...

വടവോസ്കി ഇതിനെക്കുറിച്ച് ഗ്രൂപ്പ് മെയില്‍ ഇട്ടപ്പോഴാണ് ശരിക്കും ഞാന്‍ ഈ കഥ ശ്രദ്ധിച്ചത്. ഒരാഴ്ചമുന്പ്. ഒറ്റവായനയില്‍ തന്നെ മാനസികമായ അടുപ്പം തോന്നിപ്പിച്ചു ആ കഥ. നല്ല രചന.

ആട്ടിന്‍ കുട്ടി എന്ന ഇമേജ് വളരെയേറേ സാധ്യതകളിലേക്ക് പോകാവുന്ന ഒന്നാണെന്നു തോന്നി. അതിനെ അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വിശദാംശങ്ങള്‍ക്ക് ഉള്ള ബഹുമുഖസാധ്യതകള്‍ വായനയ്ക്ക് വെല്ലുവിളി ആവുന്നുണ്ട്. ചിലപ്പോള്‍ അമിതമായെന്ന് തോന്നുന്നിടത്തോളം. അതായിരിക്കണം അവസാന പാരഗ്രാഫില്‍ സൂചിപ്പിച്ചത് എന്നു വിചാരിക്കുന്നു.

ചീര I Cheera said...

ഇഞ്ചീടെ (വായിച്ചിട്ടുള്ള) കഥകളൊക്കെ വളരെ ശക്തമായ ഒരു ഒഴുക്കു പോലെയാണ് വാക്കുകളൊക്കെ ഞാനീ വായിയ്ക്കുന്ന സ്ക്രീനില്‍ നിന്നും പുറത്തേയ്ക്കു വരുന്നതെന്നു തോന്നിപ്പിയ്ക്കാറുണ്ട്. :)
ഇത് അതിനു നേരെ തിരിച്ചായിരുന്നു.
വിവരണക്കൂടുതല്‍ ഒന്നും തോന്നിയിരുന്നില്ല വായിച്ചപ്പോള്‍. (അതിനെ കുറിച്ചറിയില്ല കൂടുതല്‍)
എന്നാലും ഈ “അഞ്ചുസെന്റിലൊതുങ്ങുന്ന ആകാശം” എന്നതും ഇഷ്ടമായി.

Inji Pennu said...

ഞാന്‍ പേടിച്ചണ് ഇവിടെ വന്നത് ബ്ലോഗില്‍ ഒരു ബാക്ക് ലിങ്ക് കണ്ടിട്ട്. ഇതിനെ എങ്ങിനെ വായിച്ചു എന്ന് പേടിയായിരുന്നൂ. ആ കഥയിലെ മിക്ക കമന്റുകള്‍ പൊലെയാണ് വായിച്ചിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോ വയലന്റായേനെ :). ഇങ്ങിനെയെങ്കിലും വായിച്ചെടുത്തതിനു നന്ദി വടവോസ്കി.

ആദ്യ്മായിട്ട് ഒരു കഥ എഴുതുമ്പോള്‍ ഒരുപാട് ബിം‌ബങ്ങള്‍ നിറച്ച് എഴുതിയ കഥയാണ്. അത് എല്ലാവരും വായിച്ചത് നേരെ തിരിച്ച് ഒരു ചെറിയ കുട്ടീടെ കൊഞ്ചല്‍ ആയും കുട്ടിക്കഥ ആയും. സങ്കടമാണ് വന്നത് അങ്ങിനെയുള്ള വായന കണ്ടിട്ട്. എന്നിട്ട് രാജിന്റേയും നമതിന്റേയും ഒരു കമന്റ് ആ കഥ ശരിക്കും മനസ്സിലാക്കി അവിടെ വീണപ്പോഴാണ് സത്യം പറഞ്ഞാല്‍ ആ സങ്കടം മാറിയത്.

പതിവിനു വിപരീതമായി എന്റെ കഥയില്‍ വിവരണങ്ങള്‍ കൂട്ടിയതൊക്കെ ഈ കഥ ഇങ്ങിനെ പറയണം എന്ന് തന്നെ ആഗ്രഹിച്ചതുകൊണ്ടാണ്. അല്ലെങ്കില്‍ ട്രീസയെ വായനക്കാര്‍ക്ക് കിട്ടില്ല. ആട്ടിങ്കുട്ടിയെ നസീമാന്റിക്ക് കൊടുക്കുന്നത് നന്നാക്കിയിരുന്നെങ്കില്‍ കഥ നന്നായേനെ എന്ന് തോന്നുന്നു. അവിടെ പലര്‍ക്കും വായന തെറ്റി.

അല്ലെങ്കിലും എന്റെ കഥകള്‍ വല്ലപ്പോഴും മാത്രമേ ഞാന്‍ വിചാരിച്ചപോലെ വായിക്കപ്പെട്ടിട്ടുള്ളൂ. ഇനി
എം.ടിയുടെ വാരിക്കുഴി വായിക്കണല്ലോ.

Siji vyloppilly said...

പേരിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു കഥയാണിത്‌. ബിംബങ്ങള്‍ സമര്‍ഥമായി ഉപയോഗിക്കാന്‍ ഇഞ്ചിക്ക്‌ സാധിച്ചു എന്നതാണ്‌ ഈ കഥയില്‍ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കുതോന്നിയത്‌. തീര്‍ച്ചയായും ഇത്‌ നല്ല കഥകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ്‌.

Unknown said...

ഇഞ്ചി പെണ്ണിന്റെ കഥ ഞാന്‍ വായിച്ചില്ല
പക്ഷെ ഈ വിലയിരുത്തല്‍ അതു വായിക്കാനുള്ള
താല്പര്യം കൂട്ടുന്നു

അപ്പു ആദ്യാക്ഷരി said...

വായിച്ചു... ഇനി വിശദമായ കമന്റെഴുതാനൊന്നും മനസ്സ് ഒരുക്കമല്ല, ഓടിപ്പോയി ഇഞ്ചിയുടെ കഥവായിക്കട്ടെ. ഈ കഥയെ പരിചയപ്പെടുത്തിയതിനു നന്ദി.

sree said...

ഇഞ്ചിയുടെ കഥ വായിച്ച അതേ സുഖം ഈ വായനക്കും...നന്നായി! :)

ishaqh ഇസ്‌ഹാക് said...
This comment has been removed by the author.