Friday 16 May 2008

ഒരു മാലാഖാനഷ്ടം രേഖപ്പെടുത്തിയ ചിലത്

ഉണ്ണിക്കട്ടേ നീയെന്തിനാ സ്റ്റേജില്‍ നിന്ന് അനങ്ങിയേ? മാലാഖ ഉയരത്തില്‍ നിന്ന് ഒക്കെ കാണാനേ പാടുള്ളൂ, അനങ്ങില്ല. അറിയോ?


കുഞ്ഞുങ്ങളെക്കുറിച്ചുള്ള കഥകളും കുഞ്ഞുങ്ങളുടെ പടങ്ങളും കണ്ടപാടെ കാന്തത്തിലൊട്ടുന്നപോലൊരു സ്വഭാവമുണ്ട് എനിക്ക്. മനസ്സുകൊണ്ടിപ്പഴും ഏറെയൊന്നും വളരാത്തതുകൊണ്ടാവും. നമ്മളെക്കാളൊക്കെ ഉയരത്തില്‍ നിന്നാണ് കുഞ്ഞുങ്ങള്‍ ലോകം കാണുന്നതെന്ന് തോന്നിയിട്ടുണ്ട്. വളരുംതോറും നമുക്ക് ആ ദിവ്യക്കാഴ്ചയുടെ ഔന്നത്യം നഷ്ടപ്പെടുന്നു. വസ്തുക്കള്‍ വലുതാവുകയും കാഴ്ച ചുരുങ്ങുകയും ചെയ്യുന്നു. ഉയരക്കാഴ്ചയില്‍ കിട്ടുന്ന ഏകമാനം വളരാനുള്ള അത്യാഗ്രഹത്തില്‍ നമ്മള്‍ വലിച്ചെറിയുന്നു. സ്വന്തം പ്രതിരൂപത്തെ കണ്ണാടിയില്‍ ദര്‍ശിച്ച് തിരിച്ചറിയുന്ന നിമിഷം മുതല്‍ സ്വത്വബോധത്തിന്റെ ചുഴലിയില്‍ മനുഷ്യന്‍ അകപ്പെടുന്നു എന്ന ഴാക് ലക്കാന്‍ തിയറി കേട്ടുകേള്‍വി പോലും ഇല്ലാത്ത എന്റെ അമ്മയും പറഞ്ഞു കേട്ടിട്ടുണ്ട് "കൊച്ചു കുഞ്ഞിനെ കണ്ണാടി കാണിക്കല്ലെ" എന്ന്. നഷ്ടപ്പെടുമെന്ന് തീര്‍ച്ചയുള്ള എന്തോ ഒന്ന് മുറുക്കിപ്പിടിക്കാനുള്ള അത്തരം ഒരു വെമ്പലായിട്ടാണ് രാജ് നീട്ടിയത്തിന്റെ മാലാഖയുടെ മരണം എന്ന കഥ ഞാന്‍ വായിച്ചത്. മരണമെന്ന നിശ്ചലചിത്രത്തില്‍ പൂഴ്ത്തി വയ്ക്കുക മാത്രമേ ഒരു മാലാഖച്ചിറകിന്റെ രക്ഷക്ക് ചെയ്യാനാവു എന്ന പോലെ.

മാതൃത്വത്തെ മഹത്വവല്‍ക്കരിക്കുന്നതു പോലെ കുഞ്ഞുങ്ങളെ ദൈവത്തിന്റെ പ്രതിരൂപങ്ങളാക്കി കാണുക എന്നതും നമുക്കു പതിവാണ്. ഉണ്ണിമാലാഖക്ക് ചിറകുകള്‍ സ്വപ്നം കാണാന്‍ നല്‍കിയ ചാരുലതാമിസ്സിനെപ്പോലെ. യാഥാര്‍ത്ഥ്യത്തിന്റെ ചൂടും ചൂരും തട്ടി വാടരുതേ എന്നു പ്രാര്‍ത്ഥിച്ച് തന്റെ കുഞ്ഞുങ്ങളെ വൈകും മുന്നെ വീട്ടിലേക്ക് തിരിച്ചു വരാന്‍ കെഞ്ചുന്ന വില്യം ബ്ലേക്കിന്റെ പോറ്റമ്മയെ ഓര്‍ത്തു പോയി. ( nurse's song ) രാത്രിയുടെ നിഴലുകള്‍ക്കപ്പുറം അവരെ കാത്തിരിക്കുന്ന അറിവിന്റെ ഭീതികള്‍ തടഞ്ഞു നിര്‍ത്താന്‍ തനിക്ക് ആവില്ലല്ലോ എന്ന വ്യസനമാണ് ആ കവിത. ഇവിടെ ഉണ്ണിക്ക് മാലാഖച്ചിറകുനല്‍കുന്ന മനസ്സും കൊതിക്കുന്നത് അതിമാനുഷികമായ ശക്തിയല്ല. ദൈവത്തോട് സമമായ ഒരു വിശുദ്ധിയാണ്.അവനെ നഷ്ടപ്പെട്ട ആടിനെ തിരയുന്നതിനായും, പൂവിന്മേല്‍ ചെന്നിരിക്കുന്നതിനായും നിയോഗിക്കുന്നതും ഒക്കെ മുതിര്‍ന്ന മനസ്സുകളാണ്. പൂവ് ഒടിഞ്ഞുവീഴുമോ എന്ന അവന്റെ ഭയം തന്നില്‍ ആരോപിക്കപ്പെട്ടിട്ടുള്ള ദൈവീകപരിവേഷത്തിന്റെ ഭാരം താങ്ങാനാവാതെയാവാം എന്നോര്‍ക്കാന്‍ പോലും ചുറ്റുമുള്ള മുതിര്‍ന്ന മനസ്സുകള്‍ മിനക്കെടുന്നില്ല. കുഞ്ഞിന്റെ വളര്‍ന്നു തുടങ്ങിയ അബോധമനസ്സില്‍ അത് ഒരു ദുസ്വപ്നമായി പതിയുന്നുമുണ്ട്.

ചുറ്റും നടക്കുന്നതിനെ കുഞ്ഞുങ്ങള്‍ വ്യാഖ്യാനിക്കുന്ന രീതി പലപ്പോഴും വിചിത്രമാണ്. വൈചിത്രമുള്ള മറ്റെന്തിനെയും പോലെ സങ്കീര്‍ണ്ണവും, മൌലീകവുമാണ് അവരുടെ സംശയങ്ങള്‍. ഉമചേച്ചിയെ തോടുന്ന പലരും പല ഉദ്ധേശമുള്ളവരാണ് എന്നത് ഉണ്ണിമാലാഖക്ക് ദഹിക്കാത്തതും അതു കൊണ്ടു തന്നെ. അവനില്‍ ആരോപിക്കപ്പെട്ടിട്ടുള്ള രക്ഷകപരിവേഷം പാകമല്ലാത്ത ഉടുപ്പുപോലെ താങ്ങി നടക്കുകയാണ് അവന്‍. അവനറിയാവുന്ന പരിധിക്കുള്ളില്‍ എല്ലാവരും ഒന്നുകില്‍ നല്ലവര്‍ അല്ലെങ്കില്‍ ചീത്ത. അതിലപ്പുറം ഒരു സാധ്യതയെക്കുറിച്ചോര്‍ക്കാന്‍ യുക്തിചിന്തയുടെ വഴിതെളിഞ്ഞിട്ടില്ല അവന്. ഏതു സിനിമ കാണുമ്പോഴും വഴക്കിടുന്നവരെക്കണ്ടാല്‍ "അയാളു കള്ളനാണോ അമ്മെ" എന്ന് ചോദിക്കാറുണ്ട് എന്റെ മൂന്നുവയസ്സുകാരന്‍. ദേഷ്യപ്പെടുന്നതു തെറ്റാണെങ്കില്‍, കള്ളത്തരം ചെയ്യുന്നതും
തെറ്റാണെങ്കില്‍ ഇതു രണ്ടും ഒരെ തെറ്റ് എന്ന അവന്റെ ചിന്തയുടെ ആഴം എന്നെ അല്‍ഭുതപ്പെടുത്തുന്നു. സങ്കീര്‍ണ്ണമായ സമൂഹ മൊറാലിറ്റിയുടെ ഉത്തരമില്ലാചോദ്യങ്ങള്‍ക്കൊക്കെ ആദിമനസ്സില്‍ നന്മയുടെ ഉത്തരം ഉണ്ടാവാം എന്ന് വിശ്വസിക്കാന്‍ പോലും ചിലപ്പോള്‍ ഇത് പ്രേരണയാവുന്നു.

ഉണ്ണിമാലാഖ വളരുന്നത് നോട്ടങ്ങളുടെ കടന്നുകയറ്റങ്ങളിലൂടെയാണ്. നോട്ടങ്ങളുടെ ഒരു ശ്രേണി തീര്‍ത്ത് ഉണ്ണിയെ അതിലൂടെ പതുക്കെ പിടിച്ചുകയറ്റുകയാണ് കഥ. നോട്ടങ്ങള്‍ പലതാണ്. എല്ലാ സ്ത്രീകളും അമ്മമാരെന്ന കുഞ്ഞുവീക്ഷണത്തില്‍ നിന്ന് മാലാഖയുടുപ്പുകള്‍ അഴിച്ചുമാറ്റുന്ന അപ്പയുടെ നോട്ടത്തിലേക്കുള്ള അകലം സങ്കല്‍പ്പിക്കാവുന്നതേയുള്ളു. രക്ഷാകര്‍ത്താവിന്റെ (റ്റോം സര്‍) കള്ളന്റെ (റ്റാറ്റൂ അങ്കിള്‍) ഒളിഞ്ഞുനോട്ടക്കാരന്റെ (ഫ്രാന്‍സിസ് അങ്കില്‍. ഉണ്ണിക്കുള്ള ചോക്കലേറ്റുകൂടി അയാള്‍ ഉമയ്ക്കാണ് കൊടുക്കുന്നതെന്ന് ഉണ്ണി ശ്രദ്ധിക്കുന്നു, തുടര്‍ന്ന് ആ നോട്ടത്തിലേക്ക് ചൂഴ്ന്നിറങ്ങാന്‍ മാലാഖയ്ക്കു ചാരു മിസ്സ് അല്പം മുടി വെച്ചു തന്നെങ്കില്‍ എന്ന ആത്മഗതവും) നോട്ടങ്ങളിലൂടെ വളര്‍ന്ന് ദൃഷ്ടിയുടെ ലിംഗപരമായ വ്യത്യാസങ്ങള്‍ അവനില്‍ ഉണര്‍ന്നു തുടങ്ങുന്നു. പക്ഷെ എന്നിട്ടും അവനു പിടികിട്ടാത്ത നോട്ടമാണ് ഉടയവന്റെ ഉടുപ്പണിഞ്ഞെത്തുന്ന അപ്പയുടേത്. കുറച്ചുകൂടി മുതിര്‍ന്ന ചേച്ചിക്കും തിരിച്ചറിയാനാവുന്നില്ല ഈ നോട്ടത്തെ. ഇറുകിയവസ്ത്രത്തില്‍ മകള്‍ സ്വയം പ്രദര്‍ശിപ്പിക്കുന്നതിനെ സഹിക്കാനാവാത്ത അപ്പയുടെ ദൃഷ്ടിയില്‍ ചേച്ചി എങ്ങിനെയാണ് പതിയുന്നതെന്ന് മനസ്സിലാക്കാന്‍ മാലാഖമനസ്സിനു കഴിയുന്നില്ല. ഇതിനിടയിലാണ് അവന്റെ കാവല്‍-ജാഗ്രത ചേച്ചിക്കു മേല്‍ വേണമെന്ന് പറയുന്ന അമ്മയുടെ പരിഭ്രാന്തി. സ്ത്രൈണമായ ആ ദൃഷ്ടിയും അവനു പകര്‍ന്നുനല്‍കപ്പെടുന്നതാണ്. കാരണം ആ ജാഗ്രത അവന്റെ അമ്മയുടേതാണ്. ഇത്രയധികം ദൃഷ്ടികോണുകള്‍ ഒരേ സമയം ഉണ്ണിയുടെ കാഴ്ചയേ ആക്രമിക്കുന്നിടത്ത് മാലാഖ ചിറകുകള്‍ മറന്ന് അവന്‍ ഓടുന്ന ദൃശ്യം കഥയുടെ വിശാലമായ ഉള്‍ക്കാഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്നു.

മാലാഖയുടെ കഥ സ്പര്‍ശിക്കുന്ന മേഖലകള്‍ അനവധിയാണ്. ചേച്ചിയുടെ വളര്‍ച്ചക്ക് അവനെ കാവലാളാവാന്‍ ചട്ടം കെട്ടുന്ന പേരന്റ് തന്നെ, സ്കൂളില്‍ ഒരു മിത്തായും തമാശയായും ഒതുങ്ങുന്നത് നവപേരന്റിങ്ങിന്റെ തരംഗദൈര്‍ഘ്യത്തില്‍ രണ്ട് ധ്രുവങ്ങള്‍ ആവാം. കുടുംബമെന്ന യൂണിറ്റിന്റെ ഉള്ളിലെ നാടകങ്ങള്‍ കണ്ടു വളരുന്ന കുഞ്ഞു തന്നെ അതു പകരുന്ന സുരക്ഷയില്‍ ഒതുങ്ങുകയും അതിന്റെ അകക്കള്ളികളുടെ മറവില്‍ നടക്കുന്ന തലതിരിഞ്ഞ വേഴ്ച്ചകള്‍ കണ്ട് പകക്കുകയും ചെയ്യുന്നു എന്ന സൂചന മറ്റൊന്ന്. റ്റാറ്റു അങ്കിളിന്റെ തൊടല്‍ വെറുക്കേണ്ടതും, റ്റോം അങ്കിളിന്റേത് മോഹിക്കപ്പെടേണ്ടതും ആണെന്ന് അവന്‍ മനസ്സിലാക്കുന്നു. പക്ഷെ അപ്പായുടെ തൊടലില്‍ എന്തായിരിക്കും എന്ന് ഊഹിക്കാന്‍ അവന് ആകുന്നില്ല. അവന്റെ സംശയങ്ങള്‍ വളരും തോറും കുടുംബത്തില്‍ നിന്നു പകര്‍ന്നുകിട്ടിയ അറിവുകള്‍ ഒരു സാമുഹ്യബോധമായി ഉറക്കുന്നു. താന്‍ ആരുടെ പെറ്റ് ആണ് എന്നു സംശയിക്കുന്നിടത്ത് വ്യക്തി എന്ന നിലക്ക് അവന്റെ സ്വത്വബോധവും, നിലനില്‍പ്പും എല്ലാം വിഷയമാകുന്നു. ലിംഗപരമായ വ്യത്യാസങ്ങള്‍ ചേച്ചിയെ അകറ്റുന്നത് അവന്റെ മനസ്സില്‍ ഒരു ആത്മബോധവും, അന്യതാബോധവും വളരുന്നതു സൂചിപ്പിക്കുന്നു. വളര്‍ച്ച ഒരു തരത്തില്‍ മരണം തന്നെയായി പരിണമിക്കുന്നു. ബ്ലേക്കിന്റെ തന്നെ സോങ്സ് ഓഫ് എക്സ്പീരിയന്‍സ് കവിതകളില്‍ ഉള്ള നിഷ്കളങ്കതയുടെ അനിവാര്യമായ വളര്‍ച്ച, അനുഭവങ്ങളുടെ കനലില്‍ ചവിട്ടി വെളിപ്പെടേണ്ട ഒരു നന്മ, അതിലേക്കു പാകപ്പെടാനാവാതെ അഥവ പാകപ്പെടുമോ എന്ന് സംശയം ബാക്കിയാക്കി കഥയിലെ മാലാഖ പോകുന്നു

തനിക്കു കല്‍പ്പിക്കപ്പെട്ടിട്ടുള്ള റോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ അടിപതറി മാലാഖ സ്റ്റേജില്‍ നിന്നും പിന്‍വാങ്ങുകയാണ്. അവനു പറക്കാന്‍ ആ സ്റ്റേജ് തികയാതെ വരുന്നു. വീട് എന്ന കല്പിത പറുദീസക്കുള്ളിലും ഒതുങ്ങുന്നില്ല അവന്റെ ചിറകുകള്‍. പറക്കാന്‍ ഈ ഭൂമിയില്‍ ഇടം തികയാതെ മാലാഖ അറിവിന്റെ പരിധികള്‍ക്കപ്പുറം പറന്നു പോകുന്ന ഇടം മരണമോ വളര്‍ച്ചയോ, ഏതായാലും അനുഭവത്തില്‍ ഒന്നു തന്നെ.

ആണ്‍മ യിലെ കഥകള്‍ക്ക് പൊതുവേയുള്ള ശൈലിപരമായ സങ്കീര്‍ണ്ണത ഇല്ലാതെ വളരെ ലളിതമായും ഒതുക്കത്തിലും ആണ് രാജ് ഈ കഥ പറഞ്ഞുവച്ചിരിക്കുന്നത്. കഥപറയാനുള്ള ആവേശത്തോടെ കഥാകാരന്‍ പറയുന്ന കഥകളിലൊന്നാണ് മാലാഖയുടെ മരണം. എഴുത്തിനു എഴുത്തുകാരന്റേതല്ലാത്ത ഒരു ജീവന്‍ ഉണ്ട് എന്ന് ആമുഖത്തില്‍ തന്നെ പറഞ്ഞു വക്കുന്ന രാജിന്റെ കഥകളില്‍ ഇഷ്ടപ്പെട്ട ഒന്ന് എന്ന നിലക്ക് ഈ കഥ എന്നോട് സംവദിച്ചത് ഉണ്ണിമാലാഖയുടെ ഭാഷയില്‍ ആണ്. സര്‍ഗ്ഗാത്മപരമായി കഥാകാരനു കഥയോട് തോന്നുന്ന സാമീപ്യം വായനയില്‍ തികച്ചും വ്യത്യസ്തമായ തലത്തില്‍ ആവാം അനുഭവപ്പെടുക. എഴുത്ത് ഹൃദയസ്പര്‍ശിയാകുന്നത് അതു മനുഷ്യന്റെ സ്വപ്നങ്ങളോടും, കല്‍പ്പനകളോടും, ആകുലതകളോടും, ആഗ്രഹങ്ങളോടും ഒക്കെ ചേര്‍ന്നു നില്‍ക്കുന്നിടത്താണ് എന്നത് ഭാഷാന്തരങ്ങളിലൂടെ വിവിധ സാഹിത്യമാതൃകകളിലൂടെ ദൃശ്യമാകുന്ന കാര്യം. എഴുത്തിനും വായനക്കും പല രീതികളുമുണ്ടാവാം. വായനക്കാരെ എഴുത്തിലെ വാസ്തവത്തില്‍നിന്ന് അകറ്റി നിര്‍ത്തി ദൂരക്കാഴ്ച മാത്രം പകരുന്ന ഏലിയനേഷന്‍ രീതിയില്‍ എഴുതിയ കഥകളിലൊന്ന് തികച്ചും വ്യക്തിപരമായ വായനക്കും വഴങ്ങുന്നത് കഥ വായനക്കുള്ള സാധ്യതകള്‍ തുറന്നിടുന്നതു കൊണ്ടാണ്. സാഹിത്യത്തില്‍ സഹൃദയത്വം എന്നത് സ്ഥലകാല വിഭ്രമങ്ങള്‍ക്കപ്പുറമുള്ള ഒരു അതീന്ദ്രിയമായ അനുഭവമാണ് പലപ്പോഴും. രാജിന്റെ മാലാഖ എത്ര അന്യവല്‍ക്കരിക്കപ്പെട്ടിട്ടും സ്വന്തം ആകുലതകള്‍ വായനക്കാരിലേക്കു പകരുന്നതിനു കാരണം ഇതാവാം.

മാലാഖയുടെ മരണംഇവിടെ വായിക്കാം

12 comments:

Inji Pennu said...

എനിക്ക് തീ‍രെ ഇഷ്ടപ്പെടാഞ്ഞൊരു കഥയാണിത്. പക്ഷെ ശ്രീയുടെ അവലോകനം നന്നായിട്ടുണ്ട്. എന്നിട്ടും കഥ ഇപ്പോഴും ഇഷ്ടപ്പെട്ടില്ല.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ആണ്‍തൊടലുകളിലേക്കു നീളുന്ന അമ്മയുടെ സംശയക്കണ്ണ്‍; അതിനു ഹേതുവാകുന്ന സമൂഹത്തിന്‍റെ മൂല്യാപചയത്തിലേക്ക്‌അസ്സലായി വിരല്‍ചൂണ്ടുന്നുണ്ട്‌. അതു കുറിക്കു കൊള്ളുന്നുണ്ട്‌. നിഷ്ക്കളങ്കതയുടെ ചോദ്യങ്ങളിലൂടെ അതു വളര്‍ത്തിക്കൊണ്ടുവന്നതും നന്നായി. പക്ഷേ കുറച്ചു കൂടുതല്‍ പറഞ്ഞോ എന്നുസംശയം. (അതുമൂലം വായനക്കാര്‍ക്ക്‌ അവരുടേതായ `വായനാഅല്ലെങ്കില്‍ ആസ്വാദന സ്പേസ്‌' ഇല്ലാതായി എന്നു തോന്നി). എണ്റ്റെ മാത്രം തോന്നലാകാം. എന്നിരുന്നാലും വളരെ നല്ല കഥയാണ്‌.

ജ്യോനവന്‍ said...

ഇവിടെ ഉണ്ണിമാലാഖ കഥപറയാനുള്ളൊരു ഉപാധിമാത്രം; ഗൗരവമുള്ളൊരു വിഷയത്തെ സമീപനത്തിലെ വഴക്ക/വൈഭവം കൊണ്ട് ഒട്ടും പരുക്കനിടാതെ ശ്രീ രാജ് ഓരോ മനസിലേയ്ക്കും ചോദ്യങ്ങളിടുന്നുണ്ട്. നീ, നിന്റെ ചുറ്റും എന്ന വൈകാരികലോകം.
പലപ്പോഴും സാഹിത്യത്തിന്റെ ചുറ്റുമതിലിനുള്ളിള്‍ ഇത്തരം ചര്‍ച്ചകള്‍ ഒതുങ്ങിപ്പോകുന്നു
എന്നതിത് കഥകള്‍, അതിലേയ്ക്കുള്ള സാധ്യതകള്‍, തുടര്‍‌കാഴ്ച്ചകള്‍ ഇവ സാമൂഹികമായി എങ്ങനെ പ്രാധ്യാന്യമര്‍ഹിക്കുന്നു എന്ന് വിളിച്ചോതുന്നു.
ഒരു പെണ്‍കുട്ടിയുടെ വളര്‍ച്ചയെ അര്‍ഹിക്കുന്ന നിരീക്ഷണയുക്തിക്കകത്തുനിന്നു ഭയക്കുന്ന
ഒരു പശ്ചാത്തലം നമുക്കുണ്ടോ? ഒരു പ്രത്യേകമായ പ്രായത്തിനുള്ളില്‍ കൊള്ളിക്കാവുന്ന
ലൈംഗിക വീക്ഷണങ്ങള്‍ സാഹിത്യരൂപങ്ങളെ അത്രമേല്‍ അപകടകരമാക്കാറില്ല. എന്നാല്‍ പ്രായത്തിന്റെ തലങ്ങും വിലങ്ങുമുള്ള മിശ്രണത്തിലെ ലൈംഗികത, വിവാദങ്ങളെ കൊടുമ്പിരി കൊള്ളിക്കുന്ന തരത്തില്‍ ശക്തമാണ്. എന്നാല്‍ കഥ ഇവയെയൊക്കെ സാമര്‍ത്ഥ്യത്തോടെ മറികടക്കുന്നു. ചിലപ്പോള്‍ ഇങ്ങനെ, ഇങ്ങനെ തന്നെയെന്ന് അരക്കിട്ടുറപ്പിക്കുന്ന ചില നീറ്റലുകള്‍ ഏറെക്കാലം 'കുറ്റവും ശിക്ഷയും' ഒരു ബോധ്യമായതുപോലെ ആശ്വാസമായതുപോലെ, കഥാപാത്രങ്ങളെലെ ഓരോരുത്തരുടേയും ആത്മാംശങ്ങളിലേയ്ക്ക് എങ്ങനെ പാകപ്പെടാം, പക്വതപ്പെടാം എന്ന് കാട്ടിത്തരുന്നുണ്ട്.
രാജിന്റെ അമ്മക്കാഴ്ച്ചകളെക്കുറിച്ച്, അതിന്റെ അനിഷേധ്യമായ ചലനങ്ങലെക്കുറിച്ച് പ്രത്യേകം
പറയേണ്ടതില്ല.
ലേഖനത്തിന്റെ ഗൗരവം അതിലെ മാലാഖമാരുടെ, അതിലില്ലാത്ത മാലാഖമാരുടെ ഗൗരവമാണ്.
എല്ലാ ആശംസകളും.

Vishnuprasad R (Elf) said...

ഈ കഥയില്‍ ഇത്രയും ആശയങ്ങള്‍ അടങ്ങിയിരുന്നെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്

sree said...

ഡോണ്‍, നന്ദി. മനസ്സിരുത്തിവായിച്ചതിന് :)

ജ്യോനവന്‍, ലൈംഗികവീക്ഷണങ്ങള്‍ക്കുചുറ്റും എന്നല്ല എവിടെയും ചുറ്റുമതിലുകള്‍ ഭേദിക്കുമ്പോഴാണ് കഥക്ക് ശരിയായ നിരീക്ഷണയുക്തി കൈവരുന്നത്. പക്ഷെ കഥ ആസ്വാദകന്റെ മനസ്സിലൂടെ വേണം ബുദ്ധിയിലേക്ക് പ്രവേശിക്കാന്‍. പ്രായത്തിന്റെ ചട്ടക്കൂടുകളെ രാജിന്റെ കഥ ഭേദിക്കുന്നത് ഭാഷയിലുള്ള ഒരു ഇടപെടലില്ലായ്മ കൊണ്ടാണ്.കുഞ്ഞ് ഉപാധിയല്ല എന്ന് ഞാന്‍ എതിര്‍ത്തോട്ടെ. കുഞ്ഞിന്റെ വീക്ഷണമാണ് കഥയുടെ ജീവന്‍. മുതിര്‍ന്ന എഴുത്തുകാരന്‍ സ്വയം പരമാവധി തന്നെ അകറ്റിയിരിക്കുന്നു കഥയില്‍. ഇത്തരം അവസ്ഥയിലാണ് കഥക്ക് സ്വതന്ത്രമായ നിലപാട് കൈവരുന്നതും. അതുകൊണ്ടുതന്നെയാണ് രാജിന്റെ അമ്മക്കാഴ്ചകളുടെ ലോകം ഇവിടെ വായനയുടെ പരിധിയില്‍പ്പെടാത്തത്. മാലാഖമാര്‍, കഥയിലില്ലാത്ത മാലാഖമാര്‍ തന്നെയായിരുന്നു എന്റെ ഉന്നം. വളരെ നന്ദി.

ജിതേന്ദ്രാ, ലിറ്റെററി കണ്ടീഷണിങ്ങ് എന്ന ഒരു പെരുംഭൂതം ഉണ്ട്. എനിക്കുമറിയാം അവനെ. ആസ്വാദനത്തിനിടം തരാത്ത വില്ലന്‍. അല്ലെ? ;)

ഇഞ്ചിപ്പെണ്ണിന് കഥയേക്കാള്‍ എന്റെ വായന ഇഷ്ടമായത് എന്റെ ജയമോ തോല്‍വിയോ...കണ്‍ഫ്യൂഷന്‍ ആയി :)

ജ്യോനവന്‍ said...

കുഞ്ഞ് കഥയുടെ ജീവന്‍ എന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും കഥാകാരന്റെ പ്രതിരോധബുദ്ധിയായിട്ടായിരുന്നു അതിനെ ഞാന്‍ മനസിലാക്കിയിരുന്നത്. (എന്തിനോടുള്ളതെന്ന് ചോദിച്ച് കുഴക്കരുത്. മനസിനെക്കുറിച്ച് എനിക്ക് ഒരു ചുക്കും അറിയില്ല.) കഥയില്‍ നിന്നും എന്ത് നീക്കം ചെയ്യപ്പെട്ടാലാണ് അതിന്റെ 'ജീവന്‍', വേണ്ട അതിന്റെ നട്ടെല്ലൂരിപ്പോവുകയെന്ന് എന്റെ പൊട്ടബുദ്ധിക്ക് ആലോചിച്ചുനോക്കി. അതുകൊണ്ടു മാത്രമാണ് ലേഖനം വായിച്ച ശേഷവും കഥയുടെ കീഴെ കത്തിനിന്നിരുന്ന ചര്‍ച്ച കണ്ടിരുന്നിട്ടും 'ഉപാധി' എന്നൊരു വാക്ക് കണ്ടെടുക്കേണ്ടി വന്നത്. ലേഖനത്തിന്റെ ഉദ്ദേശ്യം കഥയിലെ കുഞ്ഞിന്റെ ജീവനായാലും മരണത്തിനായാലും തിളക്കം കൂട്ടുക എന്നതായി തോന്നിപ്പോയി. അല്ലെങ്കിലും 'ലക്‌ഷ്യ'മല്ല 'മാര്‍ഗ'മാണ് പ്രധാനമെന്ന ഭൂലോകസത്യം ഇതോടുകൂടി അംഗീകരിക്കേണ്ടി വരുന്നു.
തോറ്റു പിന്മാറുകയാണ്. ഇനിയും എതിര്‍ക്കുകയെന്നാല്‍ പിടിച്ചു നില്ക്കാനാവില്ല. :)
വളരെയധികം നന്ദി.

ഓഫ്:- ഈ ലിറ്റെററി കണ്ടീഷണിങ്ങ് എന്ന പെരുംവര്‍ത്തമാനത്തെക്കുറിച്ചും എനിക്കൊന്നുമറിയില്ല.
പറഞ്ഞുതരാന്‍ സൗകര്യപ്പെടുമെങ്കില്‍ കേള്‍ക്കാമായിരുന്നു. അറിയാത്ത പിള്ളേടെ ഓരോരോ
കൊതികള്‍.

sree said...

ജ്യോനവന്‍

മാപ്പ്..മാപ്പ്..ഒരു അടുക്കുംചിട്ടയും ഇല്ലാത്തതാണെ എന്റെ വായനയും എഴുത്തും. ഉന്നം വെച്ചയിടത്തു തന്നെ കൊണ്ടു എന്ന യാതൊരു അഹങ്കാരവും ഇല്ല. തികഞ്ഞ അക്കാഡമിക് പ്രതിബദ്ധതയോടെ ബ്ലോഗില്‍ ലേഖനങ്ങളെഴുതുന്ന എല്ലാവരില്‍ നിന്നും മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടതാണ് ഞാന്‍.സാഹിത്യം മനസ്സില്‍ ഭക്തി പോലെയും രക്തത്തില്‍ പ്രേമം പോലെയും ഉണ്ടെന്നല്ലാതെ ബുദ്ധിയിലേക്ക് കയറിയിട്ടില്ലാ ഇതുവരെ.അതുകൊണ്ടുതന്നെ തര്‍ക്കിക്കാനുള്ളതൊന്നും കയ്യിലീല്ലാ എന്നര്‍ത്ഥം. ചര്‍ച്ച ഇഷ്ടമാണ്. തിരുത്താനും പഠിക്കാനും തമ്മിലറിയാനും ഒക്കെ വേണ്ടി മാത്രം. ജയിക്കാനോ തോല്‍ക്കാനോ അല്ലേ...

ശരിയാണ്. ലേഖനത്തില്‍ കുഞ്ഞിന്റെ ജീവനും മരണവും കാഴചയും മുറ്റിന്നില്‍ക്കുന്നുണ്ട്. കഥ എന്നോടു സംവദിച്ചത് ആ ഭാഷയിലാണ് എന്നു ഞാന്‍ പറഞ്ഞുവല്ലോ. ലക്ഷ്യവും..മാര്‍ഗ്ഗവും..വലിയ വിഷയങ്ങളാണ് അതൊക്കെ. എനിക്കുമറിയില്ല. അറിയാനുള്ള ഓരോ ശ്രമവും പഴയ ഒരു അറിവിന്റെ മരണമാണെന്ന് തോന്നാറുണ്ട് ചിലപ്പോള്‍. വളര്‍ച്ചയെന്ന് അതിനെ വിളിക്കാന്‍ ധൈര്യമില്ല.
അങ്ങിനെയൊക്കെ തന്നെയാവും മാലാഖമാരും മരിക്കുന്നത് അല്ലെ?

ഓഫ്: കണ്ടീഷന്‍ഡ് ആവുന്ന/ആയവരെക്കാള്‍ എളുപ്പം ആ ചതുപ്പ് തിരിച്ചറിയും ചില ഭാഗ്യവാന്മാര്‍ :) ഒരു ചുവന്ന പൂവുകണ്ടാല്‍ അത് എന്തിന്റ്റെയൊക്കെ സൂചനയാവാം എന്നോര്‍ത്ത് അതിന്റെ visual, auditory, tactile, olfactory, kinesthetic എന്നുവേണ്ട political സൂചനകള്‍ വരെ അന്വേഷിച്ച് പോകേണ്ട ഗതികേട്. ഉള്ളില്‍ അതിന്റെ കൂമ്പിയ ഇതളുകള്‍ ഉണ്ടാക്കിയ ചലനങ്ങള്‍ ചികഞ്ഞെടുക്കേണ്ടി വരുന്ന നിസ്സഹായത!

രാജ് said...

@comment tracking

ജ്യോനവന്‍ said...

ചുരുക്കത്തില്‍ കഥ/ നല്ലൊരു കഥ എന്നുതന്നെ. ഉണ്ണിമാലാഖയുടെ നിലനില്പ് കഥയ്ക്ക്
നല്‍‍കുന്ന നിഷ്കളങ്കഭാവം സത്യമാണ്. എത്രത്തോളം എടുത്തുപറയേണ്ടതാണെന്നു മാത്രം!
അങ്ങനെ മുള്ളും മുരടും കിഴിച്ചുനോക്കിയിട്ട് എങ്ങുമെത്തിയില്ല. ‘മാപ്പ്’ ഞാന് പറയണം.
എങ്കിലും(?) കഥ അതിന്റെ സത്തയോടെ നിലനില്‍ക്കുമോ എന്നറിയാന് എന്തെല്ലാം
മണ്ടത്തരങ്ങള് ചെയ്തു (ഞാന്‍!). ഉണ്ണിയെ ഉണ്ണിമോളുവാക്കി, ചേച്ചിക്കു ചേച്ചിയാക്കി, ജേഷ്ഠനാക്കി, അരുമക്കിളിയാക്കി, വളര്‍ത്തുനായയാക്കി (ഇത്തിരി മാജിക്കല് കലര്‍ത്തി) . എന്നുവരികിലും പെണ്‍കുട്ടിമാലാഖയെ അവിടെ നിലനിര്‍ത്തണമെന്നു തോന്നി.
ഹോ! എന്റെ പിഴവ് തിരിച്ചറിഞ്ഞു.
ഉണ്ണീമാലാഖയെ ഡിലീറ്റ് ചെയ്ത് കയറിയതാണ്. ഒരു ബാറിലായിയിന്നു. സ്വപ്നം കണ്ടു.
ചിറകുകള് കിട്ടി. ബൈക്കില് യാത്ര ചെയ്തു. പറന്നു. ശുഭം. കഥയപ്പോള്‍ ഫ്ലാഷ് ബാക്കിലായിരുന്നു.

(ഓഫ്:- നന്ദിയുണ്ട് ടീച്ചര്‍, പറഞ്ഞുതന്ന കാര്യങ്ങള്‍ക്ക്.)
(അക്കാഡമിക്ക് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യം ചിരിവരും......പിന്നെപ്പിന്നെ....
അതോണ്ട്. :) )

sree said...

ജ്യോനവന്‍

കമ്മെന്റ് കവിത...കിനിഞ്ഞിറങ്ങി മനസ്സിലേക്ക്, മഴക്കാലത്ത് പുരചോരുന്നതു പോലെ ഞാനിപ്പം അതും നോക്കിയിരിപ്പാ...
ആണ്മാലാഖയും പെണ്മാലാഖയും, വളര്‍ത്തുനായയും,...ഞാന്‍ കണ്ടില്ല അവരെ, കണ്ടത് മാലാഖയെമാത്രം. ചേച്ചിമാലാഖമാര്‍ക്ക് മുഖം നഷ്ടപ്പെടുന്നത് (വേദനയാണത്, എന്നാലും) ഇതിലും ക്രൂരമാണത്..ഒരു കഥയിലോ കവിതയിലോ നിറഞ്ഞ് തൂവട്ടെ ആ സ്വപ്നം..

ഓഫ്: ടീച്ചര്‍ എന്നുള്ള ആ വിളിയൊഴിച്ച് എല്ലാം വാങ്ങിവച്ചു ട്ടോ..അക്കാഡമിക്ക് എന്നത്...ചീഞ്ഞ തമാശ തന്നെ!

Siji vyloppilly said...

എപ്പോഴും ഏറെ തെറ്റിദ്ധരിച്ച്‌ വായിക്കപ്പെടുന്ന രാജിന്റെ കഥകള്‍ക്ക്‌ ഓരോ വായനക്കാരും അവരുടെ യുക്തിക്കനുസരിച്ചുള്ള കണ്ടെത്തലുകള്‍ കൊണ്ട്‌ തൃപ്തിപ്പെടാറാണു പതിവ്‌. അതില്‍ നിന്നും ഏറെ വ്യത്യസ്തമായി എല്ലാവായനക്കാര്‍ക്കും ഏകമാനമായ ഒരു വായനാനുഭവം കാഴ്ച്ചവെച്ച കഥയെന്നനിലയ്കും അമിതമായ വൈകാരികത നിറയ്ക്കാതെ ഈയൊരു വിഷയത്തെ കൈകാര്യം ചെയതതും അത്ഭുതപ്പെടുത്തിയിരുന്നു.
ഇത്രയും നല്ലൊരു പഠനം കഥക്കു കിട്ടുക എന്നത്‌ ഭാഗ്യം തന്നെ.

Sureshkumar Punjhayil said...

Good Work, Best Wishes...!!!