Thursday, 1 May 2008

പഴയ കഥാ‍നായകന്മാര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍


*** ബ്ലോഗര്‍ ജിതേന്ദ്രകുമാര്‍ എഴുതിയ കഥ ***


(ഈ ബ്ലോഗിലെ
ആദ്യ പോസ്റ്റില്‍ മെറ്റാഫിക്ഷന്‍ എന്ന സാഹിത്യ സങ്കേതത്തെക്കുറിച്ച് ചെറിയ ചര്‍ച്ച നടന്നിരുന്നു. അക്കൂട്ടത്തില്‍ ശ്രീ ജിതേന്ദ്രകുമാര്‍ അദ്ദേഹത്തിന്റെ ശിഖരവേരുകള്‍ എന്ന കഥാസമാഹാരത്തിലെ ഒരു കഥയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ആ കഥ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു.)

Photobucket


ലക്ഷ്മണ്‍ലാല്‍ പ്യാരിലാല്‍ പണ്ഡിറ്റ്ജിയുടെ തല മുണ്ഡനം ചെയ്യണം. കണ്ണുകള്‍ കുത്തിപ്പൊട്ടിക്കണം. കഴുതപ്പുറത്തുകയറ്റി ചെരുപ്പുമാലയിട്ട് ചെണ്ടകൊട്ടി നഗരം മുഴുവന്‍ തെണ്ടിക്കണം. ഒരിറ്റുവെള്ളം കൊടുക്കാതെ കൊല്ലണം. കൊന്നുകൊണ്ടേയിരിക്കണം.

പ്രതികാരം എന്റെ സിരകളില്‍ പട്ടച്ചാരായം പോലെ കത്തിക്കയറുന്നു. ആദ്യമായാണ് ഇത്തരം വികാരങ്ങള്‍ എന്നില്‍ പൂക്കുന്നത്. ശ്രീ എം. മുകുന്ദന്റെ പേന എന്നെ പെറ്റിട്ടത്തുതന്നെ പീഡനത്തിന്റെ പടുകുഴിയിലേക്കായിരുന്നല്ലോ. അക്കഥകളൊക്കെ നിങ്ങള്‍ക്കും നന്നായറിയാം. ഒരു വയസ്സനു ദാഹജലം കൊടുത്തതിനു ഞാന്‍ എന്തെന്തു ശിക്ഷകള്‍ ഏറ്റുവാങ്ങിയില്ല! അതിനുശേഷം ഇത്രയും വര്‍ഷങ്ങള്‍ ഞാന്‍ സംസാരിക്കാതിരുന്നത് ഭീരുത്വമായി ആരും കരുതരുത്. രാക്ഷസീയമായ പീഡനം ആരെയും നിശബ്ദമാക്കും, ചിലപ്പോള്‍ വര്‍ഷങ്ങളോളം. ഒരു പ്രഷര്‍ക്കുക്കറിലെന്നപോലെ പ്രക്ഷുബ്ധമായ ചിന്തകള്‍ എന്നില്‍ നിറയുകയായിരുന്നു ഇക്കാലമത്രയും. എന്തെങ്കിലും ഉടന്‍ ചെയ്തില്ലെങ്കില്‍ അതു പൊട്ടിത്തെറിച്ചേക്കാം. മാത്രമല്ല, തല മുണ്ഡനം ചെയ്യപ്പെട്ട ജീവിതങ്ങളും ചിലകാലങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്ന് ലോകത്തിനു കാണിച്ചുകൊടുക്കുകയും വേണ്ടേ?

പക്ഷേ തനിക്കതിനു കെല്‍പ്പുണ്ടോ? കൃശഗാത്രന്‍. പേന പിടിച്ചു ശീലമുള്ള കൈകള്‍. പണ്ഡിറ്റ്ജിയാവട്ടെ, ആരോഗ്യദൃഢഗാത്രന്‍. കീഴ്പ്പെടുത്തുന്നതെങ്ങിനെ?

പീറ്ററിന്റെ പ്രതികാരം പോലെ ഇതും പാളിപ്പോകുമോ? മലയാറ്റൂരിലെ പീറ്ററിന്റെ കാര്യം തന്നെയാണു പറയുന്നത്. എന്‍.പി. മേനോനെ പുലഭ്യം പറയാന്‍ എന്തെല്ലാമോ തെറികള്‍ ഓര്‍ത്തെടുത്തതായിരുന്നു. ഒടുവില്‍ അയാള്‍ മേനോനുമൊത്ത് കള്ളുകുടിച്ച്... ഛെ...നാറി. നട്ടെല്ലില്ലാത്തവന്‍. ഒരാള്‍ക്ക് ഇത്രയ്ക്കു വിധേയത്വം ഉണ്ടായിക്കൂടാ.

പീറ്ററിനു പറ്റിയ പറ്റ് തനിക്കു പറ്റരുത്. ആരെയെങ്കിലും കൂട്ടുപിടിക്കണം. ഭഗവത്ഗീതയും ഖുറാനും ബൈബിളുമൊക്കെയായിനടക്കുന്ന പണ്ഡിറ്റ്ജിക്ക് കുറെയേറെ കൂട്ടുകാരുണ്ട്. അതുകൊണ്ടുതന്നെ ശക്തനായ ഒരു കൂട്ടാളി തനിക്കും ഉണ്ടാവണം. കീഴ്പ്പെടുത്തല്‍ പൂര്‍ണ്ണമാകുന്നിടത്താണല്ലോ പീഡനത്തിന്റെ ആരംഭം.

ഓര്‍മ്മയില്‍ ഓടിയെത്തുന്നത് ശ്രീ ആനന്ദ് പരിചയപ്പെടുത്തിയ അലിദോസ്ത് ആണ്. കൈകാലുകളില്‍ ആറു വിരലുകള്‍ വീതമുള്ള അലിദോസ്ത്...കാമറാന്റെ കണ്ണുകളിലേക്ക് അന്‍പതു തവണ സൂചിയിറക്കിയ വിരലുകള്‍. കണ്ണുകളിലെ മുറിവിലേക്ക് നാരങ്ങാ നീരും ഉപ്പും കലര്‍ത്തിയൊഴിച്ച കല്ലിന്റെ മനസ്സ്. അതെ, അലിദോസ്തു മതി. മദപ്പാടുകയറിയ എന്റെ കാലടികളില്‍ കടലാസു കിടുങ്ങി. പേജുകളോരോന്നും പിന്നിട്ട് ഞാന്‍ ധ്രുതഗതിയില്‍ നടന്നു.

അലിദോസ്തിന്റെ വാസസ്ഥലം ദൂരെനിന്നേ കാണാം. മുറ്റത്തൊരു പട്ടി ചുരുണ്ടുകിടക്കുന്നു. ശബ്ദം കേട്ട് അത് തലയുയര്‍ത്തി നോക്കി. പ്ലാസ്റ്റിക്ക് കണ്ണുള്ള ഒരു അള്‍സേഷന്‍ പട്ടി. ഇത് ടെറിയല്ലേ? ജോണ്‍ അബ്രഹാമിന്റെ... ആക്രമത്തിലും പീഡനത്തിലും വിശ്വസിക്കുന്ന അലിദോസ്തിനെന്തിനാണീ അറുബോറന്‍ പട്ടി? എന്തോ ആവട്ടെ. പട്ടിശാസ്ത്രം ചികയേണ്ട നേരമല്ലിത്. എത്രയും പെട്ടെന്നു പ്രതികാരത്തിനു വഴി ഒരുക്കണം.

ധൃതിയില്‍ അകത്തേക്കു കയറി. ഇരുണ്ട ഇടനാഴി. എന്നോ ഒച്ച മരിച്ച ഇടനാഴി! അങ്ങിങ്ങു ചില വാതിലുകള്‍ കാണാം. ആദ്യത്തെ വാതില്‍ തള്ളിത്തുറന്നു. ചത്തുകിടക്കുന്ന ഒച്ച ഞെട്ടിയെഴുന്നേറ്റു. പക്ഷേ മുറിയില്‍ ആരുമില്ല.

അടുത്ത വാതില്‍ തുറന്നപ്പോള്‍ ഒരു പക്ഷിയുടെ മണം. ഞാന്‍ അറിയാതെ വാതിലിലേക്കു നോക്കി. “ഡൈയിങ്ങ്” എന്നെഴുതിയ ബോര്‍ഡില്ല. എങ്കിലും പട്ടിയും പക്ഷിയും ഏകാന്തതയും... ഭീതിയുടെ കറുത്ത പക്ഷികള്‍ അങ്ങിങ്ങു തലകീഴായി തൂങ്ങിക്കിടക്കുന്നതു കണ്ടു.

ഞാന്‍ അവസാനത്തെ വാതിലും തള്ളിത്തുറന്നു. അകത്ത് ആരോ പുറം തിരിഞ്ഞിരിക്കുന്നു. ചുവന്ന പട്ടു പുതച്ച്.

ഞാന്‍ ശരിക്കും ഞെട്ടി. ഇപ്പോള്‍ അലിദോസ്ത് ഈ വഴി വന്നാല്‍... അള്ളാരഖയുടെ വിരലുകള്‍ തബലയിലെന്നപോലെ എന്റെ കാല്‍മുട്ടുകള്‍ തമ്മില്‍ ഇടിച്ചു. അടിവസ്ത്രത്തിനുള്ളില്‍ ചൂടുള്ള നനവ് പടര്‍ന്നു. ചുവന്ന ഷാള്‍ പുതച്ചയാള്‍ തിരിഞ്ഞുനോക്കി. അപ്പോഴാണ് എന്റെ നെഞ്ചിടിപ്പ് സാധാരണഗതിയിലായത്. അലിദോസ്തിനു പീഡനത്തിനുള്ള മൌനാനുവാദം കൊടുത്തിരിക്കുന്ന ഹുമയൂണല്ല. അലിദോസ്ത് തന്നെയാണത്. പതുക്കെ ഞാന്‍ അലിയുടെ പുറകിലെത്തി. വരവിന്റെ ഉദ്ദേശ്യം വ്യക്തമാക്കി. ഇതുവരെ ചെയ്തതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായി കൂടുതല്‍ ക്രൂരതയോടെ പണ്ഡിറ്റ്ജിയെ പീഡിപ്പിച്ച് കൊല്ലാനുള്ള ദൌത്യം അലിദോസ്തിനു നല്‍കി.

അലി ഉറക്കെയുറക്കെ ചിരിച്ചു. പിന്നെ അതിശയിച്ചുനില്‍ക്കുന്ന എന്നോടു പറഞ്ഞു.
“ഞാനാപ്പണിയൊക്കെ നിര്‍ത്തി“
“കാരണം?”
“അന്നു ഞാന്‍ ക്രൂരതയുടെ കാണപ്പെട്ട രൂപമായിരുന്നു. ഇന്നോ? ഇന്നു നിങ്ങള്‍ക്കൊക്കെ ഞാന്‍ വെറുമൊരു മനോരോഗി. ഇന്നു നിങ്ങളുടെ ഇടയില്‍ നിത്യേനയെന്നോണം നടമാടുന്ന ക്രൂരതകള്‍ കണ്ട് ഞാന്‍ പോലും നടുങ്ങിപ്പോകുന്നു. മാസങ്ങള്‍ പ്രായമുള്ള കുഞ്ഞുങ്ങളെപ്പോലും കാമപൂരണത്തിനായി... ഛെ... ഇന്നു ഞാന്‍ നിങ്ങളെ ഭയക്കുന്നു. വെറുക്കുന്നു. നിങ്ങളുടെ ക്രൂരതകളില്‍ ലജ്ജിക്കുന്നു.”

അവിടെ നിന്നിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ ഞാന്‍ പുറത്തിറങ്ങി പത്രത്തിലൂടെ നടന്നു. തല മുണ്ഡനം ചെയ്യപ്പെട്ട ജീവിതങ്ങള്‍ ഒരിക്കലും പ്രതികരിക്കില്ലേ?

പെട്ടെന്നെന്തോ കാലില്‍ത്തടഞ്ഞു ഞാന്‍ വീണു. ഒരു കുഞ്ഞുവാര്‍ത്തയാണ്.

“കൊച്ചു കുഞ്ഞിനെ പീഡിപ്പിച്ച ഒരാളെ നിഥാരിയിലെ ഗ്രാമീണര്‍ തല്ലിക്കൊന്നു. തക്ക സമയത്ത് പോലീസ് എത്തിയതിനാല്‍ ജീവനോടെ കത്തിക്കുന്നത് തടയാന്‍ കഴിഞ്ഞു”.

പകല്‍ വെളിച്ചത്തിനു കൂടുതല്‍ തിളക്കമുള്ളതുപോലെ തോന്നി. ഞാന്‍ ഉത്സാഹത്തോടെ നടന്നു.Photobucket

(സ്വന്തം പുസ്തകത്തിന്റെ തലക്കെട്ടോടെയാണ് ജിതേന്ദ്രകുമാര്‍ ബ്ലോഗ് തുടങ്ങിയത്. അവിടെ പ്രസിദ്ധീകരിച്ച ആദ്യ കഥയും ആ സമാഹാരത്തിലേതാണ്. പരമ്പരാഗതമായ രചനാശൈലിയോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന രചനാശൈലിയാണെങ്കിലും തെരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ പുതുമയും ട്രീറ്റ്മെന്റ്റില്‍ വൈവിധ്യവും നിലനിര്‍ത്താന്‍ ജിതേന്ദ്രകുമാറിന് കഴിയുന്നു. ശിഖരവേരുകളില്‍ ഇതുവരെ നാ‍ലുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കഥ ഇവിടെ പ്രസിദ്ധീകരിക്കാന്‍ അനുവാദം തന്നതിന് ജിതേന്ദ്രകുമാറിന് നന്ദി അറിയിക്കുന്നു.

വിവിധ കഥകളിലെ കഥാപാത്രങ്ങള്‍ ഒരു പുതിയ കഥയില്‍ പരസ്പരം കണ്ടുമുട്ടുക എന്ന മെറ്റാഫിക്ഷന്‍ സങ്കേതം ആണ് പഴയ കഥാ‍നായകന്മാര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ എന്ന കഥയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ സങ്കീര്‍ണമായ മറ്റൊരുപ്രയോഗം ആനന്ദിന്റെ ‘ഗോവര്‍ധനില്‍’ നമുക്ക് പരിചയമുള്ളതാണ്. എം. മുകുന്ദന്റെ “മുണ്ഡനം ചെയ്യപ്പെട്ട ജീവിതം” ആനന്ദിന്റെ “ആറാമത്തെ വിരല്‍” മലയാറ്റൂരിന്റെ “പീറ്ററുടെ പ്രതികാരം” ജോണ്‍ എബഹാമിന്റെ “പ്ലാസ്റ്റിക് കണ്ണുള്ള അള്‍സേഷന്‍ പട്ടി” മാധവിക്കുട്ടിയുടെ “പക്ഷിയുടെ മണം” എന്നീ കഥകളിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും ഈ കഥയില്‍ പരാമര്‍ശിക്കപ്പെടുന്നു. നരേറ്ററായ ‘ഞാനും’ ആനന്ദിന്റെ കഥാപാത്രവും മാത്രമേ അവരുടെ വൈകാരികലോകത്തെ കഥയിലേക്ക് കൊണ്ടുവരുന്നുള്ളൂ. മറ്റു കഥാപാത്രകള്‍ കഥക്കുള്ള പശ്ചാത്തലത്തില്‍ വ്യതിരിക്തതയുള്ള ചില സൂചനകള്‍ നല്‍കാ‍നായി ഉപയോഗിക്കപ്പെടുന്നു.

കഥയെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കുക. ജിതേന്ദ്രന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമല്ലോ.)

14 comments:

ഹരിത് said...

നന്നായി ഈ പരിചയപ്പെടുത്തല്‍.

Unknown said...

നല്ല രസകരമായ ഒരു വായന

ശ്രീനാഥ്‌ | അഹം said...

പോ... പോരാ.. അല്ല, പോരട്ടേ...

ആശംസകള്‍.

sree said...

നായകന്‍ കാല്‍ തെറ്റിവീണത് നിഥാരിയിലെ വാര്‍ത്തയിലായതു കൊണ്ട് ഒടുക്കമെത്തിയപ്പോള്‍ എന്തോ, കഥക്കോ കഥാതന്തുവിനോ താങ്ങാനവുന്നില്ല പറഞ്ഞുവന്ന വിഷയം എന്ന് ഒരു തോന്നല്‍. അലിദോസ്ത് പറഞ്ഞതു പോലെ ക്രൂരതയുടെ നോയിഡാ റ്റൈപ് മുഖങ്ങള്‍ വരെ കണ്ട് മരവിച്ചതാവുമോ മനസ്സ്? തല മുണ്ഡനം ചെയ്യപ്പെട്ട ജീവിതങ്ങള്‍ ഇനിയും ശക്തമായി പ്രതികരിക്കണം! ജിതേന്ദ്രനെ ഇവിടെ പരിചയപ്പെടുത്തിയതിന് നന്ദി സിമി. നല്ല ചില കഥകള്‍ ആ ബ്ലോഗിലും വായിച്ചു.

കണ്ണൂസ്‌ said...

ജിതേന്ദ്രന്റെ ആദ്യ കഥ മുതല്‍ തന്നെ വായിക്കുന്നുണ്ട്. ആദ്യ കഥ എന്റെ വായനാലിസ്റ്റിലും ഉണ്ടായിരുന്നു.

സാധാരണ ആഖ്യാനരീതി പിന്തുടരുമ്പോഴും കഥക്ക് പ്രവചനാതീതമായ ഒരു ട്വിസ്റ്റ് ഉണ്ടെങ്കില്‍, അത് നന്നായി തോന്നും എന്നാണ്‌ എന്റെയൊരു വ്യക്തിപരമായ കാഴ്ചപ്പാട്. പലപ്പോഴും ജിതേന്ദ്രന്റെ കഥകളില്‍ നിന്ന്, നിര്‍ഭാഗ്യവശാല്‍, ഇത് കിട്ടാതെ പോവുന്നു.

സജീവ് കടവനാട് said...

കഥകളില്‍ നിന്ന് ഇറങ്ങിനടക്കുന്ന കഥാപാത്രങ്ങളും കഥകളില്‍ നിന്ന് കഥകളിലേക്കു ചേക്കേറുന്ന കഥാപാത്രങ്ങളുമൊക്കെ അവയുടെ മൂല കഥയെ ഓര്‍മ്മിപ്പിക്കുക എന്ന ദൌത്യം മാത്രമേ വഹിക്കുന്നുള്ളൂവെങ്കില്‍ ഇത്തരം രീതിയുടെ പ്രസക്തി ഒരു ഓര്‍മ്മപ്പെടുത്തലിലൊതുങ്ങുകയല്ലേ ചെയ്യുന്നത്. സ്വയം സൃഷ്ടിക്കപ്പെടുന്ന ഒരു കഥാപാത്രത്തിന് ചെയ്യാന്‍ കഴിയുന്ന സംഗതികളെ മറ്റു കഥകളിലെ കഥാപാത്രങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഒന്നുമില്ലെങ്കില്‍ വായിച്ചകഥാപാത്രം താനുമായി സ്റ്റ്രഗ്‌ള്‍ ചെയ്യപ്പെട്ടെന്നെങ്കിലും തന്റെ വായനക്കാരെ ബോധ്യപ്പെടുത്തുകയെങ്കിലും വേണം എന്ന് എനിക്കു തോന്നുന്നു.

ഇത് കഥ മോശമായി എന്ന വായനയായി എടുക്കരുതേ.

G.MANU said...

ജിതേന്ദ്രന്റ്റെ അടുത്ത സുഹൃത്തെന്ന നിലയില്‍ പറയുകയാണെന്നു കരുതത്. ഈ കൊച്ചനു നല്ല ഭാവിയുണ്ട്.

കഥ സമാ‍ഹാരത്തില്‍ ഞാന്‍ വാ‍യിച്ചിരുന്നു :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ആദ്യമായി ക്ഷമ ചോദിക്കുന്നു, ഏറ്റവും ഒടുവിലായി ഇവിടെ എത്തിയതിന്‌.

വളരെ നന്ദിയുണ്ട്‌, ഗുപ്തനോട്‌. അതുപോലെ സിമിയോട്‌, ഇതു ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടതില്‍.

ഹരിത്‌:
അനൂപ്‌:
ശ്രീനാഥ്‌:
ജി. മനൂ:
വളരെ നന്ദി.

ശ്രീ:
നായകന്‍ കാല്‍തെറ്റിയല്ല വീണത്‌, തടഞ്ഞു വീണതാണ്‌. പ്രതീക്ഷിക്കാത്ത വസ്തുക്കളിലാണ്‌ കാല്‍ തടയുക. വീണ ശേഷമാണ്‌ എന്തിലാണ്‌ കാല്‍ തടഞ്ഞതെന്നറിയുക. (അറിവിന്‍റെ ഒരു സ്പാര്‍ക്‌ ഒരുപക്ഷേ അവിടെ കാണുകയും ചെയ്യും). കുപ്രസിദ്ധമായ നിഥാരി സംഭവവുമായി ഇതിനു നേരിട്ടു ബന്ധമില്ല. (അവിടേയും ഒരു വീട്ടുവേലക്കാരന്‍ ക്രൂരനാവുന്നത്‌ തികച്ചും യാദൃച്ഛികം.) മുണ്ഠനം ചെയ്യപ്പെട്ട 'ഞാന്‍' ഒരാളല്ല, സാധാരണ മനുഷ്യന്‍റെ ഒരു കൂട്ടമാണ്‌. അതില്‍ ഇന്നു കാണാനാവുന്ന പൈശാചികമായ ക്രൂരത. (പിശാചേ, കേസ്സു കൊടുക്കല്ലേ). അവരുടെ പ്രതികരണങ്ങളിലെ തത്തുല്യമായ ക്രൂരത. പണ്ടു വായിച്ച ക്രൂരതയുടെ ജീവിക്കുന്ന കഥാപാത്രങ്ങള്‍. ഇവയിലേക്കൊക്കെ ഒരു വിരല്‍ ചൂണ്ട്‌ മാത്രമാണ്‌ ആ കഥ. താരതമ്യം സുഗമമാക്കാന്‍ വെച്ച ചില സൈന്‍ ബോര്‍ഡ്‌ മാത്രമാണ്‌ ഒരു പരിധി വരെ ആ കഥകളും കഥാപാത്രങ്ങളും. (ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന കഥകള്‍ പ്രസിദ്ധമാണെങ്കിലും സംഭവം അത്രയേറെ പേര്‍ അറിഞ്ഞിരിക്കില്ല. അമ്പതോളം വയസ്സുള്ള ഒരു റിക്ഷാ വലിക്കാരന്‍ പത്തോളം വയസു പ്രായമുള്ള ഒരു പെണ്‍കുട്ടിയെ റേപ്പ്‌ ചെയ്യുന്നതും അതറിഞ്ഞ മറ്റു റിക്ഷാവാലകള്‍ അയാളെ സ്പ്പോട്ടില്‍ വെച്ച്‌ വെറും കൈകള്‍കൊണ്ട്‌ അടിച്ചു കൊന്നതുമാണ്‌ സംഭവം. നാഗ്പ്പൂരില്‍ സ്ത്രീകള്‍ കോടതിയില്‍ കേറി ഒരു വില്ലനെ അടിച്ചു കൊന്നതു പോലെ തീര്‍ത്തും അസാധാരണമായ ഒരുസംഭവം.) നന്ദി.

കണൂസ്‌:
എല്ലാ കഥയിലും ട്വിസ്റ്റ്‌ നിര്‍ബന്ധമാണോ? വല്ലാത്ത ട്വിസ്റ്റുകളെ നിവര്‍ത്തിക്കൊണ്ടു വന്നാല്‍ അതൊരു ഗംഭീരന്‍ കഥയായിക്കൂടെ? പിന്നെ ട്വിസ്റ്റ്‌ ഏറെയും വായനക്കാരന്‍റെ പ്രവചന കഴിവിനെ ആശ്രയിച്ചിരിക്കും എന്നു ഞാന്‍ കരുതുന്നു. (സബ്ജക്റ്റീവ്‌ ആണ്‌ കൂടുതലും). താങ്കളൂടെ ബ്ളോഗില്‍ എത്തിയിട്ടില്ല ഇതു വരെ. അടുത്തത്‌ അങ്ങോട്ടു കേറലാണ്‌. നന്ദി.

കിനാവ്‌:
ശ്രീക്ക്‌ എഴുതിയതില്‍ (മുകളില്‍) താങ്കളുടെ വിലയിരുത്തലുകള്‍ക്കുള്ള മറുപടി ഉണ്ടെന്നു കരുതുന്നു. പിന്നെ ഹരിശ്ചന്ദ്രനേക്കാള്‍ വലിയ സത്യസന്ധനെ വായനക്കാറ്‍ക്കു പരിചയപ്പെടുത്താന്‍ ഏറ്റവും നല്ല ഉപാധി ഹരിശ്ചന്ദ്രനോടു തന്നെ താരതമ്യം ചെയ്യുന്നതല്ലേ. അതിനു വേണ്ടി മാത്രം മറ്റൊരു `ഹരിശ്ചന്ദ്രനെ' ഉണ്ടാക്കണോ? (ഹരിശ്ച്ന്ദ്രനെ അറിയാത്ത വായനക്കരുടെ മുമ്പില്‍ എഴുത്തുകാരന്‍ പരാജയപ്പെടുമെന്നുള്ളതു സത്യം. )

മറുപടിയിടാന്‍ വൈകിയതില്‍ ഒരുപാടു ഖേദിക്കുന്നു. (മനസിലെ ഫീലിംഗ്‌ ആണ്‌, നേതാവിന്‍റെ പ്രസ്താവനയല്ല)

sree said...

ജിതേന്ദ്രാ, കഥക്കാസ്പദമായ സംഭവം വല്ലാതെ ഉലച്ചിരുന്നതു കൊണ്ടാണ് എന്റെ വായനയും ഒന്ന് അടിപതറിയത്. പലപ്പോഴും ഫിക്ഷനെക്കാള്‍ കഥയുണ്ട് യാഥാര്‍ത്യത്തില്‍. അതുകൊണ്ടുതന്നെ ഫിക്ഷനില്‍ നിന്ന് ഫിക്ഷനിലെക്ക് കയറുന്ന മെറ്റായാത്രകള്‍ക്ക് യാഥാര്‍ത്യത്തിന്റെ ചൂട് തീരെ ഇല്ലാതെ വരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കടുത്ത സോഷ്യല്‍ റിയാലിറ്റിയോട് പ്രതികരിക്കേണ്ടിവരുമ്പോള്‍ നിരായുധനായി നിലത്തുകുത്തിയിരുന്നുപോകുന്ന എഴുത്തുകാരന്റെ ധര്‍മ്മസങ്കടം അറിയാവുന്നതു കൊണ്ടുമാവാം.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ശ്രീ:
ഇതെല്ലാം തികച്ചും സബ്ജക്റ്റീവ്‌ ആണെന്നു സമ്മതിക്കുമ്പോഴും ചില കാര്യങ്ങളില്‍ യോജിക്കാന്‍ കഴിയുന്നില്ല.

"ഫിക്ഷനേക്കാള്‍ കഥയുണ്ട്‌ യാഥാര്‍ഥ്യത്തില്‍" - യാഥാര്‍ഥ്യങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ മാത്രമാണ്‌. കഥയല്ല. കഥയാകുന്നത്‌ അതിലേക്ക്‌ സവിശേഷമായ ഒരു രീതിയില്‍ നോക്കുമ്പോഴാണ്‌ (അത്‌ നെഗറ്റീവോ പോസിറ്റീവോ ആവാം) കാണുന്നതിലെ, കാണിക്കുന്നതിലെ ആ വിശേഷതയാണ്‌ കഥയെ യുനീക്ക്‌ ആക്കുന്നത്‌. (ഏറ്റവും നല്ല ഉദാഹരണം - ഇതില്‍ തന്നെ കിടക്കുന്ന കൂമന്‍ കടവ്‌ പാലത്തില്‍ നടന്ന സംഭവം എന്ന കഥ- സംഭവത്തില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ്‌ ആ കഥ. പക്ഷേ സംഭവത്തേക്കാള്‍ തീക്ഷണവും. )

രണ്ടാമത്തെ കാര്യം പ്രതികരിക്കുന്ന രീതിയാണ്‌. അതും സബ്ജക്റ്റീവ്‌ ആണ്‌. അതില്‍ കൂടുതലായി ഒരേ വ്യ്ക്തി തന്നെ വ്യ്ത്യസ്ത ചുറ്റുപാടുകളില്‍ പ്രതികരിക്കുന്നത്‌ വേറിട്ട രീതികളിലാവും. (കൂട്ടുകാരനെ കുത്തിയാല്‍ കൂട്ടുകാരനെ വിട്ട്‌ കുത്തിയവന്‍റെ പിന്നാലെ പോകുന്നവരും ഉണ്ട്‌. ഒാടി അകലുന്നവരും കൂട്ടുകാരനെ സഹായിക്കുന്നവരുമാണ്‌ ഭൂരിഭാഗവും. കൂടെ സ്വന്തം കുടുംബമുണ്ടെങ്കില്‍ പ്രതികരണം വേറെയാവും.
ഉദാഹരണത്തിന്‌ - ഇന്‍ഡ്യന്‍ ആറ്‍മി റേപ്പ്‌ അസ്‌ - എന്ന ബാനറ്‍ പിടിച്ചുകൊണ്ട്‌ പൂറ്‍ണ്ണ നഗ്നരായി കുറേ സ്ത്രീകള്‍ മണിപ്പൂരിലെ ആര്‍മി ആസ്ഥാനത്തേക്ക്‌ കേറിച്ചെന്ന ആ പ്രതികരണം എത്ര പൊള്ളിച്ചുകാണും, ആറ്‍മിയെ മൊത്തമായി തന്നെ).

ഇതെല്ലാം, എന്‍റെ അഭിപ്രായങ്ങള്‍, (സബ്ജറ്റീവ്‌) മാത്രമാണെങ്കിലും എനിക്കിത്‌ വാസ്തവമാണെന്ന് (ഒബ്ജെക്റ്റീവ്‌) തോന്നുന്നത്‌ എന്‍റെ പ്രിജുഡൈസ്‌ കൊണ്ടാവും എന്നെനിക്കു സ്വയം വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ ശ്രീ.

sree said...

ജിതേന്ദ്ര

കാണിക്കുന്നതിലെ വിശേഷതയാണ് കഥയെ കഥയാക്കുന്നത് എന്നതിനോട് പൂര്‍ണ്ണ യോജിപ്പ്. അതു തീര്‍ത്തും സബ്ജെക്റ്റിവ് ആയ കാര്യം തന്നെ. ഓബ്ജെക്റ്റിവസ് ചെയ്യേണ്ടത് എങ്ങിനെ എന്നതും വ്യക്ത്തിപരമായ ഇഷ്ടം. അതൊക്കെ ഓരോ ആയുധങ്ങള്‍ മാത്രം. ആത്യന്തികമായ പോരാട്ടം വാസ്തവങ്ങളോടാണ്. കഥയുടെ സിറ്റുവേഷന്‍, പറയുന്ന രീതി എന്തുമാവട്ടെ. “അനുധാവനം” എന്ന ജിതേന്ദ്രന്റെ കൊച്ചുകഥയിലെ നായികയുടെ ചിരി പോലെ പലയിടങ്ങളില്‍ പലതായിപ്പതിയാന്‍ കഴിഞ്ഞാല്‍ മതി :) ഒരു വായനയും പൂര്‍ണ്ണമായും ശരിയോ തെറ്റോ ആവണമെന്നില്ല. എന്റെതന്നെ വ്യക്തിപരമായ പ്രെജുഡിസ് വായനയില്‍ വന്നിരിക്കാം..ഞാന്‍ പറഞ്ഞില്ലെ മെറ്റാഫിക്ഷന്‍ രീതിയോടുള്ള ഒരു “ഇത്”...ആ വിഷയത്തെക്കുറിച്ച് ഇങ്ങനെയല്ലാതെയും പറയാനാവുമായിരുന്നു ജിതേന്ദ്രന് എന്ന ഒരു വിഷമം.അത്രേ ഉള്ളു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"ആത്യന്തികമായ പോരാട്ടം വാസ്തവങ്ങളോടാണ്."
അല്ലെന്ന് പറയട്ടെ ശ്രീ,പോരാട്ടമല്ല, താദാത്മ്യമാവണം വാസ്തവത്തോട്‌. പോരാട്ടം, കണ്ണടകളോടാവണം.

ശ്രീയുടെ കമന്‍സിലൂടെ ഉയര്‍ത്തി ഉയര്‍ത്തി കാലുവെച്ചിട്ടും വീണ്ടും വീണ്ടുംതടഞ്ഞു വീഴുന്നല്ലോ. നല്ലതാണ്‌. തടസ്സങ്ങളെക്കുറിച്ചുള്ള ഒാരോ ഒാര്‍മ്മപ്പെടുത്തലുംഒരൊ വീഴ്ച്ചയെ ഒഴിവാക്കാന്‍ സഹായിച്ചേക്കും.
ഒ.ടൊ. അനുധാവനം ശ്രദ്ധാപൂര്‍വ്വം വായിച്ചെന്നറിഞ്ഞതില്‍സന്തോഷം.

sree said...

നല്ല നിരീക്ഷണം ജിതേന്ദ്രാ.

വാസ്തവങ്ങളൊടുള്ള താദാത്മ്യം എല്ലായ്പ്പോഴും തോല്‍വിയാണ് എന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ ചിലപ്പോള്‍ അതു നാണംകെട്ട തോല്‍വിയാണെന്നും മനസ്സിലാവുന്നു :) എഴുത്തില്‍ എന്നെ അലട്ടുന്ന ഒരു വിഷയം ആണ് അത്.

ഹയ്യോ, എന്റെ കമ്മെന്റിലിടറി വീഴാനോ? അതെനിക്കു നേരെ നില്‍ക്കാനുള്ള ബാലന്‍സ് ആവാത്തതു കൊണ്ടാവും ;)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

`തടയുന്ന'തിനാണു ഞാന്‍ ഊന്നല്‍ നല്‍കിയിരുന്നത്‌, `വീഴുന്ന'തിലല്ല. "തടഞ്ഞു പോകുന്നു" എന്നു വായിച്ചോളു.
നല്ലൊരു ചര്‍ച്ച്ക്ക്‌ വഴിയുണ്ടാക്കിയതിന്‌ നന്ദി.